Wednesday, May 28, 2014

പട്ടിയെ ആടാക്കുമ്പോള്‍



ഓര്‍ക്കാപ്പുറത്ത് 
തറവാടിന്റെ യശസ്സിനേറ്റ
ഒരടിയായിരുന്നു 
കോമുഹാജിയുടെ മരണം.

കല്ലുങ്ങല്‍ സരളയുടെ 
വീട്ടു മുറ്റത്ത്‌ 
വാഴവെട്ടിയിട്ട പോലെ
മലര്‍ന്നടിച്ചു വീണാണ്
പഹയന്‍ മയ്യത്തായത്

മക്കളുടെ നിലക്കും
വിലക്കും
അനുസരിച്ചൊരു
"അന്തരിക്കല്‍ "സമ്മാനിച്ചു
തറവാടിന്റെ അന്തസ്സ്
കാത്തു വിടവാങ്ങാന്‍
കോമുഹാജിക്ക്
യോഗമുണ്ടായില്ല.

ആരെയും അറിയിക്കാതെ
കുഴിച്ചിടാന്‍
ആരെങ്കിലും തല്ലിക്കൊന്ന
പാമ്പോ
ദീനംവന്നു ചത്ത നായയോ
അല്ലല്ലോ ..
ഒത്ത മന്സനല്ലേ .

ആ ഒരുമ്പട്ടോളുടെ
വീട്ടില്‍
ഇയാളെന്തിനു പോയീന്നാണ്
ബന്ധുക്കളോടും നാട്ടുകാരോടും
പറയുക .
വല്ലാത്തൊരു അവസ്ഥയിലായി
കുടുംബംങ്ങള്‍
എങ്ങിനെ മൂടിവെക്കുമീ
നാണക്കേട് ?

മക്കള്‍ അന്തംവിട്ടിരിക്കുന്നു
കോമുഹാജി വെള്ളപുതച്ചു
താനീ നാട്ടുകാരനെ അല്ലന്ന മട്ടില്‍
മരിച്ചു കിടക്കുന്നു .
നേരം പുലര്‍ന്നാല്‍ ..ശോ ..
ഓര്‍ക്കാന്‍ വയ്യ
വല്ലാത്തൊരു ഗതികേട് ..

നടുതൊടി രാമന്‍ നായരാണ്
ബുദ്ധി പറഞ്ഞത് ..
കൊമൂന്റെ കൂടെ ഞാനും
ബാവയ്ക്കയും മോയെതീന്‍ഹാജിയും
പിന്നെ ഏതാനും പ്രമാണിമാരും
ഉണ്ടായിരുന്നു എന്നങ്ങട്
പറയുക ...
പക്ഷെ ഒലോടൊക്കെ
ആദ്യം ഒരുധാരണയില്‍ എത്തണം
ന്നാ വേഗാവട്ടെ ..
സരള മറിച്ചു പറീല .
അത് ഞാന്‍ ഏറ്റു..

പക്ഷെ എല്ലാരും കൂടി
എന്തിനു പോയീന്നാണ്
പറയുക ?
ഓള്‍ടെ അഴിഞ്ഞാട്ടം നിര്‍ത്തിക്കാന്‍
അല്ലാതെ എന്തിനു ..

രാമന്‍ നായരെ മറക്കൂല ..
ങ്ങള് ഞങ്ങടെ തറവാടിന്റെ മാനം കാത്തു ..

അങ്ങിനെ കോമുഹാജി
സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി
ജീവന്‍ ബലിയര്‍പ്പിച്ച
മഹാനായി വാഴ്ത്തപ്പെട്ടു .

No comments:

Post a Comment