Sunday, March 31, 2013

വിളര്‍ത്ത ചിരികള്‍



വിരഹികള്‍
ചിരിക്കാറുള്ള
വിളര്‍ത്ത ചിരികളില്‍
നിലാവ് അപ്രത്യക്ഷമാവാമ്പോഴാണ്
നഷ്ടാനുരാഗികളുടെ
ആത്മാക്കള്‍
വിരഹികളെ തേടി
കടല്‍ കടന്നെത്തുന്നത്
കഴുമരചുവട്ടിലെ
വെപ്രാളമായിരിക്കും
അവരുടെ മുഖത്തപ്പോള്‍..

ഭയത്തിന്റെയും മൗനത്തിന്റെയും
പര്‍വതങ്ങള്‍ക്കിടയിലെ
കറുത്ത ഗുഹയിലാണ്
വിരഹികളും ആത്മാക്കളും
സംഗമിക്കുന്നതു .

ആ  രാത്രികളില്‍
പവിഴ ദ്വീപിന്റെ
പ്രണയ വഞ്ചനയില്‍
ജീവനൊടുക്കിയ
കൂറ്റന്‍ തിരമാലകളുടെ
ചീഞ്ഞളിഞ്ഞ ശവങ്ങള്‍
കൊത്തിപ്പറിക്കാന്‍
കാക്കകളും കഴുകന്മാരും
വന്നു ചേരും ..

സൂര്യോദയത്തിന്റെ
അരനാഴിക മുന്‍പ്‌
ഒരു കാറ്റിന്റെ
വാലില്‍ പടര്‍ന്ന
തീനാളങ്ങള്‍
ഭയത്തിന്റെയും മൗനത്തിന്റെയും
പര്‍വതങ്ങള്‍ക്കിടയിലെ
കറുത്ത ഗുഹയെ
വിഴുങ്ങും ..

പതിവ് പോലെ
സൂര്യനുദിക്കുകയും
വാലും തലയുമില്ലാത്ത
ജീവികള്‍
വൃക്ഷശിഖരങ്ങളിലിരുന്ന്
പ്രണയ കവിതകള്‍
എഴുതി താഴെക്കെറിഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും .

അപ്പോഴും
ഉമ്മ വെച്ച്
തളര്‍ന്ന
വൃദ്ധനും വൃദ്ധയും
പ്രേമത്തിന്റെ പേരില്‍
റോഡരികില്‍
ഉറക്കെ
കലഹിച്ചു കൊണ്ടിരിക്കുന്നുണ്ടാവും




1 comment:

  1. ഭയത്തിന്റെയും മൗനത്തിന്റെയും
    പര്‍വതങ്ങള്‍ക്കിടയിലെ
    കറുത്ത ഗുഹയില്‍
    വിരഹിയും
    ആത്മാവും ചേര്‍ന്നിരുന്നു ..

    നല്ല വരിക്കള്‍

    ReplyDelete