Wednesday, July 17, 2013

താമിയുടെ പാട്ട്


താമിയുടെ പാട്ട്

മാപ്പിളമാരെ നന്ദി 
നായന്മാരെ നന്ദി 
തീയ്യന്മാരെ നന്ദി 
കമ്മ്യുണിസ്റ്റ്‌ ,ലീഗ് ,കോണ്ഗ്രസ് 
തമ്പ്രാക്കളെ ,
നിങ്ങള്‍ക്കേവര്‍ക്കും നന്ദി
കുറുമ്പയെ വിഭ്യചരിച്ച
നാട്ടുകാരെ,
നിങ്ങള്‍ക്കൊക്കയും
പാണന്റെ നന്ദി..
താമി പാടുകയാണ് ...

താമിയും മക്കളും
വിശന്നു പൊരിയുന്ന
ദിനരാത്രങ്ങളില്‍ ,
അയാളുടെ ഭാര്യയെ പ്രാപിക്കാന്‍
സന്മനസ്സ് കാണിച്ചവരെ
നന്ദിയോടെ സ്മരിച്ചു കൊണ്ട്
ഉടുക്കില്‍ കൊട്ടി
പാടുകയാണ് താമി .

സൂര്യനും ചന്ദ്രനും
ഒരുരേഖയില്‍ വെച്ച്
മുഖാമുഖം കാണുന്ന
ഇരുണ്ട രാത്രികളിലാണ്
താമിയുടെ ചങ്ക് പൊട്ടിയുള്ള
പാട്ട് ഉച്ചസ്ഥായിയിലാവുന്നത് .

താമിയൊരു
കൂട്ടിക്കൊടുപ്പുകാരാനോ
കുറുമ്പയൊരു വേശ്യയോ
ആയിരുന്നില്ലന്നു ഉടുക്ക്
കൊട്ടി പാട്ടിലൂടെ
വിളംബരം ചെയ്യുമ്പോള്‍
താമിയുടെ വംശത്തിന്റെ
കരളിലെ ചോര
കത്തിനിന്ന ആകാശത്തിന്
നിറം കറുപ്പ് ...

വാരസ്യെരമ്മക്ക്
മാത്രം വഴി
നടക്കാന്‍ ഉണ്ടാക്കിയ
ഊടുവരമ്പില്‍
മലമൂത്ര വിസര്‍ജ്ജനം
നടത്തിയ ശേഷമാണ്
താമിയുടെ കരഞ്ഞുകൊണ്ടുള്ള
പാതിരാ ഗാനങ്ങള്‍ ...

കുറുമ്പയെ പ്രാപിക്കുകയും
ഗുഹ്യരോഗം സമ്മാനിക്കുകയും
ചെയ്ത പ്രദേശവാസികളായ
മുഴുവന്‍ ആളുകളുടെയും
ഔദാര്യ മനസ്ഥിതിയെ വാനോളം
വാഴ്ത്തുകയും അകൈതവമായ
നന്ദി രേഖപ്പെടുത്തുകയും
ചെയ്യുന്നതോടെ
താമിയുടെ ചങ്കിലാളുന്ന
കാട്ടു തീ പാട്ടിലേക്ക്
പടരുകയായി .

തെക്കേകര ജുമാമസ്ജിദില്‍
നിന്ന് സുബഹി ബാങ്ക്
കൊടുക്കുമ്പോള്‍ മകള്‍
ചീരു കരഞ്ഞു കൊണ്ട്
പാടത്തേക്ക് വന്നു അച്ഛാ ...
എന്ന് വിളിചാര്‍ത്തു
കൂട്ടി കൊണ്ട് പോവുമ്പോഴാണ്
അതവസാനിക്കുന്നത് .

പാടത്തിന്റെ രണ്ടു
കരയിലും
താമിയുടെ പാട്ട് കേട്ട് എരിപിരി
കൊണ്ടിരുന്നവരോക്കെയും
താമിയെ പോലെ
ഓര്‍മയുടെ കറുത്ത വാവില്‍
ഒളിച്ചിട്ടും വാരസ്യാരമ്മക്ക്
മാത്രം നടക്കാനായി ഉണ്ടാക്കിയ
ഊടുവരമ്പിലിപ്പോഴും
താമിയുടെ വംശത്തിന്റെ
ചോര കത്തിയെരിഞ്ഞതിന്റെ
കരിഞ്ഞ മണമുണ്ട് .

No comments:

Post a Comment