Sunday, June 23, 2013


മഴവില്‍ പൂക്കള്‍





പെണ്ണെ 
നിന്നെ പരിചയപ്പെട്ടപ്പോള്‍ ,
ഒരിക്കല്‍ പോലും
കാണുകയോ കേള്‍ക്കുകയോ 
ചെയ്യാത്ത ,
ഇനിയും
അനാവരണം ചെയ്യാപ്പെടാത്ത
പുരാതനമായ
ഏതോ സംസ്കൃതിയുടെ
അടഞ്ഞ വാതിലിനരികില്‍
നില്‍ക്കുന്നത് പോലെ

ലിപികളോ ശബ്ദങ്ങളോ
നിശ്ചിയിക്കപ്പെടാത്ത
വരകളും ചിത്രങ്ങളുമായി
വാരി വിതറിയിട്ട
പ്രാചീനമായ
അടയാളങ്ങളെ
ഓര്‍മിപ്പിക്കുന്നു നീ

നിന്നെ
വായിച്ചെടുക്കാനുമുള്ള
ഭഗീരഥ പ്രയത്‌നത്തിനു
നാന്ദി കുറിക്കുമ്പോള്‍ ,
മന്ദമാരുതനാല്‍
ഇക്കിളിപ്പെട്ടയൊരു പുഴ
വളഞ്ഞും പുളഞ്ഞും
നീണ്ടും നിവര്‍ന്നും
ഒഴുകികൊണ്ടിരിക്കുന്നു
ഇടം നെഞ്ചിലൂടെ ..

വിചിത്രമായൊരു
സമസ്യയുടെ ഉറവിടത്തില്‍
നിന്നു ഞാനെന്റെ
പേന ചലിപ്പിച്ചു തുടങ്ങുമ്പോള്‍ ,
ആദ്യം
നീയൊരു പൂചെടിയായി
പുനര്‍ജനിക്കും .
അതില്‍ വിരിയുന്ന
ഏഴു വര്‍ണ്ണങ്ങളുള്ള
പൂവില്‍ ഞാന്‍
മൃദുവായി ഉമ്മവെക്കുമ്പോള്‍
എന്റെ പേനയുടെ
തുമ്പിലൊരു മഴവില്ല്
പൊട്ടിവിടരും ..
അപ്പോള്‍
വരകളും ചിത്രങ്ങളും
പരാവര്‍ത്തനം ചെയ്യപ്പെടുകയും
അടഞ്ഞ വാതിലുകള്‍
മലര്‍ക്കെ തുറക്കപ്പെടുകയും
ചെയ്യും .. ..

Monday, June 17, 2013

ചോദിക്കൂ പറയാം



നീ വന്നത്
ഞാനറിഞ്ഞതെയില്ല
നീയെന്റെ
കോട്ടക്കുള്ളില്‍ കയറിയതെപ്പോഴാണ്
ഇതിനുള്ളില്‍
പ്രവേശിക്കുമ്പോള്‍
നിന്നെയാരും കണ്ടില്ലന്നോ ..

ആ മതിലില്‍ ചാരിവെച്ച
തണുത്ത
കാറ്റിലല്ലേ നീ ഇങ്ങോട്ട്
ഒഴുകിയെത്തിയത്
അതോ
ആ തെങ്ങിന്
മുകളില്‍ ഇളക്കമില്ലാതെ
നില്‍ക്കുന്ന വെള്ളിമേഘത്തിലോ

എങ്ങിനെയായാലും വേണ്ടില്ല
നീയിവിടെ എത്തിചേര്‍ന്നതില്‍
അനല്പമായ
ആഹ്ലാദമുണ്ട് .

ഒകെ ..
ചോദിക്കൂ എന്താണ്
നിനക്കറിയേണ്ടത് ...
ഞാന്‍ റെഡി ..

എന്നോരക്ഷരത്തിന്റെ
മൂന്നുകെട്ടുകളില്‍
കുടുങ്ങിപോയ ചിരികളെ
കുറിച്ചോ

എന്നോരക്ഷരത്തിന്റെ
വളവുകളില്‍
ഒളിപ്പിച്ച കരച്ചിലുകളെ
കുറിച്ചോ ...
അതോ

എന്നോരക്ഷരത്തിന്റെ
നടുവിലെ കെട്ടില്‍
മൂടിയിട്ട ചരിത്രങ്ങളെ
കുറിച്ചോ
അതുമല്ലങ്കില്‍

എന്നോരക്ഷരത്തിന്റെ
അലസതയില്‍
എല്ലാം തുലച്ചതിനെ
കുറിച്ചോ ...

വേഗം ചോദിച്ചു തീര്‍ക്കൂ
എനിക്ക് ധൃതിയുണ്ട്
പ്ലീസ്

പക്ഷെ
ഒരു കാര്യമുണ്ട്
നിന്റെ കണ്ണിലൊളിപ്പിച്ച
തടാകവും ചുണ്ടുകളില്‍
വിരിഞ്ഞു നില്‍ക്കുന്ന
ഉമ്മകളും
ഇവിടെ വെച്ചിട്ടെ
തിരികെ പോകാവൂ ...
അല്ലങ്കിലെന്റെ
വിധം മാറും
പറഞ്ഞേക്കാം ....
ഇത് ആളു വേറെയാ ...










Saturday, June 15, 2013

Get me .........?



സ്മൃതികള്‍ക്ക് 
ക്ലാവ് പിടിച്ചതു
സമയത്തിനു 
സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ 
കഴിയാത്തത്
കൊണ്ടായിരിക്കുമെന്നു
ആരാണ് നിന്നോട്
പറഞ്ഞത് ?

ആത്മഗതത്തിന്റെ
ക്ലീഷേകളില്‍
അങ്ങിനെ ചില
സൂക്തങ്ങളുള്ളത്
വെറുതെ
സമാധാനിക്കാനാണ്

അത് കൊണ്ട്
പ്രത്യകിച്ചു ഗുണമൊന്നുമില്ല
പൊട്ടാ...

യഥാര്‍ത്ഥത്തില്‍.......
മേഘാവൃതമായ
ആകാശത്ത് പറ്റിപിടിച്ച
തലയുടെ ഗതി തന്നെയല്ലേ
കാട്ടുവള്ളി
ചുറ്റി വരിഞ്ഞ 

കാലിനുമുള്ളത്..?

അത് കൊണ്ടാണ്
ഉപ്പ് പാടങ്ങളായിതീര്‍ന്ന
കടലുകളെ നോക്കി
നെടുവീര്‍പ്പ് വിടാന്‍ പോലും
കഴിയാത്തതു.


എനിട്ടല്ലേ ..
സാരിചുറ്റിയ മലകള്‍ക്കും
ഇറുകിയ ജീന്‍സിട്ട
കുന്നുകള്‍ക്കും
കവിത കൊണ്ട് തുലാഭാരം
നടത്തുന്നത് ...?
ഒന്ന് പോട ചെക്കാ ........... 

Sunday, June 9, 2013

കിട്ടനും പത്നിയും




ശാന്തരും സൗമ്യരുമായി 
സമാധാനത്തോടെ 
പ്രണയിക്കണമെന്ന
പക്ഷമാണ്
കവി കിട്ടനുള്ളത് ..

ഇഷ്ഖിന്റെ ആത്മതത്വങ്ങള്‍
ഉരുവിട്ട്,
അരയന്നങ്ങളുടെ
പ്രണയാരവങ്ങള്‍ ശ്രവിച്ചു ,
നീല തടാകകരയിലൂടെ
യുഗ്മ ഗീതികളാലപിച്ചു
മന്ദ മാരുതന്റെ തഴുകലെറ്റ്
കാല്പനീകമായി പ്രണയിച്ചു
കൊണ്ടിരിക്കാന്‍
യുവ മിഥുനങ്ങളെ
ആഹ്വോനം
ചെയ്തുകൊണ്ടിരുന്നു
കവി പുംഗവന്‍ ..

അതെ സമയം 

കിട്ടന്റെ
പ്രാണപ്രേയസി ,
ഭ്രാന്തമായി ഉമ്മവെക്കുകയും
ചടുലമായി പ്രാപിക്കുകയും
ക്രൂദ്ധരായി സംസാരിക്കുകയും
ചെയ്യുന്നവരെ കുറിച്ചുള്ള
ആലോചനയില്‍ 

തന്റെ പ്രണയ സ്വോപ്നങ്ങള്‍ 
ഇറക്കി വെച്ചു

കിട്ടന്‍കവി
പുതിയ തന്റെ
പ്രണയ കവിതയ്ക്ക്
ലൈക്‌ അടിച്ച ശാന്തയോട്
ഇന്ബോക്സിലൂടെ തീപ്പെട്ടി
ചോദിച്ചു
ചുണ്ണാമ്പ് പകരമായി
തരുമോയെന്നു

ശാന്തയും തിരിച്ചു 
ചോദിച്ചപ്പോള്‍
കിട്ടന്‍
യൂറിക്കാ...... എന്ന്
മനസ്സ് കൊണ്ട്
ആത്മഗതം ചെയ്തു .

ഇങ്ങിനെ
കാല്പനീകവും
വൈകാരികവുമായ
പ്രണയ മുഹൂര്‍ത്തങ്ങളില്‍
കവികിട്ടന്‍ അഭിരമിക്കുമ്പോള്‍
കവിപത്നി
തേങ്ങക്കാരന്‍ സൈതാലിയുടെ 

തേങ്ങ പൊതിക്കുന്ന
യന്ത്രത്തെ കുറിച്ച്
സൈതാലി എഴുതിയ
പ്രബന്ധവും,

പാറ തുളയ്ക്കുന്ന
വെടികളെ കുറിച്ച്
പാറവെടിക്കാരന്‍വാസുവിന്റെ 

കാവ്യസമാഹാരവും 
അന്വേഷിച്ചു കൊണ്ടിരുന്നു.

കിട്ടന്‍
പിന്നെയും പിന്നെയും
കവിതയെഴുതി
പ്രശസ്തനാവുകയും
പത്നി തേങ്ങയുടെയും
വെടിയുടെയും
കാര്യങ്ങളെയോര്‍ത്തു
ദിവസങ്ങള്‍ പിന്നിടുകയും
ചെയ്യുമ്പോഴാണ്

കിട്ടന്റെ
കവിതകളിലെ
ശ്ലഥ ബിംബങ്ങളില്‍
ചുണ്ണാമ്പിന്റെയും
പൊതിച്ച തേങ്ങയുടെയും
സമ്മിശ്ര സൌരഭവും
വെടിമരുന്നിന്റെ വിപ്ലവവീര്യവും
അനുഭവപ്പെടുന്നതായി
ഒരാരാധിക അടിക്കുറിപ്പ്
എഴുതിയത് ...

പതിവ് പോലെ
കിട്ടന്‍ തീപ്പെട്ടി ചോദിക്കുക
മാത്രം ചെയ്യുമ്പോള്‍
കിട്ടന്റെ പത്നി
ആനപാപ്പന്‍ കമ്മത്തിന്റെ
മദയനകള്‍ക്കുള്ള ഒറ്റമൂലി
എന്ന ഗ്രന്ഥം
ഗാഡമായി വായിക്കുകയായിരുന്നു .


Wednesday, June 5, 2013

ചുഴികള്‍


കരയെ
റാഞ്ചിയെടുത്തു
പറന്നകലുന്ന
കഴുകനെ നോക്കി
കരയുന്നുണ്ട്
നിസ്സഹായതയുടെ
കുഞ്ഞോളങ്ങള്‍

മുകള്‍ പരപ്പിലെ
ശവംതീനി മീനുകള്‍
അക്ഷമയോടെ
തളര്‍ച്ചയെ തുറിച്ചു
നോക്കികൊണ്ടിരിക്കുന്നു

താഴേക്കു
ചുഴറ്റി വലിക്കുന്ന
മരവിപ്പിന്റെ
നീരളികള്‍ക്ക്
മുഷിഞ്ഞ കാത്തിരിപ്പിന്റെ
കലി വരുന്നുണ്ട്

ചതിയുടെ ചുഴികളോട്,
നിങ്ങളെയൊക്കെ
എന്തിനു കൊള്ളാമെന്നു
കയര്‍ക്കുന്നുണ്ട്
ഖബറൊരുക്കി
കാത്തിരിക്കുന്ന
തണുത്തുറഞ്ഞ
ആഴികള്‍ ...

ചട്ടുകാലന്റെ
മത്സരയോട്ട സ്വോപ്നങ്ങളെന്നു
അടിക്കുറിപ്പ്
എഴുതിവെക്കാന്‍
കാത്തിരിക്കുന്നു
നിബ്ബ് പൊട്ടിയ പേനകള്‍ ...