Tuesday, March 31, 2015

വിസ്മൃതി

കവലയിൽ ഇറങ്ങി ഓടോ റിക്ഷയിൽ കയറിയിരുന്നാൽ മതിയായിരുന്നു ഒന്നും മിണ്ടാതെ വീട്ടിലെത്തിച്ചു തന്നിരുന്നു ആദ്യമൊക്കെ ഇപ്പോഴിതാ പതിവില്ലാത്ത ഒരു ചോദ്യം എങ്ങോട്ടാ ? വീട്ടിലേക്കു . ആരുടെ ? എന്റെ നിങ്ങളാരാ .? ഞാനോ ....ഞാൻ സ്റ്റോപ്പ്‌ ഇല്ലാതിരുന്നിട്ടും വീട്ടുപടിക്കൽ ബസ് നിർത്തുമായിരുന്നു ഇപ്പോഴിതാ കടന്ക്ടർ ചോദിക്കുന്നു എവിടെയാ ഇറങ്ങെണ്ടാതെന്നു .. സ്ഥലം പറഞ്ഞപ്പോൾ അങ്ങിനെയൊരു സ്ഥലമേ ഇല്ലെന്നു വാദിക്കുന്നു നാട്ടിലുള്ള എല്ലാ കല്യാങ്ങളും പറഞ്ഞിരുന്നുവല്ലോ എന്നോട് .. ഇപ്പോഴെന്താണ് ആരും കല്യാണം പറയാത്തത് അതിനു നിങ്ങളീ നാട്ടുകാരനെ അല്ലല്ലോ ഞങ്ങള്ക്ക് നിങ്ങളെ അറിയില്ലല്ലോ എന്റെ കാറാണല്ലോ ആ പോകുന്നത് എന്നിട്ടെന്താണ് എന്നെ കയറ്റാത്തത് അവരെന്താണ് എന്നെ കണ്ടിട്ട് കാണാത്ത പോലെ ..! സ്വന്തം വീട്ടുപടിക്കലെത്തിയപ്പോൾ ... നിങ്ങളാരാ ...? ഞാനോ ...ഞാൻ ... പിച്ചക്കാർ കുതിര സവാരി നടത്തുന്ന തെരുവിൽ ഒറ്റപ്പെട്ടിരിക്കുന്നു .. പഴകി അഴുക്കു പുരണ്ട വീഞ്ഞപ്പെട്ടികൾക്കും ബെന്ച്ചുകൾക്കുമിടയിൽ കമ്പിളി പുതച്ചു ഞാനിരിക്കുന്നു ... വിസ്മൃതിക്ക് മുന്പുള്ള ആരുടെയോ ചുംബനത്തിന്റെ മുറിവുകളാണ് മേനിയിൽ ..!

പൂവ്


ആള്മാറി വെട്ടിയപ്പോൾ
രക്ത സാക്ഷിയായിപ്പോയ
സുഗുണന്റെ ശവമടക്കു കഴിഞ്ഞു 
മടങ്ങുന്നതിനിടയിലാണ്
യഥാർത്ഥത്തിൽ
കൊല്ലപ്പെടെണ്ടിയിരുന്ന
കണാരന്റെ ഭാര്യയെ കണ്ടത്
വിധവയാക്കപ്പെടാൻ
അർഹതയുള്ള വേറെയും
കുറെ പെണ്ണുങ്ങൾ ...
പിന്നീട്
കണാരേട്ടന്റെ ശവമടക്ക്
കഴിഞ്ഞു മടങ്ങുമ്പോൾ
ഒറ്റ വിചാരമേ ഉണ്ടായിരുന്നള്ളൂ
സുഗുണന്റെ വിധവയെ
സഹായിച്ചു കൊണ്ടിരിക്കുന്നത് പോലെ
കണാരേട്ടന്റെ വിധവയെയും
സഹായിച്ചു കൊണ്ടേയിരിക്കണം
അതിനിടയിലാണ്
എന്നെ വെട്ടാനിടയുള്ള
സന്തോഷിന്റെ കയ്യിലൊരു
പനനീർ പൂവ് .ശ്രദ്ധയിൽപ്പെട്ടത്
സുഗുണന്റെയും
കണാരന്റെയും വിധവകള്ക്ക്
ഞാൻ സമ്മാനിച്ച
കടും ചുവപ്പ് നിറത്തിലുള്ള
പനനീർ പൂവ്.

ബൈപ്പാസ്


കുട്ടിയായിരുന്നപ്പോൾ മരിച്ചു പോയ
അപസ്മാര രോഗിയായിരുന്ന ഹംസയിതാ
ബൈപ്പാസിൽ ലോട്ടറി വിൽക്കുന്നു..
കുട്ടിക്കാലത്ത്,
തെങ്ങിൽ നിന്ന് വീണു മരിച്ചു വേലായുധൻ
ജൂബിലി റോട്ടിൽ കരിമ്പ്‌ ജ്യുസ് വില്ക്കുന്നുണ്ട്
രാംദാസ് ഹോസ്പിറ്റലിന്റെ മുന്പിലുള്ള
തട്ടുകടയിൽ പരിപ്പ് വട ചുടുന്നത്
മുപ്പതു കൊല്ലം മുൻപ് മരിച്ചു പോയ
വാര്യർ മാഷാണ് .
അടുത്ത വെള്ളിയാഴ്ച ജയന്റെ മൂർഖൻ
ജഹനറയിൽ റിലീസാവുന്നതിന്റെ
നോടീസ് വിതരണം ചെയ്യുന്നത്
തൂങ്ങി മരിച്ച ഒസ്സാൻ അബുവാണ്
വരുന്ന ബുധനാഴ്ച
കോടതിപ്പടിയിൽ സഖാവ് ഇ എം എസ്
പ്രസംഗിക്കുന്നുണ്ടത്രെ ..
പൂകോയതങ്ങൾ മന്ത്രിച്ചു കെട്ടിയ ഏലസ്സ്
അവിടെത്തന്നെ ഉണ്ടന്ന് ഉറപ്പുവരുത്തി
ഇന്നാലില്ലാഹി...
ആരോ മരിച്ചു പോയ വിവരം
അനൗൻസ് ചെയ്യുന്ന ജീപ്പ് അടുത്തെത്തി.
ജീപ്പിന്റെ ഡ്രൈവർ പള്ളിക്കുളത്തിൽ
മുങ്ങിമരിച്ച കുഞ്ഞുമരക്കാർ
ഹംസയുടെ കയ്യിൽ നിന്ന് വാങ്ങിയ ലോട്ടറി
ടിക്കറ്റുമായി അതിൽ കേറിയിരുന്നു ..
ബൈപ്പാസുകളിലൂടെ...
അതിവേഗത്തിൽ ...
ഇന്നാലില്ലാഹി വ ഇന്നാ ...
എന്റെ മരണ വിവരം തന്നെയാണല്ലോ
ഇപ്പോൾ അനൗൻസ്മെന്റ് ചെയ്യപ്പെടുന്നത്
പിന്നീടെപ്പോഴോ ഞാനൊറ്റക്കായി ജീപ്പിൽ
ഇന്നാലില്ലാഹി വ ഇന്നാ
ഇന്നലെ രാത്രി ബൈപ്പാസിൽ വെച്ചുണ്ടായ
കാറപകടത്തിൽ ഞാൻ മരണപ്പെട്ട വിവരം
എല്ലാ ബന്ധുമിത്രാദികളെയും നാട്ടുകാരെയും
വ്യസന സമേതം അറിയിച്ചു കൊള്ളുന്നു ...
തട്ടുകടയിൽ നിന്ന് വാര്യർ മാഷ്‌ തന്ന ചായയും
പരിപ്പ് വടയും കഴിച്ചു വീണ്ടും .
അനൗൻസ്മെന്റ് തുടര്ന്നു.
ഇന്നാലില്ലാ...
ഞങ്ങളാരും മരിച്ചിട്ടില്ലെന്ന്
കാറ്റിനോട് വെറുതെ തര്ക്കിച്ചു നോക്കുന്നുണ്ട്
ആരൊക്കയൊ ..!

ബലാൽസംഘം


മഴയുള്ളൊരു രാത്രിയിൽ
ഹെല്മറ്റ് ധരിക്കാതെ
മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ 
ചെറുപ്പക്കാരൻ ഒന്നും പറയാതെ
ബലാൽസംഘം മാത്രം ചെയ്തു മടങ്ങിയത്തിൽ പിന്നെ ..
അവളുടെ രാത്രികളിൽ മഴപെയ്യുന്നതും
മുറിയുടെ മൂലകളിൽ നിന്ന്
തുരുതുരാ മോട്ടോർ സൈക്കിളുകൾ
ഇരമ്പി പുറപ്പെടുന്നതും
അവളുറങ്ങുന്ന കട്ടിലിനു ചുറ്റും
അനേകം തവണ വലം വെക്കുന്നതും
തുടർന്ന് കൊണ്ടിരിക്കുമ്പോൾ
ചേട്ടന്റെ കൂർക്കം വലി
ഉച്ചത്തിലാവുകയും മോട്ടോർ സൈക്കിളുകൾ
അപ്രത്യക്ഷമാവുകയും ചെയ്യുന്നത്
പതിവാകുന്നതിനു മുന്പ് ..
മഴയില്ലാത്തൊരു രാത്രിയിൽ
തുറന്നിട്ട ജാലകത്തിലൂടെ നുഴഞ്ഞു കയറിയ
ആരുടെയോ നിഴൽ , ഒന്നും ഉരിയാടാതെ
ബാലാല്സംഘം മാത്രം ചെയ്തു ഇരുട്ടിലൊളിച്ചതിൽ പിന്നെ
അവളുടെ രാത്രികളിൽ മഴയില്ലാതെയാവുകയും
ഉടമസ്ഥരില്ലാത്ത അനേകം നിഴലുകൾ
അവളുറങ്ങുന്ന മുറിയിൽ നുഴഞ്ഞു കേറുകയും
ഇരുത്തിയും കിടത്തിയും ചുമരിൽചാരി നിറുത്തിയും
മാറി മാറി ബാലാല്സംഘം മാത്രം ചെയ്തു കൊണ്ടിരിക്കുമ്പോൾ
ചേട്ടന്റെ കൂർക്കം വലി
ഉച്ചത്തിലാവുകയും നിഴലുകൾ
ഇരുട്ടിൽ ഒളിക്കുകയും ചെയ്യുന്നത് പതിവായിരുന്നു
ചേട്ടന്റെ കൂർക്കം വലി ഉച്ചതിലാവുന്നത് വരെ
കാത്തു നില്ക്കേണ്ട കാര്യമില്ലെന്നും
നിലവിളിച്ചു ബഹളം വെച്ച് അദ്ധേഹത്തെ
വിളിച്ചുണർത്താമായിരുന്നുവെന്നും
വെളിപാട് ഉണ്ടാവുന്നതിനു മുന്പ്
കുതിരപ്പുറത്തു പടച്ചട്ട യണിഞ്ഞു വന്നിറങ്ങിയ
ഏതോ സൈനികൻ, ഒന്നും ഉരിയാടാതെ
ബാലാല്സംഘം മാത്രം ചെയ്തു മടങ്ങിപ്പോവുകയും
ചെയ്തതിൽ പിന്നെ
അവളുറങ്ങുന്ന മുറിയിൽ കുതിരകളുടെ
കുളമ്പടി ശബ്ദങ്ങൾ പതിവായി തീർന്നു
മഴയുള്ളതും മഴയില്ലാതതുമായ
രാത്രികളിൽ ഒന്നും ഉരിയാടാതെ
ബാലാല്സംഘം മാത്രം ചെയ്തു
അപ്രത്യക്ഷരാവുന്ന സൈനികരുടെയും
മോട്ടോർ സൈക്കിള്കാരുടേയും
നിഴലുകളുടെയും ആക്രമണങ്ങളിൽ നിന്ന്
രക്ഷ തേടി പോലീസുകാരനെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയത് മുതൽ
രാത്രികളിൽ ,
ചേട്ടന്റെ കൂർക്കം വലി ഉച്ചതിലാവുന്നത് വരെ
പോലീസുകാർ കൂട്ട ബാലാല്സംഘം
ചെയ്യുന്നത് സാധാരണ സംഭവമായി
ഒടുവിൽ, ഏറ്റവും ഒടുവിൽ
ഭക്തി സാന്ദ്രമായ ,
രണ്ടറ്റങ്ങൾ മുറിഞ്ഞു പോയൊരു പകലിൽ
ആൾ ദൈവത്തിനാൽ ബാലാല്സംഘം ചെയ്യപ്പെട്ടതിൽ പിന്നെ
ഒരൊറ്റ മോട്ടോർ സൈക്കിൾ യാത്രക്കാരനോ
സൈനികനോ പോലീസുകാരനോ,
മറ്റാരെങ്കിലുമോ അവളെ തേടിവരികയോ
ബാലാല്സംഘം ചെയ്തു
ഒന്നും ഉരിയാടാതെ മടങ്ങി പോവുകയോ ഉണ്ടായിട്ടില്ല ..
ഇപ്പോഴവൾക്ക് മഴയുള്ളതും ഇല്ലാത്തതുമായ
രാത്രികളുടെ വക ഭേദങ്ങളില്ല
ചേട്ടന്റെ കൂർക്കം വലി അസഹ്യമാവാത്ത,
അറ്റങ്ങൾ മാഞ്ഞുപോയ പകലുകളിൽ
ബാലാല്സംഘം ചെയ്യാൻ ഒരാളെങ്കിലും
വരാതിരിക്കില്ലെന്ന പ്രതീക്ഷയിൽ
ഉടയാടകളില്ലാതെ കാത്തിരിക്കുമ്പോൾ ....
പുറത്തു കാത്തിരിക്കുന്ന ഭക്തർക്കിടയിൽ നിന്ന്
ഹെല്മറ്റ് ധരിക്കാതെ ,മോട്ടോർ സൈക്കിളിൽ
വന്നിറങ്ങിയ പോലീസുകാരൻ
മാത്രം അകത്തേക്ക് പ്രവേശിച്ചു
അമ്മെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു കാലിൽ വീണു കിടന്നു കരയുന്നു
അപ്പോൾ പടച്ചട്ടയണിഞ്ഞ
പുരാണ സീരിയലിലെ കഥാപാത്രം
വേറൊരു സീരിയലിൽ പിച്ചക്കാരനായി
അഭിനയിക്കുന്നതായി അവൾക്കു വെളിപാട് ലഭിക്കുന്നു ...!

ആരെങ്കിലും .

.
ആരങ്കിലും
ഇപ്പോഴുമവളെ കാണാറുണ്ടങ്കിൽ
ആദ്യം അവളുടെ പാകമില്ലാത്ത ഉടയാടകൾ 
മാറ്റാൻ അവളെ ഉപദേശിക്കുക .!
കൊള്ളക്കാർ ,ചൂത് കളിക്കാൻ വരുമ്പോൾ
വിളക്കിലെ എണ്ണയെ കുറിച്ച്
ജാഗ്രത വേണമെന്ന് പ്രത്യേകം
പറഞ്ഞു കൊടുക്കണം .!
ആരെങ്കിലും സമയം കിട്ടുമ്പോൾ
ഉണങ്ങിയ ചില്ലകളുള്ള
മരത്തിൽ നിന്ന് താഴെ ഇറങ്ങാൻ
അവളെ സഹായിക്കുക ..!
ഭയം അവളുടെ മുടികളെ
നരപ്പിക്കുന്നതിനു മുൻപേ
അവളെ ഉണർത്തുക ..
കള്ള ചൂതുകാർ വീണ്ടും കളി ജയിച്ചേക്കുമെന്നു ,
അവളെ ഒറ്റു കൊടുക്കാനുള്ള
വെള്ളിക്കാശ് വിതരണം ചെയ്യപ്പെട്ടെക്കുമെന്നു,
മരങ്ങൾ ഉണങ്ങിപ്പോയ വരണ്ട കാടുകളിൽ
തൊണ്ട നനയാതെ
കള്ളന്മാർക്കൊപ്പം നഗ്നയായി മരിച്ചേക്കുമെന്ന്......
അവളുടെ മേനിയിലെ തീ അണയുന്നതിനു മുൻപ്
ചുംബനങ്ങൾ പൂത്തുലഞ്ഞ ഉദ്യാനങ്ങളിൽ
ഒരിക്കൽ കൂടി കൈപിടിച്ച് നടത്തുക
അവളെ ശുദ്ധീകരിക്കുക ..!!

പരിചയപ്പെടുമ്പോൾ

സാർ ,
പരിചയപ്പെടുമ്പോൾ , അയാളുടെ
സ്വദേശം തൃശൂർ ജില്ലയിലോ
പാലക്കാട് ജില്ലയിലോ ആയിരിക്കുമെന്നും
അയാളൊരു മലപ്പുറം ജില്ലക്കാരനോ
കോഴിക്കോട് ജില്ലക്കാരനോ ആകാനിടയില്ലന്നും
നിങ്ങള്ക്ക് വെറുതെ തോന്നും .
നിങ്ങളെ അയാൾ സാറേ എന്ന് സംബോധന ചെയ്യുന്നതിൽ
യാതൊരു പിശുക്കും കാണിക്കില്ല ..
ഒരു പക്ഷെ സാറേ എന്ന് വിളിക്കുമ്പോൾ
അയാളുടെ ഉള്ളിൽ എടോ പൂ....
എന്നൊരു പരിഹാസം ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ
എന്നൊന്നും കൃത്യമായി പറയാനാവില്ല
ഏതായാലും അയാൾ ,
തുടര്ച്ചയായി സാറേ എന്ന് വിളിച്ചു
നിങ്ങളുടെ ആത്മാഭിമാനത്തെ
ഉദ്ദീപവിപ്പിച്ചു കൊണ്ടിരിക്കും .
നിങ്ങളൊരു അധ്യാപകനോ കച്ചവടക്കാരനോ ആയിരുന്നിരിക്കാം
ബിസ്നെസ്കാരനോ ഗൾഫ്‌കാരനോ ആയിരിക്കാം
രാഷ്ട്രീയക്കാരനോ പുരോഹിതനോ ആയിക്കൂടെന്നില്ല
കവിയോ കൂട്ടികൊടുപ്പുകാരനോ ആയാൽ തന്നെയും
നിങ്ങളുടെ സ്വദേശം ചോദിച്ചറിയാതെയും
അയാളുടെ സ്വദേശംവെളിപ്പെടുത്താതെയുമുള്ള
ഔപചാരികമായ ആമുഖങ്ങൾക്കു ശേഷം ..
അയാൾ നിങ്ങളെ
കൂടെ കൂടെ സാറേ എന്ന് വിളിച്ചു
സന്തോഷിപ്പിച്ചു കൊണ്ടിരിക്കും
അപ്പോഴയാളുടെ മനസ്സിൽ എടോ മൈരേ
എന്നൊരു തെറി ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ
എന്നിപ്പോൾ പറയാനാവില്ല ..
കടം കയറി വീട് വിൽക്കേണ്ടി വന്നതിനെ കുറിച്ചോ
വട്ടിപ്പലിശക്കാരുടെ ഗുണ്ടാ ആക്രമണങ്ങളെ
ഭയന്ന് നാടു വിടേണ്ടി വന്നതിനെ കുറിച്ചോ
ഉണ്ടായിരുന്ന തട്ടുകട ഉപേക്ഷിച്ചു
ഓടിപ്പോരേണ്ടി വന്നതിനെ കുറിച്ചോ
ചിട്ടിക്കാരന്റെ കൂടെ ഭാര്യ
ഒളിച്ചോടിയതിനെ കുറിച്ചോ
സമ്പന്നരായിട്ടും തിരിഞ്ഞു നോക്കാത്ത
സഹോദരങ്ങളെ കുറിച്ചോ
നിങ്ങളോട് പറഞ്ഞെന്നിരിക്കും .
അയാൾ ഇടയ്ക്കിടെ നിങ്ങളെ സാറേ
എന്ന് വിളിച്ചു കൊണ്ടിരിക്കുന്നതിനാൽ
നിങ്ങൾക്കൊരിക്കലും യാതൊരു മുഷിച്ചിലും
തോന്നുകയേ ഇല്ല .
..
അയാൾ താമസിക്കുന്ന കോട്റെഴ്സിലെക്കോ
വാടക വീട്ടിലേക്കോ
നിങ്ങളെ ആനയിക്കുന്നതിനു മുൻപ്
നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ ബ്രാൻഡ് ചോദിച്ചറിയാനോ
നിങ്ങള്ക്കിഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് ചോദിക്കാനോ
അയാൾ മടികാണിക്കില്ല ..
സാറിന്റെ ഒരാഗ്രഹവും പറയാൻ മടിക്കല്ലേ സാറേ
എന്നയാൾ ലജ്ജയില്ലാതെ പ്രസ്താവിക്കും .
പിന്നീട് ,
പരിചയപ്പെടുമ്പോൾ
അവളുടെ സ്വദേശം
മലപ്പുറം ജില്ലയിലോ കോഴിക്കോട് ജില്ലയിലോ
ആയെന്നിരിക്കാം
അല്ലങ്കിൽ നിങ്ങള്ക്കങ്ങനെ തോന്നുന്നതായിരിക്കാം
ഏതയാലും അവൾ തൃശൂർ ജില്ലക്കാരിയോ
പാലക്കാട് ജില്ലക്കാരിയോ ആയിരിക്കാൻ സാധ്യതയില്ലന്നു
നിങ്ങൾ മനസ്സുകൊണ്ട് ഉറപ്പിക്കും .
..
അവൾ നിങ്ങളെ ഇക്കാ
എന്നോ ചേട്ടാ എന്നോ തരം പോലെ
മാറി മാറി വിളിച്ചു കൊണ്ടാണ്
സംബോധന ചെയ്തേക്കുക
മുത്തെ ,കരളേ എന്നൊന്നും
വിളിക്കുമെന്ന് പ്രതീക്ഷിക്കരുത് ...
അപ്പോഴവളുടെ മനസ്സിൽ തെണ്ടീ എന്നോ നായിന്റെ മോനെ
എന്നോ വിചാരിക്കുന്നുണ്ടാങ്കിൽ കൂടി
പുറമേക്ക് പ്രകടമാവുകയെ ഇല്ല
പ്രണയവിവാഹം പരാചയപ്പെട്ടതിനെ കുറിച്ചോ
പിതാവിന്റെ ക്രൂരതയെ കുറിച്ചോ
ഭർത്താവിന്റെ സഹോദരൻ ബാലാല്സംഘം ചെയ്തതിനെ കുറിച്ചോ
ഭർത്താവിന്റെ സഹോദരീ പുത്രനുമായി ഉണ്ടായിരുന്ന
രഹസ്യ ബന്ധം അമ്മായിയമ്മ കണ്ടു പിടിച്ചതിനെ കുറിച്ചോ
സദാചാരക്കാരുടെ ആക്രമണം ഭയന്ന് നാട് വിട്ടതിനെ കുറിച്ചോ
നിങ്ങളോടവൾ വിസ്തരിച്ചു പറഞ്ഞെന്നെരിക്കും ..
അപ്പോൾ നിങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനെന്ന്
സ്വയം തോന്നുന്നതിനാൽ
നിങ്ങളുടെ മുഖം
ഒരാള് ദൈവത്തിന്റെ മുഖം പോലെ ശാന്തമായിരിക്കും
പിന്നീട്
ശവങ്ങൾ ഇണചേരുന്ന
ശ്മാശാങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയും
ജീവനില്ലാത്ത പ്രണയലീലയിൽ
അശ്ലീലമായി
പൊങ്ങിക്കിടന്നു മടുക്കുകയും ചെയ്യുമ്പോൾ
സാറേ എന്നൊരു വിളിയിൽ,
നിങ്ങൾ,
പാതിവഴിയിൽ ഉദ്ധാരണം നഷ്‌ടമായ
ലിംഗം പോലെ
ആത്മനിന്ദ കൊണ്ട് സ്വയം
ചുരുങ്ങുന്നതായി അനുഭവപ്പെട്ടേക്കാം
അപ്പോൾ,
നിങ്ങളുടെ സ്വദേശം കണ്ണൂര് ജില്ലയിലോ
കാസര്ഗോഡ് ജില്ലയിലോ ആയിരുന്നാൽ കൂടി
ബംഗാളിലോ ആസ്സാമിലോ ആയിരുന്നങ്കിലെന്നു
വെറുതെ വ്യാമോഹിച്ചേക്കാം ..!

നാക്ക്



മൗനങ്ങൾ ഘനീഭവിച്ചതിന്റെ
പഴക്കമേറിയ ഗന്ധമാണ് 
മീസാൻ കല്ലുകൾക്ക്
ഓർമകളുടെ
ഓക്കാനങ്ങളിൽ
രക്തത്തിന്റെയും മാംസത്തിന്റെയും
കലർപ്പ്
ഒച്ചയറ്റ കരച്ചിലുകൾ
പാഴ് ചെടികളായി
മുളച്ചു കൊണ്ടേയിരിക്കുന്നു
ഉമിനീരു വറ്റിയ
ഒരു നാക്ക്
മരിക്കുന്നതും കാത്തു
നീണ്ടു നീണ്ടു വരുന്നുണ്ട് പുറകിൽ ..!