Wednesday, July 17, 2013

താമിയുടെ പാട്ട്


താമിയുടെ പാട്ട്

മാപ്പിളമാരെ നന്ദി 
നായന്മാരെ നന്ദി 
തീയ്യന്മാരെ നന്ദി 
കമ്മ്യുണിസ്റ്റ്‌ ,ലീഗ് ,കോണ്ഗ്രസ് 
തമ്പ്രാക്കളെ ,
നിങ്ങള്‍ക്കേവര്‍ക്കും നന്ദി
കുറുമ്പയെ വിഭ്യചരിച്ച
നാട്ടുകാരെ,
നിങ്ങള്‍ക്കൊക്കയും
പാണന്റെ നന്ദി..
താമി പാടുകയാണ് ...

താമിയും മക്കളും
വിശന്നു പൊരിയുന്ന
ദിനരാത്രങ്ങളില്‍ ,
അയാളുടെ ഭാര്യയെ പ്രാപിക്കാന്‍
സന്മനസ്സ് കാണിച്ചവരെ
നന്ദിയോടെ സ്മരിച്ചു കൊണ്ട്
ഉടുക്കില്‍ കൊട്ടി
പാടുകയാണ് താമി .

സൂര്യനും ചന്ദ്രനും
ഒരുരേഖയില്‍ വെച്ച്
മുഖാമുഖം കാണുന്ന
ഇരുണ്ട രാത്രികളിലാണ്
താമിയുടെ ചങ്ക് പൊട്ടിയുള്ള
പാട്ട് ഉച്ചസ്ഥായിയിലാവുന്നത് .

താമിയൊരു
കൂട്ടിക്കൊടുപ്പുകാരാനോ
കുറുമ്പയൊരു വേശ്യയോ
ആയിരുന്നില്ലന്നു ഉടുക്ക്
കൊട്ടി പാട്ടിലൂടെ
വിളംബരം ചെയ്യുമ്പോള്‍
താമിയുടെ വംശത്തിന്റെ
കരളിലെ ചോര
കത്തിനിന്ന ആകാശത്തിന്
നിറം കറുപ്പ് ...

വാരസ്യെരമ്മക്ക്
മാത്രം വഴി
നടക്കാന്‍ ഉണ്ടാക്കിയ
ഊടുവരമ്പില്‍
മലമൂത്ര വിസര്‍ജ്ജനം
നടത്തിയ ശേഷമാണ്
താമിയുടെ കരഞ്ഞുകൊണ്ടുള്ള
പാതിരാ ഗാനങ്ങള്‍ ...

കുറുമ്പയെ പ്രാപിക്കുകയും
ഗുഹ്യരോഗം സമ്മാനിക്കുകയും
ചെയ്ത പ്രദേശവാസികളായ
മുഴുവന്‍ ആളുകളുടെയും
ഔദാര്യ മനസ്ഥിതിയെ വാനോളം
വാഴ്ത്തുകയും അകൈതവമായ
നന്ദി രേഖപ്പെടുത്തുകയും
ചെയ്യുന്നതോടെ
താമിയുടെ ചങ്കിലാളുന്ന
കാട്ടു തീ പാട്ടിലേക്ക്
പടരുകയായി .

തെക്കേകര ജുമാമസ്ജിദില്‍
നിന്ന് സുബഹി ബാങ്ക്
കൊടുക്കുമ്പോള്‍ മകള്‍
ചീരു കരഞ്ഞു കൊണ്ട്
പാടത്തേക്ക് വന്നു അച്ഛാ ...
എന്ന് വിളിചാര്‍ത്തു
കൂട്ടി കൊണ്ട് പോവുമ്പോഴാണ്
അതവസാനിക്കുന്നത് .

പാടത്തിന്റെ രണ്ടു
കരയിലും
താമിയുടെ പാട്ട് കേട്ട് എരിപിരി
കൊണ്ടിരുന്നവരോക്കെയും
താമിയെ പോലെ
ഓര്‍മയുടെ കറുത്ത വാവില്‍
ഒളിച്ചിട്ടും വാരസ്യാരമ്മക്ക്
മാത്രം നടക്കാനായി ഉണ്ടാക്കിയ
ഊടുവരമ്പിലിപ്പോഴും
താമിയുടെ വംശത്തിന്റെ
ചോര കത്തിയെരിഞ്ഞതിന്റെ
കരിഞ്ഞ മണമുണ്ട് .

കുലീനമായൊരു ഗ്രാമം


നിന്നെയിങ്ങനെ 
സൂക്ഷിച്ചു 
നോക്കുമ്പോഴൊക്കെ
നീയൊരു 
ആള്‍കൂട്ടമാണന്നെനിക്ക്
തോന്നാറുണ്ട്

പവിത്രമായൊരു
ചിന്തയുടെ ഒത്ത നടുവില്‍
വെച്ചു
ഗാഡമായി പുണരാതെ
നിന്നെയോരിക്കലും
ഒറ്റയാക്കിയെടുക്കാനാവില്ലന്നറിയാം

അല്ലാതെ
നീയിങ്ങിനെ
നൂറുനൂറായി വളര്‍ന്നു
വലിയൊരു ജനാവലിയായി
മാറിയാല്‍
ശരിയാവില്ല .

ആള്‍ താമസമില്ലാത്ത
കുലീനമായൊരു
ഗ്രാമത്തെ കുറിച്ച്
കവിത എഴുതാനുള്ള
ഔത്സുക്യത്തെ
അതിജീവിക്കാവനാവാതെ
കൈ വിറക്കുന്നതു
നിന്നെ
അറിയിക്കണമെന്നുണ്ട്.

നാണം കൊണ്ട്
വരികളില്‍ നിന്ന്
ഇറങ്ങിയോടുന്ന വാക്കിനെ
ഉന്തിതള്ളി
നിന്റെ മുന്നില്‍
കൊണ്ടുവന്നിടാന്‍
പലവുരു വിചാരിച്ചതാണ്

തലക്കാലം
സമുദ്ര നിരപ്പില്‍
എന്നെയും നിന്നെയും
കാത്തിരിക്കുന്ന കുലീനമായ
ഗ്രാമത്തിലേക്ക്
മാറ്റി വെക്കുകയാണ്
എല്ലാമെല്ലാം ...

സായാഹ്ന ചിന്തകള്‍


ആയാസകരമായ 
സായന്തനങ്ങളില്‍ 
പര്‍വതംങ്ങള്‍ 
ബലൂണുകള്‍ പോലെ 
വായുവിലൂടെ
ഒഴുകി നടക്കുന്നത്
കാണാം ..

ഒരു
കവിതയുടെ
ആലസ്യത്തില്‍
വിരിയാന്‍ മറന്ന
കുടമുല്ല പൂക്കള്‍
വിരിഞ്ഞു മന്ദസ്മിതം
തൂകുന്നതോടെ
മണ്ണിടിഞ്ഞു
നാശമായ നടപ്പാതയുടെ
അങ്ങേ അറ്റത്തു
പാദസരങ്ങളുടെ കിലുക്കവും
കേള്‍ക്കാം

തകര്‍ന്നടിഞ്ഞ
നഗരങ്ങളുടെ
സ്മരണകള്‍ക്കിടയില്‍
നിന്നൊരു
കുലീനയായ യുവതി
കവിതയെഴുതിയ
കണ്ണുകളുമായി
അരുകില്‍ വന്നു
പുഞ്ചിരിക്കും

അപ്പോള്‍
അസര്‍മുല്ലയുടെ
വള്ളികള്‍
കാലിലേക്ക് വളരുന്നതും
ദേഹമാകെ ചുറ്റിവരിയുന്നതും
അറിയുകയേയില്ല .

മുഖത്തേക്ക് വളര്‍ന്നൊരു
വള്ളിയില്‍ നിന്ന്
രണ്ടു കവിളിലും
പൂക്കള്‍ വിരിയിക്കുന്നതോടെ
ആഹ്ലാദദായകമായൊരു
സായാഹ്നം സമാപിക്കും

നെരൂദയുടെ ജാതി


മാപ്പിളമാര്‍ക്ക് കവിത എഴുതേണ്ട 
വല്ല കാര്യവുമുണ്ടോ
അവര്‍ക്ക് ആട് അറുക്കുകയോ
ദുബായില്‍ പോവുകയോ ചെയ്താല്‍ പോരെ
അശ്രീകരങ്ങള്‍ എല്ലാം അശുദ്ധമാക്കാനായിട്ട്...

തീയന്‍മാര്‍ക്കും കവിത എഴുതണന്നു വെച്ചാല്‍...
അവര്‍ക്ക് കള്ളു ചെത്തിയാല്‍ പോരെ
കഷ്ടം എന്നല്ലാതെ എന്താ പറയാ...

മീന്‍ പിടിച്ചിരുന്നോരും കുട്ടയും മുറവും
ഉണ്ടാക്കിയിരുന്നവരും കവിത എഴുതുന്നു...
ആരെയും പേടിക്കണ്ടല്ലോ
ആശ്രീകരങ്ങള്‍...

നമ്മുടെ മഹാകവികളൊക്കെ എങ്ങിനെയാണാവോ
ഇവറ്റകളുടെ ഇടയില്‍ ജീവിക്കുന്നത്...?
അല്ല കുട്ട്യേ ...
ഈ നെരൂദടെ ജാതി ഏതാണ്..

ലിംഗബ്ലിക്‌ ഓഫ് ഇന്ത്യ


2047 ആഗസ്റ്റ്‌ 15 അര്‍ദ്ധരാത്രി 
ആകാശത്ത് നൂറു  കൂറ്റന്‍ ലിംഗങ്ങള്‍  
പ്രത്യക്ഷപ്പെടും  
അതോടെ 
റിപ്പബ്ലിക്‌ ഓഫ് ഇന്ത്യ 
അനേകായിരം തുളകളുള്ള 
വലിയൊരു യോനിയായി 
മാറും.

2050 ജനുവരി 26നു
പുതിയ ഭരണഘടന
നിലവിൽ വരും 
അന്ന് മുതൽ ജനുവരി 26
ലിംഗബ്ലിക്‌ ഡേ
എന്നായിരിക്കും
അറിയപ്പെടുക

ലിംഗൊക്രസി 
എന്ന പുതിയ ഭരണ
വ്യവസ്ഥിതിയെ
രാജ്യം അടിസ്ഥാന 
മൂലരേഖയായി
അംഗീകരിക്കും .

അപ്പോള്‍ കേരളത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
നൂറ്റിനാല്പതു
ഉദ്ധരിച്ച ലിംഗങ്ങള്‍
സത്യപ്രതിഞ്ജ
ചെയ്തു അധികാരമേല്‍ക്കും

പുഴകളിലും കുളങ്ങളിലും
രേതസ് നിറഞ്ഞൊഴുകും 
ആര്‍ത്തവ രക്തത്തിന്റെ
കടല്‍ തിരകള്‍
നമ്മുടെ കരകളെ
ചുവപ്പിക്കും

നോട്ടുകെട്ടുകളുടെ
മാലിന്യ കൂംബാരങ്ങളില്‍
നിന്ന് 
വൈറസ്‌ പരന്നു
കറന്‍സി പനി
എന്നൊരു രോഗം
കൊണ്ട് ജനം പൊറുതിമുട്ടും

ആസക്തിയുടെ
കൊടുങ്കാറ്റ്
ആഞ്ഞുവീശുമ്പോള്‍
കടപുഴകിയ
അനേകായിരം ലിംഗങ്ങള്‍
ജാഥയായി സെക്രട്ടറിയെറ്റ്
നടയില്‍ സമരം നടത്തും

രേതസ്സ് പീരങ്കികളാണു
അവര്‍ക്ക് നേരെ
പ്രയോഗിക്കുക .
കാക്കിയും ഖദറുമിട്ട
ലിംഗങ്ങള്‍ പരസ്പരം
അഗ്രഭാഗം കൊണ്ട്
ശക്തമായി ഉരസും

തച്ചുടക്കപ്പെട്ട 
പ്രതിമകള്‍ക്ക് പകരമായി 
ശിൽപികൾ 
ലിംഗങ്ങളുടെ കൂറ്റൻ 
പ്രതിമകൾ നിർമ്മിച്ച്‌ നല്കും .

* ഡൽഹി ബലൽസംഘ വിവാദ സമയത്ത് എഴുതിയത് .

വിജനമായ നഗരം



കഴുമര ചുവട്ടിലെ 
അനിശ്ചിതത്വങ്ങളില്‍
കരളിലെ 
ചോരകൊണ്ടെഴുതിയ 
കവിതകളുടെ 
ആഡംബരമിവിടെ 
ഉപേക്ഷിക്കുന്നതിന് മുന്‍പ്‌ 
ഒരു സ്വോകാര്യം പറയാനുണ്ട് 

ഇതൊരു
നഗരമായിരുന്നു
കാടും മലയും കാറ്റുമൊക്കെ
ഇതിലൂടെ
യഥേഷ്ടം വിഹരിക്കുകയും
സൂര്യനും ചന്ദ്രനും പരസ്പരം
രാവിനെയും പകലിനെയും
വെച്ച് മാറുകയും ചെയ്തിരുന്ന
പ്രൌഡ ഗംഭീരമായ
മഹാ നഗരം ..

വിശാലവും
വിജനവുമായ ഈ ശ്മശാനം
ഒരു ഘോര യുദ്ധത്തിന്റെ
ദുരന്തപൂര്‍ണ്ണമായ സമാപ്തിയുടെ
അവാസന
സ്മാരകമാണിന്നു .

ഈ നഗരത്തിലേക്ക്
വിരുന്നുകാരായി
വന്നിരുന്ന നക്ഷത്രങ്ങളും
മഴവില്ലുകളും വെള്ളിമേഘങ്ങളും
ഓര്‍മകളുടെ ഓക്കാനങ്ങളിലൂടെ
നേരവും കാലവും നോക്കാതെ
കയറി വരുന്ന
മര്യാദയില്ലാത്ത അതിഥികള്‍
മാത്രമാണിപ്പോള്‍

യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ട
പുഴകളെയും സമുദ്രങ്ങളെയും
അഗ്നി കുണ്ടങ്ങളിലിട്ടു
വറ്റിച്ചു കളഞ്ഞതിന്റെ
പാടുകളാണീ കാണുന്നത് .

നിനക്ക്
ചൂഴ്ന്നെടുക്കാന്‍ വേണ്ടി
രണ്ടു കണ്ണുകളും
കത്തിച്ചു ചാമ്പലാക്കാന്‍
ചുവരുകളിളില്ലാത്ത
ഗ്രന്ഥപ്പുരയും ബാക്കി വെച്ചാണ്
ഞാന്റെ ഖബറിനു
കാവല്‍ നില്‍ക്കുന്നത് ..


കാട്ടുപോത്തു വെറും പോത്താകുമ്പോള്‍



എഴുതപ്പെടാനിരിക്കുന്ന 
ഖണ്ട കാവ്യത്തിന്റെ 
ഇതിവൃത്തത്തിലെക്ക് 
വെളിച്ചം വീശുന 
ചില സൂചനകള്‍.

കാട്ടുപോത്ത്
മുയലാകാന്‍ ആഗ്രഹിച്ചത്
മുതല്‍
നേരിടുന്ന
അസ്തിത്വ പ്രതിസന്ധികളെ
കുറിച്ചായിരിക്കും
പ്രാരംഭം .

കേള്‍ക്കാന്‍
കൊതിച്ച വാക്കിന്റെ
ഇന്ദ്രജാലങ്ങളില്‍
വിശ്വോസമര്‍പ്പിച്ചു
ചെവിയോര്‍ത്തു
കാത്തിരുന്നതിനെ
കുറിച്ചാണ് അടുത്തത് .

ഒരു സ്പര്‍ശത്തിന്റെ
മായാജാലങ്ങളില്‍
പ്രതീക്ഷയര്‍പ്പിച്ചു
പാഴാക്കിയ കാലത്തെ
അടയാളപ്പെടുത്തുന്ന
ചില കാര്യങ്ങള്‍

ഒരൊറ്റ പോരിന്റെ
വീര്യം പോലും ബാക്കി
വെക്കാതെ ,
ഒരു നോട്ടത്തിന്റെ ക്രൗര്യം
പോലും
അവശേഷിപ്പിക്കാതെ
പരിവര്‍ത്തനവും
പരിണാമവും മനസ്സില്‍
താലോലിച്ച നാളുകളെ
സംബന്ധിച്ച് ..

വീര്യം ചോര്‍ന്നു
മോങ്ങേണ്ടി വന്നതിനെ
കുറിച്ചും
ശൗര്യം നഷ്ടമായി
വെറും
പോത്തായി മാറിയതിനെ
കുറിച്ചും ആത്മനിന്ദയോടെ
ചിലത് .

ഒരു കാട്ടു പോത്ത്
വെറും പോത്താകേണ്ടി
വരുമ്പോള്‍
പുതുതായി ഉണ്ടാവുന്ന
പ്രശ്നങ്ങളെ
അടിസ്ഥാനമാക്കി
ചിലത്

അറവുകാരെ
കിനാവ്‌ കാണുന്നതിനെ
കുറിച്ചും
തൂക്കി വില്‍ക്കുന്ന
മാംസമാകുന്നതിനെ
അല്പം വിസ്തരിച്ചും



കാട്ടില്‍ നിന്ന്
അറവുശാലയിലേക്ക്
എന്ന്
ശീര്‍ഷകം നല്‍കാനുള്ള
കാരണത്തെ കുറിച്ച് .

ദൂരം




പെരിന്തല്‍മണ്ണയില്‍ 
ഒരു കടലിന്റെ കുറവുണ്ടന്നു 
തോന്നാത്ത ആരുമുണ്ടാവില്ല

കോഴിക്കോട്ട് നിന്നോ 
പൊന്നാനിയില്‍ നിന്നോ
കൂറ്റന്‍ തിരമാലകള്‍
അങ്ങാടിപ്പുറം വഴി 
പെരിന്തല്‍മണ്ണയിലേക്ക് പ്രവേശിക്കുന്ന
കാഴ്ച കണ്ടിട്ട് വേണം .......

വാസ്തവത്തില്‍ ..
കോഴിക്കോട്ടെക്കും
പൊന്നാനിയിലേക്കും
പെരിന്തല്‍മണ്ണയില്‍ നിന്നും
ഇത്രയേറെ ദൂരമെന്തിനാണ് ?

പെരിന്തല്‍മണ്ണയില്‍ നിറയെ കടല്‍ കാക്കകള്‍ ,
റയില്‍വേ ഗേറ്റു തുറക്കുന്നതും കാത്തു
പാവം തിരമാലകള്‍ വരിവരിയായി,
വരിയുടക്കാത്ത ഒരു കടല്‍ കാറ്റിനെ
മൂക്ക് കയറിട്ടു കോടതിപ്പടിയില്‍
കെട്ടിയിട്ടിരിക്കുന്നു ..
എന്ത് രസം .....

പൊന്നാനിയില്‍ നിന്നോ
കോഴിക്കോട് നിന്നോ
കടലിന്റെ ഒരറ്റം
റയില്‍വേ ഗെറ്റ് വരെ
വലിച്ചു നീട്ടിയാലും മതി ..

അപ്പൊ
അങ്ങാടിപ്പുറത്തിനെ എന്ത് ചെയ്യുമെന്നു ചിലര്‍ .
അല്ലങ്കില്‍ തന്നെ
അങ്ങാടിപ്പുറത്തിന്റെ
ആവശ്യം ഇനിയുമുണ്ടോ ?

വളാഞ്ചേരിയും കുറ്റിപ്പുറവും
മലപ്പുറവും കൊണ്ടോട്ടിയും
എങ്ങോട്ട് മാറ്റും ?
എവിടെക്ക് വേണമെങ്കിലും
മാറ്റട്ടെ ..
അവിടെയോന്നുമാല്ലല്ലോ
എന്റെ വീട് .

കടല് കൊണ്ട് വരാന്‍ പോകുമ്പോള്‍
കോല്‍ക്കളിയും, ദഫുമുട്ടും
ബാന്റു വാദ്യവും
കരിമരുന്നു പ്രയോഗവും വേണം ..
അത് കാണാന്‍
തൃശൂര്‍ക്കാരെ പ്രത്യകം വിളിക്കുകയും വേണം .