Sunday, March 31, 2013

വിളര്‍ത്ത ചിരികള്‍



വിരഹികള്‍
ചിരിക്കാറുള്ള
വിളര്‍ത്ത ചിരികളില്‍
നിലാവ് അപ്രത്യക്ഷമാവാമ്പോഴാണ്
നഷ്ടാനുരാഗികളുടെ
ആത്മാക്കള്‍
വിരഹികളെ തേടി
കടല്‍ കടന്നെത്തുന്നത്
കഴുമരചുവട്ടിലെ
വെപ്രാളമായിരിക്കും
അവരുടെ മുഖത്തപ്പോള്‍..

ഭയത്തിന്റെയും മൗനത്തിന്റെയും
പര്‍വതങ്ങള്‍ക്കിടയിലെ
കറുത്ത ഗുഹയിലാണ്
വിരഹികളും ആത്മാക്കളും
സംഗമിക്കുന്നതു .

ആ  രാത്രികളില്‍
പവിഴ ദ്വീപിന്റെ
പ്രണയ വഞ്ചനയില്‍
ജീവനൊടുക്കിയ
കൂറ്റന്‍ തിരമാലകളുടെ
ചീഞ്ഞളിഞ്ഞ ശവങ്ങള്‍
കൊത്തിപ്പറിക്കാന്‍
കാക്കകളും കഴുകന്മാരും
വന്നു ചേരും ..

സൂര്യോദയത്തിന്റെ
അരനാഴിക മുന്‍പ്‌
ഒരു കാറ്റിന്റെ
വാലില്‍ പടര്‍ന്ന
തീനാളങ്ങള്‍
ഭയത്തിന്റെയും മൗനത്തിന്റെയും
പര്‍വതങ്ങള്‍ക്കിടയിലെ
കറുത്ത ഗുഹയെ
വിഴുങ്ങും ..

പതിവ് പോലെ
സൂര്യനുദിക്കുകയും
വാലും തലയുമില്ലാത്ത
ജീവികള്‍
വൃക്ഷശിഖരങ്ങളിലിരുന്ന്
പ്രണയ കവിതകള്‍
എഴുതി താഴെക്കെറിഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും .

അപ്പോഴും
ഉമ്മ വെച്ച്
തളര്‍ന്ന
വൃദ്ധനും വൃദ്ധയും
പ്രേമത്തിന്റെ പേരില്‍
റോഡരികില്‍
ഉറക്കെ
കലഹിച്ചു കൊണ്ടിരിക്കുന്നുണ്ടാവും




Saturday, March 30, 2013

അവസാനമായി


മൃത്യു വിന്റെ
ഇടനാഴികയില്‍ 
പ്രവേശിക്കുന്നതിന്
മുന്പ്
ഒരിക്കലെങ്കിലും
നിന്‍റെ കൈകള്‍
എനിക്കു നേരെ നീട്ടുക...
കര്പ്പൂരത്തിന്റെ
രൂക്ഷ സുഗന്ധത്തിൽ
എന്നെ കിടത്തുന്നതിനു മുന്‍പ്
മുല്ലയുടെ മണമുള്ള
നിന്റെ കഴുത്ത്
എന്‍റെ കവിളോട്
ചേര്‍ത്തുവയ്ക്കുക...
വസ്ത്രങ്ങളുടെ
ആവരണമില്ലാതെ
അത്മാവിനോളം നേര്‍ത്ത് നേര്‍ത്ത്
നമുക്കൊരുമിച്ച്
ഇല്ലാതാവണം.

Thursday, March 28, 2013

അന്ത്യേഷ്ടി


തറയില്‍
തെക്കോട്ട് മലര്‍ത്തി 
കിടത്തിയിട്ടുണ്ട്
സ്മൃതികളെ ...
ഉള്ളുരുക്കങ്ങളില്‍
വെന്തുപോയ
വിളർത്ത ചിരികൾക്ക്
മുകളില്‍
ശുഭ്ര വസ്ത്രപ്പുതപ്പ്
പെരുവിരല്‍
ചേര്‍ത്ത്കെട്ടിയത്
വിലക്കുകൾ
വിലക്കപ്പെട്ട ചോദ്യങ്ങളുടെ
വായയും
അരുതാത്ത
കാഴ്ചകളുടെ
കണ്ണുകളും അടച്ചു കഴിഞ്ഞു
കൈകള്‍ നെഞ്ചത്ത്‌
വെച്ച്,
കയ്യിന്റെ
പെരുവിരലുകള്‍
ഒരുമിപ്പിച്ചു
മാറി നിന്നു
ചിരിക്കുന്നു
ചതിക്കുഴികള്‍
എള്ളും അക്ഷതവും
ചേര്‍ത്ത് വൃത്തം
വരഞ്ഞു അഷ്ടഗന്ധം
പുകച്ചു വീണ്ടും
ശ്വാസം മുട്ടിക്കാന്‍
ശ്രമിക്കുന്നു
ചില ഓര്‍മ്മകള്‍ ..
ചിതയില്‍
കൂടെ എരിയാന്‍
കേട്ട് തഴമ്പിച്ച
ശാപ വാക്കുകള്‍
മാത്രം കൂട്ടിനു ..!

Tuesday, March 26, 2013

കരള്‍



ഇതാ ..
നോക്കൂ .!
എന്റെ

കൈവിരലുകൾക്കിടയിലൂടെ 
ഒലിച്ചിറങ്ങുന്നതു
എന്റെ 
കരളിലെ ചോരയാണ് .
എന്റെ
കയ്യിലിരിക്കുന്ന
ചുവന്ന
തുണ്ട്‌ മാംസക്കഷ്ണം
ഞാന്‍ നിനക്കായി
പറിച്ചെടുത്ത
സ്വന്തം 
കരളാണ് .
ഇതിനെ നീ
ചെമ്പരത്തി പൂ 
എന്ന്
പറയരുത് ..!

ഉപമകളില്ലാതെ

ചിമ്മിണി
വിളക്കിന്റെ
പ്രകാശത്തെ 
സൂര്യനോടുപമിച്ചപ്പോൾ
സൂര്യന്‍ പിണങ്ങി .
മെഴുകുതിരിയുടെ
വെട്ടത്തെ..
ചന്ദ്രനോടുപമിച്ചപ്പോൾ
ചന്ദ്രന്‍ ചിണുങ്ങി .
ഉപമകളെ
പടിയിറക്കി
വിട്ടതിൽ പിന്നെയാണ്
നിന്നെ കാണുന്നത്
ആയതിനാൽ
നിന്നെ കുറിച്ച്
കിടിലൻ സാധനം
എന്ന് മാത്രം പറഞ്ഞു
ഞാനുപസംഹരിക്കുന്നു .!

Monday, March 25, 2013

ഉന്മാദത്തിന്റെ നാളില്‍


മുക്കുവന്റെ
വലയില്‍ കുരുങ്ങിയ
കടല്
കരയില്‍ കിടന്നു
പിടയുന്നതും
നോക്കിയിരിക്കുകയായിരുന്നു .

അപ്പോഴതാ ..
ഭ്രാന്തന്‍
പറത്തിയ പട്ടത്തില്‍
കുരുങ്ങി താഴേക്കു
വീഴുന്നു ആരുടെയോ
ആകാശം .

മാത്രമല്ല ..
ഒരു സുന്ദരിയുടെ
പ്രണയവഞ്ചനയില്‍
മനംനൊന്തു
സൂര്യന്‍
ആത്മഹത്യ
ചെയ്യാനൊരുങ്ങുന്നു .

ഇനിയുമുണ്ട് ..
കൊടുംകാറ്റിനാല്‍
ഗര്‍ഭം ധരിച്ച
മലകള്‍ പ്രസവിച്ച
കുന്നുകളെ
ഒക്കത്തിരുത്തി
കാറ്റ് പോയ
വഴിയെ
മലകള്‍ അലയുന്നു .

ഇതാ ഇതുകൂടി ..

ഒളിച്ചോടിയ
നിഴലുകളുടെ
ജഡങ്ങളാണ്

ഗുഹയില്‍
നിറയെ ...

ഒരു യാചകന്‍
പ്രണയത്തെ
കുറിച്ച്
വയറ്റത്തടിച്ചു പാടുന്നതു
കേട്ട്
റെയില്‍വേ ട്രാക്കില്‍
തലവെച്ചു കിടക്കുന്നു
ഭൂമി .

Sunday, March 24, 2013

വെളിപാടുകള്‍


കൗതുകത്തിന്റെ
ഒന്നാം വളവില്‍ വെച്ചാണ് 
നമ്മളാദ്യം കണ്ടു മുട്ടിയത്‌ 
അപ്പോള്‍ 
നീയൊരു കുലീന സുന്ദരിയും 
ഞാനൊരു
വായിനോക്കിയുമായിരുന്നു .

ഇഷ്ടത്തിന്റെ
രണ്ടാം വളവില്‍ വെച്ച്
നമ്മള്‍ പരിചയം
പുക്കിയപ്പോള്‍
ഞാനും നിന്നെ പോലെ
കുലീനനായി മാറിയിരുന്നുവല്ലേ.

പ്രണയത്തിന്റെ
മൂന്നാം വളവില്‍
വെച്ചാണു നിനക്കൊരു
ജാരനുണ്ടന്നു ഞാനറിഞ്ഞത് .
അതുവരെയും
ഞാനെന്റെ സുവിശേഷങ്ങള്‍
നിന്നെ കേള്‍പ്പിക്കുകയായിരുന്നുവല്ലോ

ആശ്ചര്യത്തിന്റെ
നാലാം വളവില്‍
നമ്മള്‍ സന്ധിച്ചപ്പോഴേക്കും
നിനക്ക് ചുറ്റും
ജാരന്മാരുടെ അസോസിയേഷന്‍
തന്നെയുന്ടന്ന സത്യം
ഞാന്‍ മനസ്സിലാക്കി .

മിസ്സ്‌ ആക്കാന്‍ ഇനിയും
അന്തങ്ങള്‍ ബാക്കി ഇല്ലാത്തതിനാല്‍
ഞാനന്തം വിടാതെ തന്നെ
നിന്നത് നീ ഓര്‍ക്കുന്നുടാവും .

വെളിപാടിന്റെ
അഞ്ചാം വളവില്‍
നീയൊരു സംഭവമാണന്നു
ബോധ്യമായപ്പോള്‍
ഞാനൊരു വിടനാണെന്ന സത്യം
തുറന്നു പറയാന്‍
എനിക്കും സൗകര്യമായി..

ആയതിനാല്‍
പ്രിയപെട്ടവളെ ,
നമുക്ക് വ്യഭിചരിക്കാം ...
മുഖമൂടികളില്ലാതെ ..! 

പാതിരാ സൂര്യന്‍

അന്നൊരിക്കല്‍ ,
ഒരിക്കല്‍ മാത്രം
പാതിരക്ക് സൂര്യനുദിച്ചു

യാതൊരു മുന്നറിയിപ്പുമില്ലാതെ
ഇരുട്ട് പ്രകാശത്തിനു വഴി മാറി..
അപ്പോള്‍
ആ കാഴ്ചകള്‍ കണ്ടു
ജനം മുഖം പൊത്തി ഓടി ..

ചിലര്‍ സൂര്യനെ ശപിച്ചു
ചീത്ത വിളിച്ചു,
ഉടുതുണി പരതി പരിഭ്രാന്തിയോടെ ...

ആ രാത്രി
പകലിന്റെ തുടര്‍ച്ചയില്‍
നേരം പുലരാനത്‌
രാത്രിയല്ലാതെയായിരുന്നല്ലോ .

അനന്തരം
ജനങ്ങള്‍
നേതാവിനെ കല്ലെറിഞ്ഞു കൊന്നു
ആള്‍ദൈവങ്ങളെ കുന്തങ്ങളില്‍ നാട്ടി ..
പുരോഹിനെ വെടിവെച്ച് കൊന്നു ..

ന്യായാധിപന്റെ
അടിവസ്ത്രം ചുമന്നു
വേശ്യകള്‍ തെരുവില്‍
ജാഥ നടത്തി ..

കുടുംബ കോടതികള്‍
സജീവമായി
എല്ലാ പൌരന്മാര്‍ക്കും
വിവാഹമോചനം
അനുവദിച്ചു കൊണ്ട്
ഉത്തരവായി
എന്തെന്നാൽ അവരൊക്കെയും 
ജാരന്മാരും വഞ്ചകികളുമായിരുന്നല്ലോ

കാര്യങ്ങള്‍
തലകീഴെ മറിഞ്ഞപ്പോള്‍
സൂര്യന് ഖേദമായി
പിന്നീടൊരിക്കലും സൂര്യന്‍
രാത്രിയുദിച്ചില്ല..




Saturday, March 23, 2013

കരയും ഞാനും


എന്തൊരു 
തണുപ്പാണ് ..
മരവിപ്പിന്റെ 
ആഴികളികള്‍ക്ക് ..

കരയെ കുറിച്ചുള്ള 
പ്രതീക്ഷകള്‍
ഏതോ 
കഴുകന്‍ 
റാഞ്ചിയെടുത്തിരിക്കുന്നു .

ആരോക്കയോ  
താഴോട്ടു 
വിളിക്കുന്നതു പോലെ .. 

ഒരിക്കല്‍ കൂടി 
ചുഴികളിലേക്ക്
വലിച്ചെറിയപ്പെട്ടത് 
എന്തിനാണന്നു 
മാത്രം 
ഇപ്പോഴും 
മനസ്സിലാകുന്നെയില്ല ..


കാളല്‍



വടക്കോട്ട് 
തന്നെ പോയികൊണ്ടിരിക്കാന്‍ 
ആവില്ലല്ലോ 
തെക്കോട്ടും പോകില്ലന്നു 
വാശിപിടിക്കാനുമാവില്ല..
പക്ഷെ 
തെക്കോട്ട് പോകുമ്പോള്‍ 
മൂന്നാമത്തെ വളവിലേക്ക് 
തിരിയുന്ന സമയത്ത് 
ഉള്ളിലൊരു കാളലാണ് ..

അമറാന്‍
അറിയാത്ത 
ബലിമൃഗത്തിന്റെ
കണ്ണ് നീരും 
നെടുവീര്‍കളും പിന്നെയൊരു 
നിലവിളിയും തളംകെട്ടി 
നില്‍ക്കുനുണ്ടവിടെ...

ചതഞ്ഞു പോയൊരു 
ഓര്‍മയുടെ നുറുങ്ങിയ 
അസ്ഥികളില്‍ 
ചിതറിയ സ്മരണകളെ 
ചാക് നൂലില്‍ 
കോര്‍ത്ത്‌ വെക്കുമ്പോള്‍ 
ഓര്‍ക്കണമായിരുന്നു ..
ഇനിയതോന്നും പറഞ്ഞിട്ട് 
കാര്യമില്ലല്ലോ ..

ചോരയും പൊടിമണ്ണും 
കലര്‍ന്ന മിഠായികളില്‍ 
ഉറമ്പരിച്ചു തുടങ്ങിയതിന്റെ
ഇനിയും വരക്കാത്ത 
ഒരു ചിത്രം എപ്പോഴാണ് 
ബേജാറ് ആക്കുക 
എന്ന് പറയാനാവില്ല .

തെക്കോട്ട് തീരെ 
പോവില്ലാന്നു 
വെറുതെ വിചാരിക്കും ..!

ഗ്ലാഡിയെറ്റര്‍



കൊളോസിയങ്ങളില്‍ 
നിന്നേറ്റ മുറിപ്പാടുകള്‍ 
നോക്കി 
മഹാനായ പോരാളിയെ 
അവിവേകങ്ങളുടെ 
ഇരുട്ടില്‍ 
പിറന്നു വീഴുന്ന
തെരുവ് ഗുണ്ടയോട്‌ 
ഉപമിചെക്കരുത് ...

ഹിംസയുടെ 
ചതിക്കുഴികളില്‍ 
കാണുന്ന ഉണങ്ങിയ 
ചോരപ്പാടുകള്‍ ചൂണ്ടി 
നീ 
കുറ്റവാളിയെന്നും 
പറഞ്ഞേക്കരുത് ...

പൈതൃകങ്ങളുടെ 
അടര്‍ന്നുവീണ 
ചുമരുകളെ കാണിച്ചു 
വീടും കുടിയുമില്ലാത്തവനെന്നും 
പരിഹസിചേക്കരുത് ..

കറുത്ത തുണിയിട്ട് 
മൂടിയ 
അക്ഷരങ്ങളുടെ 
ചതുരംഗപ്പലകക്ക് 
മുന്നിലെ 
അര്‍ത്ഥഗര്‍ഭങ്ങളായ 
മൌനങ്ങളെല്ലാം 
കളിയാറിയാത്തതു കൊണ്ടാനന്നും 
ധരിചേക്കരുത് ..

ഇരുളടഞ്ഞ
ശ്മശാനമൂകമായ 
പകലുകളില്‍ 
കേള്‍ക്കാറുള്ള
നെടുവീര്‍പ്പുകളെല്ലാം 
ഗതിയില്ലാത്തവരുടെതാണന്നും 
കരുതിയെക്കരുത്.

കാലിബന്‌


ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..
കാലിബന്റെ ചങ്കു പൊട്ടിയുള്ള പ്രാര്ത്ഥന

ടെമ്പസ്റ്റുകൾ വീണ്ടും വീണ്ടും
ആവിഷ്കരിക്കപ്പെടുമ്പോൾ
കാലിബനെ പോലെ പ്രാകികൊണ്ടിരിക്കാൻ
ആർക്കുമാവില്ല..
അതിനാൽ
ഞാനെന്റെ നാട്ടു ഭാഷയിൽ
നായിന്റെ മോളെ  നീയൊന്നും ഒരിക്കലും
കൊണം പിടിക്കില്ലെടീ...
എന്ന് മനോഹരമായി പ്രാകുന്നു

യജമാനനന്റെ
ഭാഷയില്‍ തന്നെ ശാപങ്ങളുരുവിടാൻ
കാലിബാൻ ഇവിടെയില്ല
ടെമ്പസ്റ്റുകൾ മാത്രമേയുള്ളൂ
അത് കൊണ്ട് വീണ്ടും പറയുന്നു
നായിന്റെ മോളെ
നീ കൊണം പിടിക്കില്ല..!

നമ്മുടെ പ്രണയമൊരു
പ്രോസ്പറോ ദ്വീപ്‌ ആയിരുന്നു
ഉല്ലാസ നൗകകൾ ,ഉദ്യാനങ്ങൾ
പൂക്കൾ പവിഴങ്ങൾ ..
എല്ലാം തികഞ്ഞ
നമ്മുടെ പ്രോസ്പറോ..

അത്ഞാതരായ
യജമാനന്മാര്‍ ..
ചവിട്ടി മെതിച്ച ദ്വീപുകളുടെ
സ്വന്തം വിലാപമാണ്‌
കാലിബന്റെ ചങ്കു പൊട്ടിയ
പ്രാർഥനകൾ ..
ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..!
ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..!!

ഞാനും
മനസ്സുരുകി പ്രാകുന്നു
നീയും വസൂരി പിടിച്ചു
ചത്തൊടുങ്ങിയിരുന്നെങ്കിൽ ..!

*ഷേക്സ്പിയർ പ്രഭ്വോ മാപ്പാക്കിയാലും .!!

Friday, March 22, 2013

അവനും അവളും




അയാള്‍, 
ആദ്യ രാത്രിയില്‍ 
ഫ്രെഞ്ച് വിപ്ലവത്തിന്റെ 
മഹത്വത്തെ കുറിച്ച് വാചലനായി .
അവള്‍, 
അയാളെ ബഹുമാനത്തോടെ നോക്കി .
അയാള്‍,
രണ്ടാം രാത്രിയില്‍ 
ഒക്ടോബര്‍ വിപ്ലവത്തെ കുറിച്ചാണ് 
പറയാന്‍ തുടങ്ങിയത് .
അവള്‍ .
അയാളെ സാകൂതം നോക്കിയിരുന്നു .
അയാള്‍ ,
മൂന്നാം രാത്രിയില്‍ 
മാവോയുടെ ലോങ്ങ്‌ മാര്‍ച്ചിനെ 
കുറിച്ച് സംസാരിച്ചു 
അവള്‍,
അത്ഭുതത്തോടെ അയാളെ നോക്കി .
നാലാം രാത്രിയില്‍ 
അയാള്‍ ,
ഗാന്ധിജിയുടെ 
ഉപ്പ് സത്യഗ്രഹത്തെ കുറിച്ച് 
അവള്‍ക് ക്ലാസെടുത്തു .
അവള്‍, 
അയാളെ മിഴിച്ചു നോക്കി .
അയാള്‍,
അഞ്ചാം രാത്രിയില്‍ 
ബെഞ്ചമിന്‍ മോലോയിസ്സിന്റെ 
കവിതയെ കുറിച്ച് 
പറയുമ്പോള്‍ ,അവള്‍
വിവസ്ത്രയായിരിന്നു .
അപ്പോള്‍ അയാള്‍ 
ഗാന്ധിജിയുടെ 
സത്യാന്വേഷണ പരീക്ഷണങ്ങളെ 
കുറിച്ച് പറയാന്‍ തുടങ്ങി.
ആറാം രാത്രിയില്‍ 
അയാള്‍ 
ചെങ്കിസ്ഖാന്റെ പടയോട്ടത്തെ 
കുറിച്ച് പറയുമ്പോള്‍ 
അവള്‍ ,
തൊട്ടടുത്ത മുറിയില്‍ 
ഉറങ്ങുകയായിരുന്ന 
ഡ്രൈവറുടെ മുറിയിലേക്ക് 
നോക്കി 
കാനനച്ചോലയില്‍ ആടു മേയ്ക്കാന്‍ 
ഞാനും വരട്ടയോ നിന്റെ കൂടെ..
എന്ന് പാടികൊണ്ടിരുന്നു ..

ബിനാമി


നേതാവിന്റെ 
മകന്റെ ഭാര്യ വീട്ടുകാര്‍
വാങ്ങിയ പുതിയ 
ആഡംബരക്കാറിന്റെ 
ആര്‍ സി ബൂകിലെ
നാമമാത്ര ഉടമയെ പോലെ 
അയാളെപ്പോഴും 
ബിനാമിയായിരുന്നു .

പാഥേയം


  1. നമ്മള്‍
    കാലത്തിന്റെ
    ഇരുട്ട് നിറഞ്ഞ
    അതിരില്‍ വെച്ചാണ്
    പരിചയപ്പെട്ടത്
    പാഥേയം നഷ്ടമായ യാത്രികരെ
    പോലെയായിരുന്നു നമ്മളപ്പോള്‍ .
    കാലിയായ തോള്‍സഞ്ചി പോലെ 
    നമ്മുടെ മനസ്സും

    നമ്മുടെ
    ആകശഭൂമികള്‍
    ഏതോ ഗുഹക്കുള്ളില്‍
    ശ്വോസം കിട്ടാതെ
    എരിപിരി കൊള്ളുന്നതിനെ കുറിച്ചാണ്
    നമ്മളാദ്യം സംസാരിച്ചത് .

    നിഴലുകള്‍
    നഷ്ടമായവരുടെ സംഘങ്ങള്‍
    തമ്പടിച്ചിരിക്കുന്നത്
    ഇവിടെയാണ്‌ .

    ശ്മശാനങ്ങള്‍ സ്മാരകങ്ങളോട്
    സങ്കടം പറഞ്ഞു കരയുന്ന
    ഗര്‍ത്തങ്ങളിലേക്ക്
    ഇനിയധികം ദൂരമില്ല

    ആരും കാണാതെ
    നീ ഒളിപ്പിച്ചു കൊണ്ടുവന്ന
    ആകാശ ഭൂമികളുടെ
    പൊട്ടും പൊടികളും
    നമുക്കിവിടെ വെച്ച് ഭാഗിചെടുക്കാം.

    അരനാഴിക
    നേരമെങ്കിലും
    നമുക്കത് പാഥേയമായേക്കും..!

Thursday, March 21, 2013

ഓര്മക്ക് ശേഷം



ഓര്‍മയുടെ അവസാന 

സിഗനലില്‍ നിന്ന് 
അങ്ങ് ദൂരെ .. 
വിസ്മ്രിതിയുടെ 
മഞ്ഞു മലകള്‍ക്കപ്പുറത്ത്
ഒരാള്കൂട്ടം 
കാത്തിരിപ്പുണ്ട

ആറടിമണ്ണില്‍ 

വിലാസങ്ങള്‍ ഒളിപ്പിച്ചു 
രൂപഭാവങ്ങള്‍ മാറിയവരത്രേ 
അവര്‍ . 

ബലിമ്രിഗങ്ങളും 

അറവുകാരും 
വീണ്ടുമൊരിക്കല്‍ കൂടി 
മുഖാമുഖം കാണുന്നത് 
ആ ആള്‍കൂട്ടത്തില്‍ 
വെച്ചായിരിക്കും .

ചതിക്കപ്പെട്ടവരുടെ 
വ്യസനങ്ങളോഴുകിയ 
പുഴയുടെ കരയില്‍ 
വിളര്‍ത്ത ചിരിയുമായി 
ഒരു ഫക്കീറിനെ 
കണ്ടേക്കാമവിടെ  ..

പകുതിയില്‍ 
മുറിഞ്ഞ 
ഒച്ചകള്‍ കത്തിച്ചു 
തീകായാനുള്ള ശ്രമത്തിലാണ് 
അയാള്‍ ..



ഒരിക്കല്‍ കൊന്നവരോട്



അടുത്ത പ്രാവശ്യം 
കൊല്ലുമ്പോള്‍
നിങ്ങള്‍ 
മുഖംമൂടിയെങ്കിലും
അണിയാന്‍ മറക്കരുത്,
കൊല്ലുന്നത് നിങ്ങളാണന്നു
ഞാനറിയാതിരിക്കാനാണ്.
ആ മുഖങ്ങള്‍ കണ്ടാല്‍
വലിയ സങ്കടമാവും .

മറ്റു കാര്യങ്ങളൊക്കെ
കഴിഞ്ഞ തവണത്തെ
പോലെ മതി .

സ്നേഹത്തിന്‍റെ നുരയുന്ന
വീഞ്ഞുകളില്‍
ഹെം‌ലക്ക് കലര്‍ത്തി കുടിപ്പിക്കണം
ബോധം മറയുന്നത് വരെ
കളി തമാശകള്‍
പറഞ്ഞു കൊണ്ടിരിക്കണം .

പക്ഷെ ,
അവസാന തുടിപ്പ്
നിലക്കുന്നത് വരെയും
ഇട്ടേച്ചു പോയെക്കരുത്
എന്താന്നാല്‍
ആറിഞ്ചു നീളമുള്ള
കത്തിയെ
കബളിപ്പിച്ചിട്ടുണ്ട്
ഞാനൊരിക്കല്‍ .

പിന്നീട് നിങ്ങളെഴുതുന്ന
ആദ്യ കവിതക്ക്
എന്റെ
ചങ്കിലെ ചോര കൊണ്ട്
നന്ദി ഈ സ്നേഹത്തിനെന്നു
ശീര്‍ഷകമെഴുതണം .

ഇത്രയേ വേണ്ടൂ ..!

*ഹെം‌ലക്ക് -സോക്രട്ടീസിനെ കുടിപ്പിച്ച വിഷം .

വാതില്‍


ഈ വാതില്‍
ഇതുവരെയും 
തുറക്കാതിരുന്നത്
നോവുകളുടെ
കുന്തിരിക്കം പുകച്ച മണം
നിങ്ങളാരും
അറിയാതിരിക്കാനാണ്
തിളക്കം നഷ്ടമായ
സ്മൃതികളുടെ
കസവ് ഉറുമാലുകളിൽ ,
പൈതൃകത്തിന്റെ
ശബ്ദമില്ലാത്ത കോൽക്കളി
പാട്ടുകൾ ..
കിനാവിന്റെ പാടങ്ങളില്‍
കൊയ്തുവെച്ച
കറ്റകള്‍ മെതിച്ചപ്പോൾ
മനസ്സിന്റെ പത്തായത്തില്‍
നിറയെ പതിര് ..
അങ്കക്കലിയിൽ
മുക്കിയുണക്കിയ
കുപ്പായങ്ങളിൽ
കണ്ണീരിന്റെയും നെഞ്ചിലെ
ചോരയുടെയും
മായപാടുകൾ .
ഖബറടക്കം
ചെയ്യപ്പെട്ട പ്രണയത്തിന്റെ
മീസാൻ കല്ലിൽ
ഫണം വിടര്ത്തി നില്ക്കുന്ന
മൂര്‍ഖന്‍ പാമ്പ്
ഇനി
വാതിലടക്കുകയാണ് ...
മേല്‍വിലാസങ്ങളിൽ
കുത്തിവരയപ്പെട്ടവരുടെ
വാഗണുകളുടെ
വാതില്‍
താഴിട്ടു പൂട്ടുകയാണ് .!

ഭ്രാന്ത്‌


നമുക്കിരുവര്‍ക്കും 
ഭ്രാന്ത്‌ പിടിപെടുന്നതിനു 
തൊട്ടു മുന്‍പുള്ള 
നിമിഷങ്ങളില്‍ നമ്മളോരു 
തടാകക്കരയിലായിരുന്നു ..
അരയന്നങ്ങളുടെ
പ്രണയാരവങ്ങളാല്‍
മുകരിതമായിരുന്നല്ലോ
 അവിടെ ..
നമ്മള്‍ അന്യോന്യം
ദൈര്‍ഘ്യമേറിയ ഒരുമ്മ 

കൈമാറിയപ്പോഴാണല്ലോ
പിറവിക്ക് മുന്‍പുള്ള 

ഇരുട്ടിന്റെ ആത്മരഹസ്യത്തെ
കുറിച്ച് വെളിപാടുണ്ടായത് .

കാടും കടലും 
തമ്മില്‍ ആകാശത്തിന്റെ 
നാണമില്ലായ്മയെ 
കുറിച്ച് സ്വോകര്യം പറഞ്ഞു 
ചിരിച്ചത് ഓര്‍ക്കുന്നില്ലേ 
സഖീ ..

ഇഷ്ഖിന്റെ പുരാതനമായ
ഒരു വിചാരം 

നമ്മുടെ
ചുണ്ടുകള്‍ക്കിടയില്‍
കിടന്നു ശ്വോസം മുട്ടുമ്പോള്‍
സ്മൃതികളുടെ
ഉടയാടകള്‍ ഊരിയെറിഞ്ഞു
നഗ്നമായ ഉന്മാദത്തിലേക്ക്
എടുത്തറിയപ്പെടുകയായിരുന്നുവല്ലോ 

നമ്മള്‍ .

ത്രില്ലര്‍


അവളെ കുറിച്ച് ..

അവളെ കുറിച്ച് കേട്ടിരിക്കുമല്ലോ ..അല്ലെ ..!

ഋതുക്കള്‍ ചത്തുമലച്ച 
നിശ്ചലതയില്‍ ,
ചലനങ്ങളുടെ
മാന്ത്രിക സ്പര്‍ശങ്ങള്‍
വിരല്‍ തുമ്പിലൊട്ടിച്ചു
കാലത്തിന്റെ ആത്മാവില്‍ നിന്ന് 
പ്രണയത്തെ
വേര്‍പ്പെടുതിയവളെ കുറിച്ച് ..

മനസ്സിലായില്ലെന്നു തോന്നുന്നു ..

ദൈവത്തിനു
നൈറ്റ് ഡ്യുട്ടിയുണ്ടായിരുന്ന നാളുകളില്‍
സൂര്യനെയും,
മാലാഖമാര്‍
കാബറെ നൃത്തം ചെയ്യാന്‍ പോയപ്പോള്‍
ചന്ദ്രനെയും
മുലക്കച്ചയില്‍ ഒളിപ്പിച്ചു
കടന്നു കളഞ്ഞവളെ കുറിച്ച് ..

ഇനിയും മനസ്സിലായില്ലന്കില്‍
ഒരു ക്ലൂ തരാം ...

ഓര്‍മകളുടെ തുരങ്കങ്ങളില്‍
വാരിയെല്ലില്‍ കൊത്തിവെച്ച
ഉല്പത്തിയുടെ ആത്മരഹസ്യം,
വഴി വാണിഭക്കാര്‍ക്ക്
തുഛ വിലക്ക് വിറ്റ് കാശാക്കിയവളെ
അറിയില്ലന്നോ ..

മനസിലായില്ലേ ...

വേട്ട നായ്ക്കള്‍
കാറ്റ് കൊള്ളുന്ന കടല്‍ക്കരയില്‍
പ്രണയസൌധംപണിത്,
കുടിയന്മാരായ ജാരന്മാര്‍ക്ക്
തൊട്ടു നക്കാന്‍
ഭര്‍ത്താവിനെ കൊണ്ട്
അച്ചാര്‍ വാങ്ങിപ്പിച്ചവളെ ..


ശോ........
ഇനിയും മനസ്സിലായില്ലന്നോ ..
നിന്റെ ഒരു കാര്യം..!
 ..

ആണിപ്പഴുതുകള്‍

ഞാന്‍ വലിച്ചിഴക്കപ്പെട്ടും ..
കല്ലെറിയപ്പെട്ടും
ചാട്ടയടിയേറ്റും

ഏതോ മലമുകളിലേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...

പുഴുക്കള്‍ പുളയുന്ന,
ചോരയും ചലവും തളംകെട്ടിയ
ചീഞ്ഞുനാറുന്ന
ശവശരീരങ്ങള്‍ക്കുമുകളിലൂടെ
ഒരു ഗുഹാമുഖത്തേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...

മനുഷ്യന്‍റെ
തലയോട്ടികളും
അസ്ഥികൂടങ്ങളും കൊണ്ട്
അലങ്കരിച്ച ഒരു ഗുഹാമുഖം...

കറുത്തളോഹധരിച്ച്
കരിമ്പടം കൊണ്ട്
മുഖം മറച്ച് ചിലര്‍
വേദപുസ്തകം പോലെ
ഉച്ചത്തില്‍
എന്തോ
പരായണം ചെയ്യുന്നു...

ഇരുണ്ട ഗുഹാഭിത്തികളില്‍
തൂക്കിയിട്ട
മനുഷ്യത്തോലുകളില്‍
ഭൂമിയിലെ
എല്ലാ ഭാഷകളിലുമെഴുതപ്പെട്ട
കവിതകള്‍...
അതിനെല്ലാം,
'അനശ്വരതയുടെ പുസ്തകം'
എന്ന ശീര്‍ഷകം...

ഫറോവയുടേയും
അബു ജഹലിന്‍റെയും
യൂദാസിന്‍റെയും പേരിലുള്ള
കവിതകള്‍...

ഹിറ്റ്ലറുടെ കവിതയ്ക്ക്
ഗീബൽസ് എഴുതിയ
ആസ്വാദനം...
മുസ്സോളിനിയുടെയും
സ്റ്റാലിന്റെയും
കവിതകള്‍...
ഗോഡ്സെയും
ബിന്‍ലാദനും ഏര്‍പ്പെട്ട
ഏതോ സംവാദം...

എപ്പോഴോ
കറുത്തളോഹാധാരികളുടെ,
ഉച്ചത്തില്‍,
ലോകം മുഴുവന്‍
ഞെട്ടുന്ന ഉച്ചത്തിലുള്ള
കവിതാപാരായണം
എന്നെയുണര്‍ത്തി...

അപ്പോഴും
എന്‍റെ രണ്ടു കൈകളിലേയും
ആണിപ്പഴുതുകളിൽ നിന്ന്
ചോരയൊലിച്ചു കൊണ്ടിരുന്നു.