Thursday, November 21, 2013

ഗാഡചുംബനം

അറിഞ്ഞില്ലന്നോ ?
ഒരു ഗാഡചുംബനം 
തണുത്ത കാറ്റിന്റെ 
ചിറകില്‍ നിന്നും 
അധരങ്ങളില്‍ വീണലിഞ്ഞു 
ഉമിനീരിന്റെ 
നൂല്‍ പാലങ്ങളിലൂടെ 
നൃത്തം ചെയ്തിട്ടും 
നീ അറിഞ്ഞില്ലന്നോ ? 
വെറുതെയല്ല ..
മലര്‍ന്നു കിടന്നു നീയിങ്ങിനെ 
നെല്ല് കൊറിക്കുന്നതു...
യാതൊന്നും അറിയാത്ത പോലെ ..!



ജഹനാരാ...

ജഹനാരാ 

ഓ ..സാഹിബാ ...
ആഗ്ര കോട്ടയുടെ ചുവരുകളില്‍ 
കവിത കോറിയിട്ട പെണ്ണെ ..
ബീഗത്തിന്റെഎത്രാമത്തെ 
പുനര്‍ജന്‍മമാണ് ഇത് ?

ഞാനിപ്പോഴും
ഔറം ഗസീബിന്റെ വാള്‍ മുനയിലെ
രക്ത പങ്കിലമായ
സ്മൃതികളില്‍
പുളയുകയാണ് ..

ജഹ്നാരാ ....
നിന്റെ ദര്‍ബാറില്‍
ഞാന്‍ ഗളഛെദം ചെയ്യപ്പെടുമ്പോള്‍
ചുംബനങ്ങളുടെ
ചുണ്ടകലങ്ങളിലായിരുന്നു
നമ്മളിരുവരും

പ്രാണന്റെ നിലക്കാത്ത
പിടച്ചിലിനിടയിലും
ഞാനിതാ..
അറുത്തെടുത്ത വിരല് കൊണ്ട്
നിന്നോടുള്ള പ്രണയമെഴുതി
സായൂജ്യമടയുന്നു

ഓ ..ബീഗം സാഹിബാ ..
അവിടെത്തെ
പള്ളിയുറക്കങ്ങളില്‍
ചുവന്ന പൂക്കളായി വിരിയുന്ന
സ്വോപ്നങ്ങളൊക്കെയും
എന്റെ ചങ്കിലെ ചോര
കൊണ്ടെഴുതിയ പ്രണയ
കാവ്യങ്ങളാണ് .

പ്രിയപെട്ടവളെ ,
ഒരൊറ്റ ചുംബനം കൊണ്ടന്നെ
ഒപ്പിയെടുക്കൂ ...
ഈ വാള്‍ തലപ്പില്‍ നിന്നന്നെ
മോചിപ്പിക്കൂ ..

*ഹിസ്‌ ഹൈനസ് ജഹനാര (ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുത്രി .മുഗള്‍ സാമ്രാജ്യത്തിലെ പ്രഥമ വനിത ,പാണ്ഡിത്യം കൊണ്ടും സൌന്ദര്യം കൊണ്ടും ലോകത്തെ അതിശയിപ്പിച്ച രാജകുമാരി )അവരെ ഗാഡമായി പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ദുലെറിന്റെ പക്ഷത് നിന്ന് കൊണ്ട് ..........

തീവണ്ടി


ഷൊര്‍ണൂര്‍
റയില്‍വേ സ്റ്റേഷനില്‍ 
വെച്ചായിരിക്കും
നമ്മളാദ്യമായി
കണ്ടുമുട്ടുന്നത്
പട്ടാമ്പിയിലോ
കുറ്റിപ്പുറത്തോ
വെച്ചായാലും കുഴപ്പമില്ല
പെരിന്തല്‍മണ്ണ
കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍
വെച്ചാവരുതെന്നു
എനിക്ക്
നിര്‍ബന്ധമുണ്ട് .
ഒരു കെ എസ് ആര്‍ ടി സി
ബസ്സിന്റെ ബേ..
എന്ന ഹോണില്‍
എനിക്കുണരാനെ
കഴിയില്ല
നിന്നെ
ഓര്‍ക്കുമ്പോഴൊക്കെ ,
എന്റെ നെഞ്ചിനുള്ളിൽ
ചൂളം വിളിച്ചു ,
കൂവിയര്‍ത്തു
കുതിച്ചു വരുന്ന
രണ്ടു തീവണ്ടികള്‍
കിതപ്പോടെ കെട്ടിപിടിക്കുകയും
ആസക്തിയോടെ
ഉമ്മ വെക്കുകയും ചെയ്യുന്നുണ്ട്
ആയതിനാൽ
ഷൊര്‍ണൂര്‍
റയില്‍വേ സ്റ്റേഷനില്‍
വെച്ചായിരിക്കും
നമ്മളാദ്യം കണ്ടു മുട്ടുന്നത് .!

കുളിമുറിയില്‍

കുളിമുറിയില്‍

ഇടയ്ക്കു ഷവറില്‍ 
നിന്ന് 
ഇരുട്ട് പെയ്തിറങ്ങും 
നനഞ്ഞ ഇരുട്ടിനു 
ചുടുചോരയുടെ ഗന്ധമാണ്

ഇരുട്ട് നനഞ്ഞു,നനഞ്ഞു 
കണ്ണുകളില്‍ 
രാത്രിയാവുമ്പോള്‍
ഓര്‍മകളില്‍ സര്‍പ്പങ്ങള്‍
ഇഴയാന്‍ തുടങ്ങും

അപ്പോള്‍
ചുവരില്‍
നിന്ന് അരൂപികള്‍
അട്ടഹസിക്കുകയും
പുറകില്‍ നിന്നും .
ആരോക്കയോ
മൂര്‍ദ്ദാവില്‍
ഇരുമ്പ് ദണ്ഡ് കൊണ്ട്
ആഞ്ഞു പ്രഹരിച്ചു
കൊണ്ടിരിക്കുകയും ചെയ്യും ..

നിലവിളികള്‍
പൂച്ച കുഞ്ഞുങ്ങളായി
അനക്കമുണ്ടാക്കാതെ
നാവില്‍ തന്നെ പമ്മിയിരിക്കും

വാരിയെല്ലുകള്‍ക്കിടയില്‍
ലോഹ സ്പര്‍ശത്തിന്റെ
വൈദ്യുത് പരവാഹം
കണ്ണിലും മൂകിലും
നിറയെ പൂഴിമണ്ണ്

ടും ടും ..
ഇക്കാ ഓഫീസില്‍
പോണ്ടേ ..ഖാലിദ്‌
ങേ ..ഹാ ...!

കുളിമുറിയില്‍
വീണ്ടും സൂര്യനുദിക്കുന്നു
ഷവറിനു താഴെ ..
കയ്യില്‍ പിടിച്ച
സോപ്പുമായി
കുറച്ചു നേരം
വെയില്‍ കാഞ്ഞുനില്‍ക്കും .

ധൃതിയില്‍
ഉടുത്തൊരുങ്ങി പുറപ്പെടുമ്പോള്‍
വീട്ടാന്‍ ബാക്കിയുള്ള
കടങ്ങളുടെ
പെരുക്കപട്ടികയില്‍
മാല്ബോരോ പുകച്ചു
ഒരിക്കല്‍ കൂടി 

തലമുറകള്‍



ഉപ്പാ ..
ഉം ..
you have to change,
change your attitudes 
ങേ ..
ഞാന്‍ പറയുന്നത് ..
ഹും ...പറ 
പറഞ്ഞാല്‍ ഇഷ്ടപ്പെടില്ലന്നു അറിയാം ..
ന്നാലും ...പറയാതെ വയ്യ .
റൂമില്‍ അല്ലങ്കില്‍ കാറില്‍.. ഇങ്ങിനെ പോരാ ..
ആളുകളുമായി കുറച്ചു കൂടി
മിഗ്ലാവാന്‍ ശ്രമിക്കണം ..!

ഹും .....ശ്രമിക്കാം ...!!

ഇവിടെയിങ്ങിനെ ചടഞ്ഞിരിക്കാതെ..!

ഓക്കേ ..നോക്കാന്നു പറഞ്ഞില്ലേ ..!!

മോനു ,
ഞാന്‍ താടീ നീട്ടി വളര്‍ത്താം
തലയില്‍ തലപ്പാവ്‌ അണിയാം
മെതിയടി ചവിട്ടി നടക്കാം ..
എണ്ണയും കുഴമ്പും തേച്ചു കുളിക്കാം
അഞ്ചു നേരം പള്ളിയില്‍ ഹാജര്‍ അറിയിക്കാം ...
വെളുത്ത ഫുള്‍ കൈ ഷര്‍ട്ട്ധ രിച്ചു
എപ്പോഴും എല്ലാവരോടും വെളുക്കെ ചിരിച്ചു നടക്കാം ...
ഇത്രയൊക്കെ പോരെ മക്കളെ ..?
ചെയ്തേക്കാം ..!

ഉപ്പാ ...please ....enough
it s too much
അതാണോ ഞാന്‍ പറഞ്ഞത് ...?

ഓക്കേ ഓക്കേ അത് വിടൂ .
നിങ്ങള്‍ കഴിക്കു ..
ഞാന്‍ മതിയാക്കുന്നു ...

വാഷ്‌ ബേസിലെ
കണ്ണാടിയില്‍ ഖാന്‍ സാഹിബ്‌...
രൂക്ഷമായ നോട്ടവും
പരിഹാസവും ..
ഇപ്പം എന്തായി ..?
ന്റെ മക്കള്‍ക്ക്‌ പോലും മനസ്സിലാവുന്നു
നിന്നെ ഒന്നിനും കൊള്ളില്ലന്നു
കേട്ടു പരിചയിച്ച ശാപ വചസ്സുകളുടെ
മറ്റൊരു വേര്‍ഷന്‍ ..!

നിറഞ്ഞ കണ്ണുകളെ
ഒളിപ്പിക്കാന്‍
ഇളിഞ്ഞു പോയ മുഖം
വീണ്ടും വീണ്ടും
കഴുകി കൊണ്ടിരുന്നു ..

പുറകില്‍ മക്കളുടെ
കാല്‍ പെരുമാറ്റം .

ഉപ്പ ..
i am sorry
ഞാനതല്ല ഉദ്ദേശിച്ചത് ..

it s OK ..
ആര് ചോദിച്ചാലും
എന്റെ മക്കളാണന്നു
ആരോടും പറയേണ്ട കാര്യമില്ല
ചോദിക്കുന്നവരോട് .
വല്ലിപ്പാന്റെ ..
പേരകുട്ടികളാണന്നു മാത്രം പറഞ്ഞാ മതി..
OK ..?

പുറകില്‍ മുഫി മോള്‍ ..
മീന്‍ പിടിക്കാന്‍ പോവുമ്പോ ന്നെ കൊണ്ടോവോ മൂത്താപ്പ ..?
പിന്നെല്ലാതെ ...
ഒരുമ്മ തന്നെ .....!

മോനു....
May be I am not an important person in your life.
But one day when you hear my name you would just smile and say, my father was right person.That s enough for me...

റിയാസ്‌ ,
വണ്ടി എടുക്കൂ ..
ഇന്ന് ചാലിയം ...
മുഫീ...കേറു..!

തിരികെ തരൂ

ഒന്നും പറയാതെ 
വാരിയെല്ലില്‍ നിന്ന് 
പടിയിറങ്ങിപോയതല്ലേ .. 
ഇപ്പോഴെങ്കിലും 
എനിക്കെന്നെ 
തിരച്ചേല്‍പ്പിച്ചു കൂടെ ..!

കോര്‍ണര്‍ കിക്ക്‌

വലത്തേ കോര്‍ണറില്‍ 
നിന്നു 
ഗോള്‍വരക്കു 
സമാന്തരമായി പന്തുയര്‍ത്തി 
തന്ന കളിക്കാരാ ..
മൈതാനത്തിനു പുറത്തു 
തെരുവ് പിള്ളേര്‍ 
തട്ടി കളിക്കുന്നത് 
എന്റെ ശിരസ്സാണന്നു നിനക്ക് അറിയില്ലേ .

ഞാനെന്തു ചെയ്യും ?


ഞാനെന്തു ചെയ്യും ?

നിനക്ക് വേണമെങ്കില്‍
അതെയോ എന്നു നിസ്സംഗയാവാം ,
ഹോ ..എന്നതിശയിക്കാം ..
ഛെ .. എന്നലോസരപ്പെടാം
ങേ എന്നു അത്ഞ്ഞത നടിക്കാം .
ഉം ..സമ്മതിക്കാം ..
എന്നിട്ട്
ഒന്നുമറിയാത്ത പോലെ ചുവരിനോട്
ചേര്‍ന്ന് കണ്ണ് പൂട്ടി കിടന്നു
കൊണ്ടെന്നെ നിരീക്ഷിക്കാം ..

പക്ഷെ ഞാനെന്തു ചെയ്യും ?

നിന്റെ കട്ടിലിനു താഴെനിന്നു
ഒരല്പം
ഇരുട്ട് വാരിപ്പുതച്ചു
ഇനിയെങ്ങോട്ടെന്നറിയാതെ
വഴിയറിയാതെ നില്‍ക്കുകയാണ്

നിനക്ക് വേണമെങ്കില്‍
ത്ഫൂ ആട്ടിയിറക്കാം
തലയില്‍ കൈ വെച്ച്
ഗതികേടിലാവാം ..
വെട്ടിതിരിഞ്ഞു
അനിഷ്ടമറിയിക്കാം ..

പക്ഷെ ഞാനെന്തു ചെയ്യും ?

നിന്റെ ഓര്‍മകള്‍ക്ക്
പുറകിലെ
ഒരാള്‍ക്ക്‌ മാത്രമായിടുങ്ങി
മുള്ള് വേലികളൂരുമ്മി-
ക്കടന്നു പോകുന്ന ഇടവഴിയിലൂടെ
തല താഴ്ത്തി
ഇടയ്ക്കിടെ തിരിഞ്ഞു നോക്കി
വിങ്ങിപൊട്ടി ...

നീലക്കാര്‍

പതിവ് പോലെ
ഈ രാത്രിയിലും 
നിന്റെ വീടിരിക്കുന്ന
നഗരത്തിലൂടെ
കാറോടിക്കുകയാണ് .
നമ്മൾ
പരിചയപ്പെടുന്നതിനു
മുന്‍പ്‌,
എനിക്കൊട്ടും
പ്രിയപ്പെട്ടതായിരുന്നില്ല
ഈ നഗരം .
പക്ഷെ ഇപ്പോൾ .
ഈ നഗരത്തിനു
നിന്റെ മണമാണ്
ലോകത്തിലെ ഏറ്റവും
പ്രിയപ്പെട്ട നഗരമിതാണ്
പറയാതെപോയ
വാക്കുകളുടെ
നിഴലുകളുമാണ്
ഈ നീല കാറിലെനിക്ക് കൂട്ട്
.
ഒരിക്കലെങ്കിലും
ഈ കാറിനു കുറകെ
നീ പ്രത്യക്ഷപ്പെടാതിരിക്കില്ല
എന്നും നേരം
പുലരുന്നത് വരെ
നിന്റെ നഗരത്തിലൂടെ
കാറോടിച്ചു ,കാറോടിച്ചു
എനിക്കീ നഗരത്തിന്റെ
മുക്കും മൂലയും
ഹൃദ്യസ്ഥമായിരിക്കുന്നു.
എന്നിട്ടും
നീയുറങ്ങുന്ന വീട്ടിലേക്കുള്ള
വഴിയറിയാതെ
ഞാനെന്നും
കാറോടിക്കുകയാണ് .!

ഇടംകോലുകള്‍



സംസാരിച്ചു
നില്‍ക്കുന്നതിനിടയില്‍,
വണ്ടി ഓടിക്കുന്നതിനിടയില്‍,
അല്ലങ്കില്‍
വായിക്കുന്നതിന്ടയില്‍
അതുമല്ലങ്കില്‍
കമ്പനിയുടെ വാരാന്ത മീറ്റിങ്ങിനിടയില്‍
വെച്ചായിരിക്കും ചിന്തകള്‍
കുതറിയോടി
വായില്‍ മൗനം
നിറഞ്ഞു നാണക്കേടിലാവുന്നത്..

പറഞ്ഞു വരുന്ന
കാര്യങ്ങളില്‍ നിന്ന് ,ചെയ്തു പോരുന്ന
കര്‍മ്മങ്ങളില്‍ നിന്ന്
ഏതോ
വറ്റിവരണ്ട ആഴക്കിണറിനടിയിലേക്ക്
ആരാണ് എന്നെ വലിച്ചു
കൊണ്ട് പോവുന്നത് ?

മറ്റു ചിലപ്പോള്‍
ഇക്കാ ...
എന്ന് ആരോ
ഉപ്പാ എന്ന് മകന്‍
അവളുടെയൊരു മിസ്സ്‌ കാള്‍,
കേട്ടതായി തോന്നും
അവരുമായി
സൊറപറഞ്ഞു വരുമ്പോഴേക്കും
മീറ്റിംഗ് ഹാളില്‍
അടക്കിപ്പിടിച്ച പരിഹാസച്ചിരി ..

ഞാനെവിടെയാണ്
നിര്‍ത്തിയത് ?
എന്താണ് പറഞ്ഞു വന്നത് ?
എന്താണ് ചെയ്തു കൊണ്ടിരിന്നതെന്ന്
ഓര്‍ത്തെടുക്കാനാവാതെ
കുറച്ചു നിമിഷങ്ങള്‍ ..

ഇങ്ങോട്ടാരും
വിളിക്കുന്ന പതിവില്ലങ്കിലും ,
ഇവരൊക്കെയെന്നെ
എപ്പോഴുമെപ്പോഴും
വിളിക്കുനതായി
തോന്നുന്നതെന്തന്നു
ആലോചിക്കുന്നതിനിടയിലേക്കതാ
ഒരാണ്‍ കുട്ടിയുടെ
നിലവിളി കയറി വീണ്ടും
ഇടംകോലിടുന്നു .