Thursday, November 21, 2013

ഗാഡചുംബനം

അറിഞ്ഞില്ലന്നോ ?
ഒരു ഗാഡചുംബനം 
തണുത്ത കാറ്റിന്റെ 
ചിറകില്‍ നിന്നും 
അധരങ്ങളില്‍ വീണലിഞ്ഞു 
ഉമിനീരിന്റെ 
നൂല്‍ പാലങ്ങളിലൂടെ 
നൃത്തം ചെയ്തിട്ടും 
നീ അറിഞ്ഞില്ലന്നോ ? 
വെറുതെയല്ല ..
മലര്‍ന്നു കിടന്നു നീയിങ്ങിനെ 
നെല്ല് കൊറിക്കുന്നതു...
യാതൊന്നും അറിയാത്ത പോലെ ..!



ജഹനാരാ...

ജഹനാരാ 

ഓ ..സാഹിബാ ...
ആഗ്ര കോട്ടയുടെ ചുവരുകളില്‍ 
കവിത കോറിയിട്ട പെണ്ണെ ..
ബീഗത്തിന്റെഎത്രാമത്തെ 
പുനര്‍ജന്‍മമാണ് ഇത് ?

ഞാനിപ്പോഴും
ഔറം ഗസീബിന്റെ വാള്‍ മുനയിലെ
രക്ത പങ്കിലമായ
സ്മൃതികളില്‍
പുളയുകയാണ് ..

ജഹ്നാരാ ....
നിന്റെ ദര്‍ബാറില്‍
ഞാന്‍ ഗളഛെദം ചെയ്യപ്പെടുമ്പോള്‍
ചുംബനങ്ങളുടെ
ചുണ്ടകലങ്ങളിലായിരുന്നു
നമ്മളിരുവരും

പ്രാണന്റെ നിലക്കാത്ത
പിടച്ചിലിനിടയിലും
ഞാനിതാ..
അറുത്തെടുത്ത വിരല് കൊണ്ട്
നിന്നോടുള്ള പ്രണയമെഴുതി
സായൂജ്യമടയുന്നു

ഓ ..ബീഗം സാഹിബാ ..
അവിടെത്തെ
പള്ളിയുറക്കങ്ങളില്‍
ചുവന്ന പൂക്കളായി വിരിയുന്ന
സ്വോപ്നങ്ങളൊക്കെയും
എന്റെ ചങ്കിലെ ചോര
കൊണ്ടെഴുതിയ പ്രണയ
കാവ്യങ്ങളാണ് .

പ്രിയപെട്ടവളെ ,
ഒരൊറ്റ ചുംബനം കൊണ്ടന്നെ
ഒപ്പിയെടുക്കൂ ...
ഈ വാള്‍ തലപ്പില്‍ നിന്നന്നെ
മോചിപ്പിക്കൂ ..

*ഹിസ്‌ ഹൈനസ് ജഹനാര (ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുത്രി .മുഗള്‍ സാമ്രാജ്യത്തിലെ പ്രഥമ വനിത ,പാണ്ഡിത്യം കൊണ്ടും സൌന്ദര്യം കൊണ്ടും ലോകത്തെ അതിശയിപ്പിച്ച രാജകുമാരി )അവരെ ഗാഡമായി പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ദുലെറിന്റെ പക്ഷത് നിന്ന് കൊണ്ട് ..........

തീവണ്ടി


ഷൊര്‍ണൂര്‍
റയില്‍വേ സ്റ്റേഷനില്‍ 
വെച്ചായിരിക്കും
നമ്മളാദ്യമായി
കണ്ടുമുട്ടുന്നത്
പട്ടാമ്പിയിലോ
കുറ്റിപ്പുറത്തോ
വെച്ചായാലും കുഴപ്പമില്ല
പെരിന്തല്‍മണ്ണ
കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍
വെച്ചാവരുതെന്നു
എനിക്ക്
നിര്‍ബന്ധമുണ്ട് .
ഒരു കെ എസ് ആര്‍ ടി സി
ബസ്സിന്റെ ബേ..
എന്ന ഹോണില്‍
എനിക്കുണരാനെ
കഴിയില്ല
നിന്നെ
ഓര്‍ക്കുമ്പോഴൊക്കെ ,
എന്റെ നെഞ്ചിനുള്ളിൽ
ചൂളം വിളിച്ചു ,
കൂവിയര്‍ത്തു
കുതിച്ചു വരുന്ന
രണ്ടു തീവണ്ടികള്‍
കിതപ്പോടെ കെട്ടിപിടിക്കുകയും
ആസക്തിയോടെ
ഉമ്മ വെക്കുകയും ചെയ്യുന്നുണ്ട്
ആയതിനാൽ
ഷൊര്‍ണൂര്‍
റയില്‍വേ സ്റ്റേഷനില്‍
വെച്ചായിരിക്കും
നമ്മളാദ്യം കണ്ടു മുട്ടുന്നത് .!

കുളിമുറിയില്‍

കുളിമുറിയില്‍

ഇടയ്ക്കു ഷവറില്‍ 
നിന്ന് 
ഇരുട്ട് പെയ്തിറങ്ങും 
നനഞ്ഞ ഇരുട്ടിനു 
ചുടുചോരയുടെ ഗന്ധമാണ്

ഇരുട്ട് നനഞ്ഞു,നനഞ്ഞു 
കണ്ണുകളില്‍ 
രാത്രിയാവുമ്പോള്‍
ഓര്‍മകളില്‍ സര്‍പ്പങ്ങള്‍
ഇഴയാന്‍ തുടങ്ങും

അപ്പോള്‍
ചുവരില്‍
നിന്ന് അരൂപികള്‍
അട്ടഹസിക്കുകയും
പുറകില്‍ നിന്നും .
ആരോക്കയോ
മൂര്‍ദ്ദാവില്‍
ഇരുമ്പ് ദണ്ഡ് കൊണ്ട്
ആഞ്ഞു പ്രഹരിച്ചു
കൊണ്ടിരിക്കുകയും ചെയ്യും ..

നിലവിളികള്‍
പൂച്ച കുഞ്ഞുങ്ങളായി
അനക്കമുണ്ടാക്കാതെ
നാവില്‍ തന്നെ പമ്മിയിരിക്കും

വാരിയെല്ലുകള്‍ക്കിടയില്‍
ലോഹ സ്പര്‍ശത്തിന്റെ
വൈദ്യുത് പരവാഹം
കണ്ണിലും മൂകിലും
നിറയെ പൂഴിമണ്ണ്

ടും ടും ..
ഇക്കാ ഓഫീസില്‍
പോണ്ടേ ..ഖാലിദ്‌
ങേ ..ഹാ ...!

കുളിമുറിയില്‍
വീണ്ടും സൂര്യനുദിക്കുന്നു
ഷവറിനു താഴെ ..
കയ്യില്‍ പിടിച്ച
സോപ്പുമായി
കുറച്ചു നേരം
വെയില്‍ കാഞ്ഞുനില്‍ക്കും .

ധൃതിയില്‍
ഉടുത്തൊരുങ്ങി പുറപ്പെടുമ്പോള്‍
വീട്ടാന്‍ ബാക്കിയുള്ള
കടങ്ങളുടെ
പെരുക്കപട്ടികയില്‍
മാല്ബോരോ പുകച്ചു
ഒരിക്കല്‍ കൂടി 

തലമുറകള്‍



ഉപ്പാ ..
ഉം ..
you have to change,
change your attitudes 
ങേ ..
ഞാന്‍ പറയുന്നത് ..
ഹും ...പറ 
പറഞ്ഞാല്‍ ഇഷ്ടപ്പെടില്ലന്നു അറിയാം ..
ന്നാലും ...പറയാതെ വയ്യ .
റൂമില്‍ അല്ലങ്കില്‍ കാറില്‍.. ഇങ്ങിനെ പോരാ ..
ആളുകളുമായി കുറച്ചു കൂടി
മിഗ്ലാവാന്‍ ശ്രമിക്കണം ..!

ഹും .....ശ്രമിക്കാം ...!!

ഇവിടെയിങ്ങിനെ ചടഞ്ഞിരിക്കാതെ..!

ഓക്കേ ..നോക്കാന്നു പറഞ്ഞില്ലേ ..!!

മോനു ,
ഞാന്‍ താടീ നീട്ടി വളര്‍ത്താം
തലയില്‍ തലപ്പാവ്‌ അണിയാം
മെതിയടി ചവിട്ടി നടക്കാം ..
എണ്ണയും കുഴമ്പും തേച്ചു കുളിക്കാം
അഞ്ചു നേരം പള്ളിയില്‍ ഹാജര്‍ അറിയിക്കാം ...
വെളുത്ത ഫുള്‍ കൈ ഷര്‍ട്ട്ധ രിച്ചു
എപ്പോഴും എല്ലാവരോടും വെളുക്കെ ചിരിച്ചു നടക്കാം ...
ഇത്രയൊക്കെ പോരെ മക്കളെ ..?
ചെയ്തേക്കാം ..!

ഉപ്പാ ...please ....enough
it s too much
അതാണോ ഞാന്‍ പറഞ്ഞത് ...?

ഓക്കേ ഓക്കേ അത് വിടൂ .
നിങ്ങള്‍ കഴിക്കു ..
ഞാന്‍ മതിയാക്കുന്നു ...

വാഷ്‌ ബേസിലെ
കണ്ണാടിയില്‍ ഖാന്‍ സാഹിബ്‌...
രൂക്ഷമായ നോട്ടവും
പരിഹാസവും ..
ഇപ്പം എന്തായി ..?
ന്റെ മക്കള്‍ക്ക്‌ പോലും മനസ്സിലാവുന്നു
നിന്നെ ഒന്നിനും കൊള്ളില്ലന്നു
കേട്ടു പരിചയിച്ച ശാപ വചസ്സുകളുടെ
മറ്റൊരു വേര്‍ഷന്‍ ..!

നിറഞ്ഞ കണ്ണുകളെ
ഒളിപ്പിക്കാന്‍
ഇളിഞ്ഞു പോയ മുഖം
വീണ്ടും വീണ്ടും
കഴുകി കൊണ്ടിരുന്നു ..

പുറകില്‍ മക്കളുടെ
കാല്‍ പെരുമാറ്റം .

ഉപ്പ ..
i am sorry
ഞാനതല്ല ഉദ്ദേശിച്ചത് ..

it s OK ..
ആര് ചോദിച്ചാലും
എന്റെ മക്കളാണന്നു
ആരോടും പറയേണ്ട കാര്യമില്ല
ചോദിക്കുന്നവരോട് .
വല്ലിപ്പാന്റെ ..
പേരകുട്ടികളാണന്നു മാത്രം പറഞ്ഞാ മതി..
OK ..?

പുറകില്‍ മുഫി മോള്‍ ..
മീന്‍ പിടിക്കാന്‍ പോവുമ്പോ ന്നെ കൊണ്ടോവോ മൂത്താപ്പ ..?
പിന്നെല്ലാതെ ...
ഒരുമ്മ തന്നെ .....!

മോനു....
May be I am not an important person in your life.
But one day when you hear my name you would just smile and say, my father was right person.That s enough for me...

റിയാസ്‌ ,
വണ്ടി എടുക്കൂ ..
ഇന്ന് ചാലിയം ...
മുഫീ...കേറു..!

തിരികെ തരൂ

ഒന്നും പറയാതെ 
വാരിയെല്ലില്‍ നിന്ന് 
പടിയിറങ്ങിപോയതല്ലേ .. 
ഇപ്പോഴെങ്കിലും 
എനിക്കെന്നെ 
തിരച്ചേല്‍പ്പിച്ചു കൂടെ ..!

കോര്‍ണര്‍ കിക്ക്‌

വലത്തേ കോര്‍ണറില്‍ 
നിന്നു 
ഗോള്‍വരക്കു 
സമാന്തരമായി പന്തുയര്‍ത്തി 
തന്ന കളിക്കാരാ ..
മൈതാനത്തിനു പുറത്തു 
തെരുവ് പിള്ളേര്‍ 
തട്ടി കളിക്കുന്നത് 
എന്റെ ശിരസ്സാണന്നു നിനക്ക് അറിയില്ലേ .

ഞാനെന്തു ചെയ്യും ?


ഞാനെന്തു ചെയ്യും ?

നിനക്ക് വേണമെങ്കില്‍
അതെയോ എന്നു നിസ്സംഗയാവാം ,
ഹോ ..എന്നതിശയിക്കാം ..
ഛെ .. എന്നലോസരപ്പെടാം
ങേ എന്നു അത്ഞ്ഞത നടിക്കാം .
ഉം ..സമ്മതിക്കാം ..
എന്നിട്ട്
ഒന്നുമറിയാത്ത പോലെ ചുവരിനോട്
ചേര്‍ന്ന് കണ്ണ് പൂട്ടി കിടന്നു
കൊണ്ടെന്നെ നിരീക്ഷിക്കാം ..

പക്ഷെ ഞാനെന്തു ചെയ്യും ?

നിന്റെ കട്ടിലിനു താഴെനിന്നു
ഒരല്പം
ഇരുട്ട് വാരിപ്പുതച്ചു
ഇനിയെങ്ങോട്ടെന്നറിയാതെ
വഴിയറിയാതെ നില്‍ക്കുകയാണ്

നിനക്ക് വേണമെങ്കില്‍
ത്ഫൂ ആട്ടിയിറക്കാം
തലയില്‍ കൈ വെച്ച്
ഗതികേടിലാവാം ..
വെട്ടിതിരിഞ്ഞു
അനിഷ്ടമറിയിക്കാം ..

പക്ഷെ ഞാനെന്തു ചെയ്യും ?

നിന്റെ ഓര്‍മകള്‍ക്ക്
പുറകിലെ
ഒരാള്‍ക്ക്‌ മാത്രമായിടുങ്ങി
മുള്ള് വേലികളൂരുമ്മി-
ക്കടന്നു പോകുന്ന ഇടവഴിയിലൂടെ
തല താഴ്ത്തി
ഇടയ്ക്കിടെ തിരിഞ്ഞു നോക്കി
വിങ്ങിപൊട്ടി ...

നീലക്കാര്‍

പതിവ് പോലെ
ഈ രാത്രിയിലും 
നിന്റെ വീടിരിക്കുന്ന
നഗരത്തിലൂടെ
കാറോടിക്കുകയാണ് .
നമ്മൾ
പരിചയപ്പെടുന്നതിനു
മുന്‍പ്‌,
എനിക്കൊട്ടും
പ്രിയപ്പെട്ടതായിരുന്നില്ല
ഈ നഗരം .
പക്ഷെ ഇപ്പോൾ .
ഈ നഗരത്തിനു
നിന്റെ മണമാണ്
ലോകത്തിലെ ഏറ്റവും
പ്രിയപ്പെട്ട നഗരമിതാണ്
പറയാതെപോയ
വാക്കുകളുടെ
നിഴലുകളുമാണ്
ഈ നീല കാറിലെനിക്ക് കൂട്ട്
.
ഒരിക്കലെങ്കിലും
ഈ കാറിനു കുറകെ
നീ പ്രത്യക്ഷപ്പെടാതിരിക്കില്ല
എന്നും നേരം
പുലരുന്നത് വരെ
നിന്റെ നഗരത്തിലൂടെ
കാറോടിച്ചു ,കാറോടിച്ചു
എനിക്കീ നഗരത്തിന്റെ
മുക്കും മൂലയും
ഹൃദ്യസ്ഥമായിരിക്കുന്നു.
എന്നിട്ടും
നീയുറങ്ങുന്ന വീട്ടിലേക്കുള്ള
വഴിയറിയാതെ
ഞാനെന്നും
കാറോടിക്കുകയാണ് .!

ഇടംകോലുകള്‍



സംസാരിച്ചു
നില്‍ക്കുന്നതിനിടയില്‍,
വണ്ടി ഓടിക്കുന്നതിനിടയില്‍,
അല്ലങ്കില്‍
വായിക്കുന്നതിന്ടയില്‍
അതുമല്ലങ്കില്‍
കമ്പനിയുടെ വാരാന്ത മീറ്റിങ്ങിനിടയില്‍
വെച്ചായിരിക്കും ചിന്തകള്‍
കുതറിയോടി
വായില്‍ മൗനം
നിറഞ്ഞു നാണക്കേടിലാവുന്നത്..

പറഞ്ഞു വരുന്ന
കാര്യങ്ങളില്‍ നിന്ന് ,ചെയ്തു പോരുന്ന
കര്‍മ്മങ്ങളില്‍ നിന്ന്
ഏതോ
വറ്റിവരണ്ട ആഴക്കിണറിനടിയിലേക്ക്
ആരാണ് എന്നെ വലിച്ചു
കൊണ്ട് പോവുന്നത് ?

മറ്റു ചിലപ്പോള്‍
ഇക്കാ ...
എന്ന് ആരോ
ഉപ്പാ എന്ന് മകന്‍
അവളുടെയൊരു മിസ്സ്‌ കാള്‍,
കേട്ടതായി തോന്നും
അവരുമായി
സൊറപറഞ്ഞു വരുമ്പോഴേക്കും
മീറ്റിംഗ് ഹാളില്‍
അടക്കിപ്പിടിച്ച പരിഹാസച്ചിരി ..

ഞാനെവിടെയാണ്
നിര്‍ത്തിയത് ?
എന്താണ് പറഞ്ഞു വന്നത് ?
എന്താണ് ചെയ്തു കൊണ്ടിരിന്നതെന്ന്
ഓര്‍ത്തെടുക്കാനാവാതെ
കുറച്ചു നിമിഷങ്ങള്‍ ..

ഇങ്ങോട്ടാരും
വിളിക്കുന്ന പതിവില്ലങ്കിലും ,
ഇവരൊക്കെയെന്നെ
എപ്പോഴുമെപ്പോഴും
വിളിക്കുനതായി
തോന്നുന്നതെന്തന്നു
ആലോചിക്കുന്നതിനിടയിലേക്കതാ
ഒരാണ്‍ കുട്ടിയുടെ
നിലവിളി കയറി വീണ്ടും
ഇടംകോലിടുന്നു .  

Wednesday, October 9, 2013

അതിരുകൾ



ചങ്ങാതിയുടെ 
വൈകല്യമുള്ള 
അവയവത്തെ കുറിച്ച് ,
മറ്റൊരാളുടെ  
മുഖത്തിന്റെ 
അഭംഗിയെ കുറിച്ച് 
വഴിപോക്കന്റെ
പാകമല്ലാത്ത 
കുപ്പയാത്തെ കുറിച്ച് ,
ഭാര്യയുടെ നാട്ടിലെ 
വീതിയില്ലാത്ത റോഡിനെ
കുറിച്ച് ,
കമ്പനിയിലെ 
കരുണയില്ലാത്ത
മാനജരെ കുറിച്ച് ..

ഇങ്ങിനെ നിരവധി
അനവധി കാര്യങ്ങളെ
കുറിച്ച് എത്ര വേണമെങ്കിലും
നിനക്ക് വാചാലനാവം 
പക്ഷെ എല്ലാത്തിനും
ഒരതിര് വേണ്ടേ ?

ഉദാഹരണത്തിന് ,
ഒരു ടീച്ചറോട്
നിങ്ങള്ക്ക്
എന്തിനാണിത്രയും
വലിയ മുലകളെന്നു
ചോദിക്കേണ്ട കാര്യം
പ്രാധാന അധ്യാപകനായ
പുരോഹിതനില്ലന്നു
ആരും സമ്മതിക്കുമല്ലോ .

അത് പോലെ
ഒരു പുരോഹിതന്
എന്തിനാണിത്രയും
വലിയ ലിംഗമെന്നു
ചോദിക്കേണ്ട കാര്യം
ടീച്ചര്‍ക്കുമില്ല.

അതിരുകൾ പാലിച്ചു പാലിച്ചു 
മിണ്ടാതിരിക്കുന്നത് കൊണ്ടാണ് 
പൂവന്‍ കോഴിക്ക്
കുറച്ചു കൂടി
സൌകര്യപ്രദമായ
ലിംഗമുണ്ടായിരുന്നങ്കിലെന്ന
അഭിപ്രായം ആരോടും
മിണ്ടാത്തത് .

ചിവീടുകള്‍ കരയുമ്പോള്‍

ചിവീടുകള്‍ കരയുമ്പോള്‍

രാത്രികളില്‍ 
ഖബര്‍സ്ഥാനില്‍ നിന്ന് 
ചിവീടുകള്‍ കൂട്ടമായി 
കരഞ്ഞുകൊണ്ടിരിക്കും

ഗുലാം അലിയെ 
എത്ര ഉച്ചത്തിലാക്കിയാലും
അവറ്റകളെ 
തോല്‍പ്പിക്കാനാവില്ല ...

പിന്നീടണവ
നെഞ്ചിനുള്ളില്‍ നിന്നും
കരഞ്ഞു തുടങ്ങുന്നത്
അപ്പോള്‍
മുറികള്‍ക്ക്
ചുവരുകളും ഉണ്ടായിരിക്കില്ല ..!

ഫണം വിടര്‍ത്തിയൊരു കാറ്റ്
ഖബര്‍സ്ഥാനിലേക്ക്
വലിച്ചിഴച്ചു കൊണ്ടിരിക്കുമ്പോള്‍
ഉമ്മാ ...
ഒച്ചയില്ലാത്ത നിലവിളികള്‍

അകലെ
ഗുലാം സാബിന്റെ ഗസല്‍
യാദ് യാദ് യാദ്...!

കണക്ക്

കണക്കില്‍ 
തീരെ മാര്‍ക്കില്ലാത്തത് കൊണ്ടാണ് 
ഇത്താത്ത പത്താം ക്ലാസ്സില്‍ 
തോറ്റതു .

എട്ടാം ക്ലാസില്‍ തോറ്റ
അളിയനോളെ
കെട്ടിയതില്‍ പിന്നെയാണ്
മുഖത്ത് നോക്കി
സറപറാന്നു കണക്ക്
പറയാന്‍ തുടങ്ങിയത് .

വഴിയറിയാതെ


നിന്റെ അടുത്തേക്ക്
എത്താനുള്ള
കുറുക്കുവഴികളെ
കുറിച്ച് ,
ആലോചിക്കുന്നതിനിടയിലാണന്നു
തോന്നുന്നു
ഞാനന്റെ വീട്ടിലേക്കുള്ള
വഴികളത്രയും
മറന്നു പോയത്
ഓര്‍മയുടെ
അവസാന നാല്‍ക്കവലയില്‍
നിന്നുള്ള ,
എല്ലാ വഴികളും
ചെന്നവസാനിക്കുന്നത്
നിന്റെ
കിടപ്പ് മുറിയുടെയോ
കുളിപ്പുരയുടെയോ
വാതിലുകള്‍ക്കരികിലായിരുന്നു ..
ഒന്നും ഉരിയാടാത്തവരുടെ
ഈ നഗരത്തില്‍ നിന്ന്
എന്നെയും കൊണ്ട്
തിരികെ പോവണമെന്നുണ്ട്
നിന്റെ
കിടപ്പ് മുറിയുടെയും
കുളിപ്പുരയുടെയും
ഇടയിലെവിടെയോ
ആയിരിക്കാം
ഇപ്പോഴും ഞാനുള്ളത്..

Friday, September 20, 2013

ഔദാര്യം



"ദയവു ചെയ്തു 
എടുക്കാത്ത നാണയങ്ങള്‍ 
നല്‍കിയെന്നെ
കുരങ്ങുകളിപ്പികരുത്"
അന്ധനായ യാചകന്‍
കരഞ്ഞുകൊണ്ട് അപേക്ഷിച്ചു

പിറ്റേന്ന് പ്രഭാതത്തില്‍ ,
കാലഹരണപ്പെട്ട 
നാണയ കൂമ്പാരത്തിനടിയില്‍ 
നിന്ന് 
അയാളുടെ ജഡം വലിച്ചെടുക്കുമ്പോള്‍ 
തോട്ടികള്‍ അയാളെ പ്രാകികൊണ്ടിരുന്നു ..!

ഇരുട്ടറ


പൊരിവെയില്
കൊണ്ട് നീയുണ്ടാക്കിയ 
ഇരുട്ടറയില്‍, 
മഴവില്ല്
കൊണ്ട
കുത്തി പൊട്ടിച്ച
കണ്ണുകളുമായി
ഞാനിപ്പോഴും ബാക്കിയുണ്ട്

പെണ്ണെ നിന്നോട് ...



കാര്യങ്ങള്‍ 
ഇത്രയോക്കെയായ സ്ഥിതിക്ക് 
ഇനിയുമിങ്ങനെ 
ഔപചാരികതയുടെ 
വിളര്‍ത്ത ചിരികളില്‍ 
കാര്യങ്ങളവവസാനിപ്പിക്കാന്‍ 
എനിക്കൊട്ടും താല്പര്യമില്ല ..

നീ എന്തിനാണ്
വഴിയറിയാത്ത
കാറ്റുകളെയും
ഒഴുകാനറിയാത്ത
അരുവികളെയും
പഴുക്കാനറിയാത്ത
പഴങ്ങളെയും
കുറിച്ച് വേവലാതിപ്പെടുന്നത് ?

വെറുതെ പൊഴിഞ്ഞു പോയ
ഋതുക്കളെ ഓര്‍ത്തു
എത്രകാലമാണ് ഈ കരയില്‍
നമുക്ക് മുഖം മുഖം
നോക്കിയിരിക്കാനവുക ..

പേരില്ലാത്ത ഗ്രാമങ്ങളും
തകര്‍ന്നടിഞ്ഞ നഗരങ്ങളും

മാത്രമാണ് എങ്ങും ബാക്കിയുള്ളത് ..

ആയതിനാല്‍.......

ഞാനൊരു പ്രണയ കവിതയെഴുതാം..
എന്റെ വരികളിലെ
ബിംബമായി നീ മരണമില്ലാത്തവളാവുക..


ഞാനും നീയും 

കവിയും കവിതയുമായി 
ഉപചാരങ്ങളെ ഓര്‍ത്തു പൊട്ടിച്ചിരിക്കും .


പെങ്ങള്‍



കണക്കില്‍  
തീരെ മാര്‍ക്കില്ലാത്തത് കൊണ്ടാണ് 
ഇത്താത്ത  
പത്താം ക്ലാസ്സില്‍ തോറ്റതെത്രേ .

എട്ടാം ക്ലാസില്‍ തോറ്റ 
അളിയനോളെ
കെട്ടിയതില്‍ പിന്നെ

ഓരോരോ കണക്കുകള്‍ 
ഓര്‍ത്തെടുത്തു പറഞ്ഞു 
കൊണ്ടിരിക്കും .

പൈങ്കിളി



പ്രണയത്തിന്റെ
വിചിത്രമായൊരു ഇടനാഴികയില്‍ 
ഗാഡമായ ഒരു ചുംബനത്തിന്റെ 
തൊട്ടു മുന്നെയുള്ള നിമിഷങ്ങളില്‍ 
നിന്റെ
ശ്വോസതിന്റെ നൂല്‍പലങ്ങളിലൂടെ
തേന് ഉറുമ്പുകള്‍ അരിച്ചുനടക്കും ..

വിറയ്ക്കുന്ന ചുണ്ടുകളില്‍
കാക്കകള്‍ കൂട് കൂട്ടുകയും
പ്രാവുകള്‍ കുറുകുകയും ചെയ്യും 

അപ്പോള്‍
വെള്ളിമേഘങ്ങളുടെ
കീറ് കൊണ്ട് ഉണ്ടാക്കിയ
കുംബസാരകൂട്ടില്‍ നീ
പാഴായ കാലത്തെ ഓര്‍ത്തു
പശ്ചാത്തപിക്കുകയായിരിക്കും

പിന്നീട് ..
പൂമരത്തിന്റെ
തണലില്‍ മഴവില്ല് വിരിച്ചു
മലര്‍ന്നു കിടക്കുന്ന നിന്റെ
നഗ്നമേനിയില്‍ നക്ഷത്രങ്ങള്‍
മുളക്കുകയും അരുവികള്‍
പ്രത്യക്ഷപ്പെടുകയും
ചെയ്യും ..

ആകാശത്തിന്റെ
അതിരില്‍ നിന്ന് ആരോ
മകുടി ഊതുമ്പോള്‍
വിഷമില്ലാത്ത മൂര്‍ഖന്‍ പമ്പുകള്‍
പത്തിവിടര്‍ത്തി നിന്റെ മേനിയിലൂടെ
ഇഴയും ..

ഇടനാഴികയുടെ
രണ്ടറ്റങ്ങളുമിപ്പോള്‍
വളഞ്ഞു ഒന്നാവുകയും
പുറത്തേക്കുള്ള വഴിയറിയാതെ
നമ്മള്‍ പൊട്ടിച്ചിരിക്കുകയും
ചെയ്യും ...........!

തലയില്ലാതെ ..





എവിടേക്കാണ്
ഇവരിത്ര തിടക്കപ്പെട്ടു പുറകിലേക്ക്
പായുന്നത്..?
അതോ 
ഞാനാണോ
വെപ്രാളത്തില്‍ മുന്നോട്ടു ഓടുന്നത് ?
എനിക്കൊന്നും
മനസ്സിലാകുന്നെയില്ല ..

കാത്തു കിടക്കുന്ന
ഖബറുകളില്‍ പ്രവേശിക്കാന്‍
തിടുക്കപ്പെട്ടു ഓടുന്നതായിരിക്കുമോ 

അതോ
ജീവനോടെ അടക്കം ചെയ്യപ്പെട്ടതിന്റെ
ബേജാറ് കൊണ്ട്
എനിക്ക് വെറുതെ തോന്നുന്നതായിരിക്കുമോ ....?

ഏതായാലും ഒരു കാര്യം
തീര്‍ച്ചയാണ്
ആരുടേയും ഉടലുകളില്‍
ഇപ്പോള്‍ തലകളില്ല ..

എന്റെ തലയുമിപ്പോള്‍ 

എനിക്കൊപ്പമില്ലല്ലോ 
അല്ലങ്കില്‍ തന്നെ
സ്വോന്തമായി ഒരു തലയുടെ
ആവശ്യമെന്താണ് ?

കിലുക്കം


നിന്നെയിങ്ങിനെ 
മനസ്സിലിട്ടു കിലുക്കി 
നടക്കുന്നത് കൊണ്ടാണ് 
ആരൊക്കെ കിലുക്കി നോക്കിയിട്ടും 
എനിക്ക് കിലുങ്ങാന്‍
കഴിയാത്തത്

നിന്റെയാ
കുലുങ്ങിയുള്ള നടത്തമങ്ങിനെ
ഓര്‍ത്തോര്‍ത്തു കിടക്കുമ്പോള്‍
ആരെങ്കിലുമൊന്നു
കുലുക്കിയിരുന്നങ്കിലെന്നു
വ്യാമോഹിക്കുന്നു
പുളിമരങ്ങള്‍ ..

അനുസരണയില്ലാതെ

അനുസരണയില്ലാതെ 
ഇന്നും 
കുതറിയോടി 
കവിത പോലെയെന്തോ
ഒരു സാധനം ..
ഇത്ര വീര്യമോ .....
ഒലക്കേടെ മൂട് ...
എന്നാ അങ്ങട് ചെല്ല് 
ഇനി 
ഉറങ്ങാന്‍ കിടകുമ്പോ 
ചൊറിയാന്‍ വന്നാലുണ്ടല്ലോ
അപ്പൊ
കാണിച്ചു തരാട്ടോ ..!

.

രേഖപ്പെടുത്തുമ്പോള്‍




നിഷ്ക്രിയ
സ്മരണകളുടെ സംഗ്രഹങ്ങളില്‍ 
ഏര്‍പ്പെടുകയും 
വിഷാദത്തിന്റെ അസ്ഥികള്‍ 
പെറുക്കിയെടുത്തു കവിതയ്ക്ക് 
തീപ്പൂട്ടുകയും ചെയ്യുന്നത് 
എന്തിനാണന്നു ചോദിച്ച 
കൂട്ടുകാരനോട് ,

ചങ്ങാതീ ,
സംഭവങ്ങളുടെ ശ്മാശാനങ്ങളില്‍
ഒറ്റക്കിരുക്കുമ്പോള്‍
മറ്റൊന്നും ചെയ്യാനില്ലന്നു
ആമുഖമായി പറയട്ടെ .

അകന്നുപോയ കാലത്തിന്റെ
കാലഹരണപ്പെട്ട കാര്‍മേഘങ്ങളില്‍
അരുവിയുടെ മോഹങ്ങളെയും
കൊടുംകാറ്റിന്റെ വേഗങ്ങളെയും
ഇടിനാദങ്ങളുടെ ഗര്‍ജ്ജനങ്ങളെയും
മിന്നല്‍ പിണരിന്റെ വീര്യങ്ങളെയും
അന്വേഷിക്കുകയാണ് ഞാന്‍

ഞാനുമിവിടെ ജീവിച്ചിരുന്നുവെന്നു
എനിക്കെന്നെ ബോധ്യപ്പെടുത്താന്‍
പൊടിപിടിച്ച സ്മൃതികളല്ലാതെ
മറ്റൊന്നുമില്ല എന്റെയടുക്കല്‍.

ഉള്ളിലെ ഉറവകളുടെ
മുകളിലേക്ക്
കല്ലെടുത്തിട്ടവര്‍ക്ക് മുന്നില്‍
ഞാനെന്റെ മുറിപ്പാടുകളില്‍
നോക്കി മന്ദഹസിക്കുകയാണ്
ചെയ്യുന്നത് .

ഞാനന്നെ
തട്ടികുടഞ്ഞ്,പെറുക്കിയടുക്കി
രേഖപ്പെടുത്തി വെക്കട്ടെ ..!

ശേഷം



അത് മാത്രമല്ല സംഭവിച്ചത് 
കാറ്റിന്റെ ചില്ലയില്‍ 
കയര്‍ കുരുക്കി 
ഒളിച്ചുകടത്തിയ കരളിന്റെ 
തുടിപ്പുകള്‍
കളഞ്ഞുപോവുകയും .
പട്ടികളായി മാറിയ
ആട്ടിന്‍ പറ്റത്തോടൊപ്പം മേഞ്ഞു
നടക്കേണ്ടി വരികയും ചെയ്തു ..

വിചാരണ നിഷേധിക്കപ്പെട്ട
തടവുകാരന്‍റെ
ചുവരെഴുത്തുകള്‍ 
നോക്കി  
പൊട്ടിച്ചിരിച്ചു 
നടന്നകലുന്നു 
ബൂട്ടിന്റെ കാലൊച്ചകള്‍ ..

നിന്ന നില്പില്‍
ഭൂമിയിലെക്കാഴ്ന്നിറങ്ങി
അപ്രത്യക്ഷമാവുന്നതിനെ
കുറിച്ച് .......
പൊടിപടലങ്ങളായി
മാറുന്നതിനെ കുറിച്ച്
ഒരു പൂവിന്റെ സുഗന്ധമായി
പര്യാവ്സാനിക്കുന്നതിനെ
കുറിച്ച് .......
പ്രണയിനികളുടെ
ചുംബന വേളയില്‍
ചുണ്ടുകള്‍ക്കിടയില്‍ പെട്ട്
ശ്വോസം മുട്ടി മരിക്കുനതിനെ
കുറിച്ച് ...
അങ്ങിനെ വ്യാമോഹങ്ങളുടെ
കുളമ്പടി ശബ്ദങ്ങള്‍
നിദ്രാവിഹീനങ്ങളാക്കിയ
രാവുകള്‍ .....

റബ്ബേ....
എന്തൊരു ഭാരമാണീ
ശരീരത്തിന് ...

പാത്തുവും ഉമിക്കരിയും



ഓള് കൊടുക്കുമെന്നും 
ചോദിച്ചാല്‍ കിട്ടുമെന്നും 
ഉള്ളിലൊരു തോന്നല്‍ 
കിട്ടിയാല്‍ കിട്ടി ഇല്ലങ്കില്‍ 
ഒരു വാക്കല്ലേ ...

രാവിലെ
പുഴക്കടവില്‍
പാത്തൂനെ കണ്ടപ്പോള്‍
ആദ്യമൊന്നു അറച്ചു നിന്നന്കിലും
ധൈര്യം സംഭരിച്ചു
ഒറ്റചോദ്യമാണ്

പാത്തു..
തരുമോ ....
അവള്‍ വെട്ടുപോത്തിനെ
പോലെ
ഒറ്റ തിരിച്ചില്‍ ..
തറപ്പിച്ചു ഒരു നോട്ടം
ഒന്നമാര്‍ത്തി മൂളി ..
ജ്ജ് ആളു കൊള്ളാലോ
ഇച്ചിരി പോന്ന ചെക്കന്റെ
ഒരു പൂതി ..
പിന്നെ ..ഒരു കള്ളച്ചിരി

വായില്‍ മീനമാസം
ചങ്കിലൂടെ തീവണ്ടികള്‍
ശ്വോസം മുട്ടുന്നു
ആകെ ഒരു വിറയല്‍
ബാക്കിയുള്ള ധൈര്യത്തില്‍
ഒരിക്കല്‍ കൂടി ചോദ്യമാവര്‍ത്തിച്ചു..
തരുമോ ....?

പാത്തൂന്റെ മനസ്സില്‍
ഇടവപ്പാതി ...
അവള്‍ നമ്രമുഖിയായി
കാലിന്റെ പെരുവിരല്‍
കൊണ്ട് ചിത്രം വരയ്ക്കുന്ന
ക്ലീഷേ ആവര്‍ത്തിക്കപ്പെട്ടു ..

അവള്‍ പതിഞ്ഞ
ശബ്ദത്തില്‍ ..
എന്താണ് തരേണ്ടത് ?
ഇപ്പോള്‍ പ്രതിസന്ധിയിലായത്
ആരാണ് എന്ന് പ്രത്യകം
പറയേണ്ടതില്ലല്ലോ ...

വായിലെ
വരള്‍ച്ച പൂര്‍ണ്ണം
അറിയാതെ വായില്‍ നിന്നും
ചാടിയ ഉത്തരം
ഉമിക്കരി ..നിക്ക് ഇച്ചിരി
ഉമിക്കരി തരുമോ ....
ഒറ്റ ശ്വോസത്തില്‍ പറഞ്ഞൊപ്പിച്ചു

അന്റെ
ബാപ്പാന്റെ തല .....
അവള്‍ ചീറി
പാത്തുവിന്റെ മുഖം ചുവന്നു
തുടുത്തിരുന്നു..

അവള്‍ നീട്ടിയ ഉമിക്കരിയും
വാങ്ങി
തിരിഞ്ഞു നടക്കുമ്പോള്‍
ലോകത്തിലെ
ഏറ്റവും ക്ലെശമേറിയ
കൊടുക്കല്‍ വാങ്ങലുകള്‍
ഓര്‍മയിലെ പൊട്ടിച്ചിരിയായി .

വെടികള്‍ ഉണ്ടാകുന്നത്


ബീരാന്‍ ഗള്‍ഫിലാണ് ..
പക്ഷെ 
ബീരാന്റെ ചങ്ങായി 
നാസര്‍ 
നാട്ടിലെ പഞ്ചയത്ത് മെമ്പര്‍ 
അവര്‍കള്‍ ..ആണ് ...
ഏതു കാര്യത്തിനും 
എന്ത് കാര്യത്തിനും നാസര്‍ 
നല്ല ഒരു സഹായിയും സഹയാത്രികനുമാകയാല്‍
എല്ലാവര്ക്കും നാസറിനെ
വലിയ കാര്യമാണ് ...

പള്ളിക്കമ്മറ്റി ,മദ്രസ്സ കമ്മറ്റി
പൂരം, നേര്ച്ച ,മണല്‍ കടത്തു
കല്യാണം, മരണം ,അടിയന്തിരം
ഇലക്ഷന്‍ ..എല്ലാത്തിനും
വേണം നാസറിനെ ..ഇതൊക്കെയാണ്
എങ്കിലും നാസറിനു അതിന്റെ
അഹങ്കാരം തെല്ലുമില്ല കെട്ടോ..

അതെന്തോ ആവട്ടെ .......
പറഞ്ഞു വരുന്നത് ബീരാന്റെ
കാര്യമാണ് ..അവന്റെ കേട്ട്യോള്‍ടെയും .......

നാസര്‍ ബീരാന്റെ വീട്ടുപടിക്കല്‍
പ്രത്യക്ഷപ്പെടുന്നു .......
കദീജയെ കാണുന്നു .പുഞ്ചിരിക്കുന്നു
തൊട്ടടുത്ത ദിവസവും കാണുന്നു
ബീരാന്റെ വിശേഷങ്ങള്‍ തിരക്കുന്നു
ബീരനോട് ചോദിച്ചതായി പറയാന്‍
വസിയത് ചെയ്യുന്നു .......
ഇത് ഇടവിട്ട്
ആവര്‍ത്തിക്കപ്പെടുന്നു ...
ഖദീജ മനസ്സില്‍ പറയുന്നു
എന്ത് നല്ല ഒരു മനുസ്സന്‍ .......

ബീരാന്റെ മൂത്ത കുട്ടിക്ക്
വയറിളക്കം പിടിപെടുന്നു
ഖദീജന്റെ പക്കല്‍ കാശില്ല
നാസര്‍ പ്രത്യക്ഷപ്പെടുന്നു
സഹായിക്കുന്നു ,ആശുപത്രിയില്‍
കൊണ്ട് പോകുന്നു ,കൊണ്ട് വരുന്നു ...

വിവരങ്ങള്‍ ബീരാന്‍ അറിയുന്നു
നാസറിനെ ഓര്‍ത്തു
അഭിമാനം കൊള്ളുന്നു ..........

പിന്നെ ഒരിക്കല്‍ ഖദീജ
അവളുടെ വീട്ടില്‍ നിന്ന് വരുന്ന വഴി
ബസു കാത്തു നില്‍ക്കുന്നു ..
നാസര്‍ അത് വഴി വരുന്നു
അവന്റെ ആള്‍ട്ടോ കാറില്‍
നിര്‍ബന്ധിച്ചു കയറ്റുന്നു ..
വീട്ടില്‍ കൊണ്ട് വന്നു വിടുന്നു ..

ഇങ്ങിനെ സഹായത്തിന്റെ
മുഖമായി ഖദീജയുടെ
മനസ്സില്‍ നാസര്‍ ഇടം ഉണ്ടാക്കുന്നു

നാസറിനു ഇപ്പോള്‍
ആ വീട്ടില്‍ എപ്പോഴും കയറി ചെല്ലാന്‍
പാസ്‌ ലഭിക്കുന്നു
ചയ കുടിക്കുന്നു
ആരും സംശയിക്കില്ല എന്താന്നാല്‍
നാസര്‍ പഞ്ചായത്ത്‌ മെമ്പറാണ്
ബീരാന്റെ ചങ്ങായി ആണ് ......
നല്ല മന്സ്സനാണ് .

ഒരു ദിവസം നാസര്‍ ഖദീജയോടു
വിശേഷപ്പെട്ട ഒരു സ്വോകര്യം
പറയാന്‍ ഉണ്ടന്ന് അറീക്കുന്നു ..
അറിയാന്‍ അവള്‍ക് ആകാംക്ഷ ഉണ്ടാവുന്നു
ഞാന്‍ രാത്രി വരാം ...എന്ന് അറിയിക്കുന്നു
ഖദീജ അല്പം ശങ്കിക്കുന്നു ...

രാത്രി നാസര്‍ വരുന്നു ..
കാര്യം അറിയിക്കുന്നു ..അവള്‍
മൌനം പാലിക്കുന്നു ..നാസര്‍ എണീക്കുന്നു
ഖദീജയുടെ അടുത്തേക്ക് നീങ്ങുന്നു
അരന്കിലും കണ്ടാല്‍ ...
എന്നവള്‍ പുലമ്പുന്നു ....

ഇത് പലയാവര്‍ത്തി
സംഭവിക്കുമ്പോള്‍ അടുത്ത വീട്ടിലെ
തെറിച്ച ചെക്കന്‍ കാണുന്നു ..
അവന്‍ ഖദീജയെ ബ്ലാക്ക് മയില്‍ ചെയ്യുന്നു
കാര്യം സാധിക്കുന്നു ..

അവന്‍ ഓട്ടോ റിക്ഷക്കാരന്‍ ആകയാല്‍
അവന്‍ പറയുന്ന പലര്‍ക്കും
അവള്‍ വഴങ്ങേണ്ടി വരുന്നു ..
ബീരാന്‍ നാട്ടില്‍ വരുന്നു ..
ഗോള്‍ഡ്‌ കളര്‍ വാച്ച് കെട്ടി
നടക്കുന്നു ...ചിലര്‍ ഊറി ചിരിക്കുന്നു ...

Wednesday, July 17, 2013

താമിയുടെ പാട്ട്


താമിയുടെ പാട്ട്

മാപ്പിളമാരെ നന്ദി 
നായന്മാരെ നന്ദി 
തീയ്യന്മാരെ നന്ദി 
കമ്മ്യുണിസ്റ്റ്‌ ,ലീഗ് ,കോണ്ഗ്രസ് 
തമ്പ്രാക്കളെ ,
നിങ്ങള്‍ക്കേവര്‍ക്കും നന്ദി
കുറുമ്പയെ വിഭ്യചരിച്ച
നാട്ടുകാരെ,
നിങ്ങള്‍ക്കൊക്കയും
പാണന്റെ നന്ദി..
താമി പാടുകയാണ് ...

താമിയും മക്കളും
വിശന്നു പൊരിയുന്ന
ദിനരാത്രങ്ങളില്‍ ,
അയാളുടെ ഭാര്യയെ പ്രാപിക്കാന്‍
സന്മനസ്സ് കാണിച്ചവരെ
നന്ദിയോടെ സ്മരിച്ചു കൊണ്ട്
ഉടുക്കില്‍ കൊട്ടി
പാടുകയാണ് താമി .

സൂര്യനും ചന്ദ്രനും
ഒരുരേഖയില്‍ വെച്ച്
മുഖാമുഖം കാണുന്ന
ഇരുണ്ട രാത്രികളിലാണ്
താമിയുടെ ചങ്ക് പൊട്ടിയുള്ള
പാട്ട് ഉച്ചസ്ഥായിയിലാവുന്നത് .

താമിയൊരു
കൂട്ടിക്കൊടുപ്പുകാരാനോ
കുറുമ്പയൊരു വേശ്യയോ
ആയിരുന്നില്ലന്നു ഉടുക്ക്
കൊട്ടി പാട്ടിലൂടെ
വിളംബരം ചെയ്യുമ്പോള്‍
താമിയുടെ വംശത്തിന്റെ
കരളിലെ ചോര
കത്തിനിന്ന ആകാശത്തിന്
നിറം കറുപ്പ് ...

വാരസ്യെരമ്മക്ക്
മാത്രം വഴി
നടക്കാന്‍ ഉണ്ടാക്കിയ
ഊടുവരമ്പില്‍
മലമൂത്ര വിസര്‍ജ്ജനം
നടത്തിയ ശേഷമാണ്
താമിയുടെ കരഞ്ഞുകൊണ്ടുള്ള
പാതിരാ ഗാനങ്ങള്‍ ...

കുറുമ്പയെ പ്രാപിക്കുകയും
ഗുഹ്യരോഗം സമ്മാനിക്കുകയും
ചെയ്ത പ്രദേശവാസികളായ
മുഴുവന്‍ ആളുകളുടെയും
ഔദാര്യ മനസ്ഥിതിയെ വാനോളം
വാഴ്ത്തുകയും അകൈതവമായ
നന്ദി രേഖപ്പെടുത്തുകയും
ചെയ്യുന്നതോടെ
താമിയുടെ ചങ്കിലാളുന്ന
കാട്ടു തീ പാട്ടിലേക്ക്
പടരുകയായി .

തെക്കേകര ജുമാമസ്ജിദില്‍
നിന്ന് സുബഹി ബാങ്ക്
കൊടുക്കുമ്പോള്‍ മകള്‍
ചീരു കരഞ്ഞു കൊണ്ട്
പാടത്തേക്ക് വന്നു അച്ഛാ ...
എന്ന് വിളിചാര്‍ത്തു
കൂട്ടി കൊണ്ട് പോവുമ്പോഴാണ്
അതവസാനിക്കുന്നത് .

പാടത്തിന്റെ രണ്ടു
കരയിലും
താമിയുടെ പാട്ട് കേട്ട് എരിപിരി
കൊണ്ടിരുന്നവരോക്കെയും
താമിയെ പോലെ
ഓര്‍മയുടെ കറുത്ത വാവില്‍
ഒളിച്ചിട്ടും വാരസ്യാരമ്മക്ക്
മാത്രം നടക്കാനായി ഉണ്ടാക്കിയ
ഊടുവരമ്പിലിപ്പോഴും
താമിയുടെ വംശത്തിന്റെ
ചോര കത്തിയെരിഞ്ഞതിന്റെ
കരിഞ്ഞ മണമുണ്ട് .

കുലീനമായൊരു ഗ്രാമം


നിന്നെയിങ്ങനെ 
സൂക്ഷിച്ചു 
നോക്കുമ്പോഴൊക്കെ
നീയൊരു 
ആള്‍കൂട്ടമാണന്നെനിക്ക്
തോന്നാറുണ്ട്

പവിത്രമായൊരു
ചിന്തയുടെ ഒത്ത നടുവില്‍
വെച്ചു
ഗാഡമായി പുണരാതെ
നിന്നെയോരിക്കലും
ഒറ്റയാക്കിയെടുക്കാനാവില്ലന്നറിയാം

അല്ലാതെ
നീയിങ്ങിനെ
നൂറുനൂറായി വളര്‍ന്നു
വലിയൊരു ജനാവലിയായി
മാറിയാല്‍
ശരിയാവില്ല .

ആള്‍ താമസമില്ലാത്ത
കുലീനമായൊരു
ഗ്രാമത്തെ കുറിച്ച്
കവിത എഴുതാനുള്ള
ഔത്സുക്യത്തെ
അതിജീവിക്കാവനാവാതെ
കൈ വിറക്കുന്നതു
നിന്നെ
അറിയിക്കണമെന്നുണ്ട്.

നാണം കൊണ്ട്
വരികളില്‍ നിന്ന്
ഇറങ്ങിയോടുന്ന വാക്കിനെ
ഉന്തിതള്ളി
നിന്റെ മുന്നില്‍
കൊണ്ടുവന്നിടാന്‍
പലവുരു വിചാരിച്ചതാണ്

തലക്കാലം
സമുദ്ര നിരപ്പില്‍
എന്നെയും നിന്നെയും
കാത്തിരിക്കുന്ന കുലീനമായ
ഗ്രാമത്തിലേക്ക്
മാറ്റി വെക്കുകയാണ്
എല്ലാമെല്ലാം ...

സായാഹ്ന ചിന്തകള്‍


ആയാസകരമായ 
സായന്തനങ്ങളില്‍ 
പര്‍വതംങ്ങള്‍ 
ബലൂണുകള്‍ പോലെ 
വായുവിലൂടെ
ഒഴുകി നടക്കുന്നത്
കാണാം ..

ഒരു
കവിതയുടെ
ആലസ്യത്തില്‍
വിരിയാന്‍ മറന്ന
കുടമുല്ല പൂക്കള്‍
വിരിഞ്ഞു മന്ദസ്മിതം
തൂകുന്നതോടെ
മണ്ണിടിഞ്ഞു
നാശമായ നടപ്പാതയുടെ
അങ്ങേ അറ്റത്തു
പാദസരങ്ങളുടെ കിലുക്കവും
കേള്‍ക്കാം

തകര്‍ന്നടിഞ്ഞ
നഗരങ്ങളുടെ
സ്മരണകള്‍ക്കിടയില്‍
നിന്നൊരു
കുലീനയായ യുവതി
കവിതയെഴുതിയ
കണ്ണുകളുമായി
അരുകില്‍ വന്നു
പുഞ്ചിരിക്കും

അപ്പോള്‍
അസര്‍മുല്ലയുടെ
വള്ളികള്‍
കാലിലേക്ക് വളരുന്നതും
ദേഹമാകെ ചുറ്റിവരിയുന്നതും
അറിയുകയേയില്ല .

മുഖത്തേക്ക് വളര്‍ന്നൊരു
വള്ളിയില്‍ നിന്ന്
രണ്ടു കവിളിലും
പൂക്കള്‍ വിരിയിക്കുന്നതോടെ
ആഹ്ലാദദായകമായൊരു
സായാഹ്നം സമാപിക്കും

നെരൂദയുടെ ജാതി


മാപ്പിളമാര്‍ക്ക് കവിത എഴുതേണ്ട 
വല്ല കാര്യവുമുണ്ടോ
അവര്‍ക്ക് ആട് അറുക്കുകയോ
ദുബായില്‍ പോവുകയോ ചെയ്താല്‍ പോരെ
അശ്രീകരങ്ങള്‍ എല്ലാം അശുദ്ധമാക്കാനായിട്ട്...

തീയന്‍മാര്‍ക്കും കവിത എഴുതണന്നു വെച്ചാല്‍...
അവര്‍ക്ക് കള്ളു ചെത്തിയാല്‍ പോരെ
കഷ്ടം എന്നല്ലാതെ എന്താ പറയാ...

മീന്‍ പിടിച്ചിരുന്നോരും കുട്ടയും മുറവും
ഉണ്ടാക്കിയിരുന്നവരും കവിത എഴുതുന്നു...
ആരെയും പേടിക്കണ്ടല്ലോ
ആശ്രീകരങ്ങള്‍...

നമ്മുടെ മഹാകവികളൊക്കെ എങ്ങിനെയാണാവോ
ഇവറ്റകളുടെ ഇടയില്‍ ജീവിക്കുന്നത്...?
അല്ല കുട്ട്യേ ...
ഈ നെരൂദടെ ജാതി ഏതാണ്..

ലിംഗബ്ലിക്‌ ഓഫ് ഇന്ത്യ


2047 ആഗസ്റ്റ്‌ 15 അര്‍ദ്ധരാത്രി 
ആകാശത്ത് നൂറു  കൂറ്റന്‍ ലിംഗങ്ങള്‍  
പ്രത്യക്ഷപ്പെടും  
അതോടെ 
റിപ്പബ്ലിക്‌ ഓഫ് ഇന്ത്യ 
അനേകായിരം തുളകളുള്ള 
വലിയൊരു യോനിയായി 
മാറും.

2050 ജനുവരി 26നു
പുതിയ ഭരണഘടന
നിലവിൽ വരും 
അന്ന് മുതൽ ജനുവരി 26
ലിംഗബ്ലിക്‌ ഡേ
എന്നായിരിക്കും
അറിയപ്പെടുക

ലിംഗൊക്രസി 
എന്ന പുതിയ ഭരണ
വ്യവസ്ഥിതിയെ
രാജ്യം അടിസ്ഥാന 
മൂലരേഖയായി
അംഗീകരിക്കും .

അപ്പോള്‍ കേരളത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
നൂറ്റിനാല്പതു
ഉദ്ധരിച്ച ലിംഗങ്ങള്‍
സത്യപ്രതിഞ്ജ
ചെയ്തു അധികാരമേല്‍ക്കും

പുഴകളിലും കുളങ്ങളിലും
രേതസ് നിറഞ്ഞൊഴുകും 
ആര്‍ത്തവ രക്തത്തിന്റെ
കടല്‍ തിരകള്‍
നമ്മുടെ കരകളെ
ചുവപ്പിക്കും

നോട്ടുകെട്ടുകളുടെ
മാലിന്യ കൂംബാരങ്ങളില്‍
നിന്ന് 
വൈറസ്‌ പരന്നു
കറന്‍സി പനി
എന്നൊരു രോഗം
കൊണ്ട് ജനം പൊറുതിമുട്ടും

ആസക്തിയുടെ
കൊടുങ്കാറ്റ്
ആഞ്ഞുവീശുമ്പോള്‍
കടപുഴകിയ
അനേകായിരം ലിംഗങ്ങള്‍
ജാഥയായി സെക്രട്ടറിയെറ്റ്
നടയില്‍ സമരം നടത്തും

രേതസ്സ് പീരങ്കികളാണു
അവര്‍ക്ക് നേരെ
പ്രയോഗിക്കുക .
കാക്കിയും ഖദറുമിട്ട
ലിംഗങ്ങള്‍ പരസ്പരം
അഗ്രഭാഗം കൊണ്ട്
ശക്തമായി ഉരസും

തച്ചുടക്കപ്പെട്ട 
പ്രതിമകള്‍ക്ക് പകരമായി 
ശിൽപികൾ 
ലിംഗങ്ങളുടെ കൂറ്റൻ 
പ്രതിമകൾ നിർമ്മിച്ച്‌ നല്കും .

* ഡൽഹി ബലൽസംഘ വിവാദ സമയത്ത് എഴുതിയത് .