Tuesday, May 21, 2013

കടല്‍

ഞാനാദ്യം കടല്‍ 
കണ്ടത് 
നിമാനടി
മാധവിയുടെ 
കണ്ണുകളിലാണ്.. 
പിന്നീടാണ് 
മാലതി ടീച്ചറുടെ
കണ്ണിലും കടലുണ്ടല്ലോ 
എന്ന് തിരിച്ചറിഞ്ഞത് . 
ഒരുമ്മയില്‍ 
ഒപ്പിയെടുക്കാന്‍ 
എത്രയോ തവണ 
മോഹിചിട്ടുണ്ട് 
ആ 
കണ്ണുകളിലെ 
ലവണാംശമില്ലാത്ത
തിരയിളക്കങ്ങളെ ..



Monday, May 20, 2013

താമിയുടെ പാട്ട്

മാപ്പിളമാരെ നന്ദി ,
നായന്മാരെ നന്ദി ,
തീയ്യന്മാരെ നന്ദി ,
കമ്മ്യുണിസ്റ്റ്‌ ,ലീഗ്,കോണ്ഗ്രസ് 
തമ്പ്രാന്‍മാരെ നിങ്ങള്‍ക്കും നന്ദി ..
കുറുമ്പയെ 
വിഭ്യചരിച്ചനാട്ടുകാരെ 
നിങ്ങള്‍ക്കൊക്കയും പാണന്റെ 
വിനീതമായ കൂപ്പുകൈ ..
താമി പാടുകയാണ് ...

താമിയും മക്കളും 
വിശന്നു പൊരിയുന്ന ദിനരാത്രങ്ങളില്‍ ,
അയാളുടെ ഭാര്യയെ പ്രാപിക്കാന്‍ 
സന്മനസ്സ് കാണിച്ചവരെ 
നന്ദിയോടെ 
സ്മരിച്ചു കൊണ്ട് 
ഉടുക്കില്‍ കൊട്ടി പാടുകയാണ് താമി .

സൂര്യനും ചന്ദ്രനും 
ഒരുരേഖയില്‍ വെച്ച് മുഖാമുഖം 
കാണുന്ന ഇരുണ്ട രാത്രികളിലാണ് 
താമിയുടെ 
ചങ്ക് പൊട്ടിയുള്ളപാട്ട് 
ഉച്ചസ്ഥായിയിലാവുന്നത് .

താമിയൊരു 
കൂട്ടിക്കൊടുപ്പുകാരാനോ 
കുറുമ്പയൊരു വേശ്യയോ 
ആയിരുന്നില്ലന്നു 
ചങ്കുപൊട്ടി കരഞ്ഞു പാടി 
വിളംബരം ചെയ്യുമ്പോള്‍ 
താമിയുടെ വംശത്തിന്റെ
ചോര കത്തിനിന്ന 
ആകാശത്തിന് 
നിറം കറുപ്പ് ...

വാരസ്യെരമ്മക്ക്മാത്രം 
വഴി നടക്കാന്‍ 
ഉണ്ടാക്കിയ ഊടുവരമ്പില്‍ 
മലമൂത്ര വിസര്‍ജ്ജനം 
നടത്തിയ ശേഷമാണ് താമിയുടെ 
കരഞ്ഞുകൊണ്ടുള്ള 
പാതിരാ ഗാനങ്ങള്‍ ...

കുറുമ്പയെ 
പ്രാപിക്കുകയും ഗുഹ്യരോഗം 
സമ്മാനിക്കുകയുംചെയ്ത 
പ്രദേശവാസികളായ 
മുഴുവന്‍ ആളുകളുടെയും 
ഔദാര്യ മനസ്ഥിതിയെ 
വാനോളം പുകഴ്ത്തി കൊണ്ടും 
അകൈതവമായ നന്ദി 
രേഖപ്പെടുത്തി കൊണ്ടുമുള്ള
താമിയുടെ പാട്ട് 
അവസാനിക്കുന്നത് 
തെക്കേകര ജുമാമസ്ജിദില്‍ 
നിന്ന് സുബഹി ബാങ്ക്കൊടുക്കുമ്പോഴാണ് .

മകള്‍ ചീരു 
കരഞ്ഞു കൊണ്ട് 
പാടത്തേക്ക് വന്നു അച്ഛാ ...
എന്ന് വിളിചാര്‍ത്തു 
കൂട്ടി കൊണ്ട് പോവുകയാണ് 
പതിവ് .

പാടത്തിന്റെ രണ്ടു കരയിലും 
താമിയുടെ പാട്ടും 
ഉടുക്കിലെ കൊട്ടും 
കേട്ട് 
എരിപിരികൊണ്ടിരുന്നവരോക്കെയും 
താമിയെ  പോലെ 
ഓര്‍മയുടെ കറുത്ത 
വാവില്‍ ഒളിച്ചിട്ടും, 
വാരസ്യാരമ്മക്ക്

മാത്രം നടക്കാനായി ഉണ്ടാക്കിയ 
ഊടുവരമ്പിലിപ്പോഴും 
താമിയുടെ വംശത്തിന്റെ 
ചോര കത്തിയെരിഞ്ഞതിന്റെ
ചടുലതാളം  ചെളിപുരണ്ടു 
കിടക്കുന്നുണ്ട്.


Friday, May 17, 2013

ഫ്ലാഷ് ബാക്ക്

ഒരാള്‍ തന്റെ
സ്മൃതികളിലേക്ക്
തിരികെ പോകുന്നത്
കരുതികൂട്ടിയായിരിക്കില്ല
കഥയുടെ പോക്കുവരവുകളെ
കുറിച്ച്
ഓര്‍മ്മപ്പെടുത്താനുമായിരിക്കില്ല .

സിനിമകളിലെ
പോലെ കൃത്യമായ
കഥാസന്ദര്‍ഭങ്ങളില്‍
നിന്നായിരിക്കില്ല
ഓര്‍മകളുടെ ഫ്ലാഷ്ബാക്കുകള്‍
സംഭവിക്കുന്നത് .
വളരെ
അവിചാരിതമായിട്ടായിരിക്കും
അത് ,നിങ്ങളുടെ
ഓര്‍മകളെ പുകച്ചു പുറത്തു
ചാടിക്കുന്നത് .

മുന്തിരിചാറിന്റെ
രുചിയോ മഴവില്ലിന്റെ
നിറങ്ങളോ പ്രതീക്ഷിക്കുകയെ
വേണ്ട..
പൂക്കളെയും പൂമ്പാറ്റകളെയും
മഷിയിട്ടു നോക്കിയാല്‍
കണ്ടേക്കില്ല
ഋതുഭേദങ്ങളുടെ
കാര്യവും തഥൈവ .

നോക്കൂ ...
ഇടയ്ക്കിടെ
സംഭവിക്കുന്ന
ഫ്ലാഷ് ബാക്കുകളുടെ
വിക്രിയകള്‍ ..
ഒരാണ്‍ കുട്ടി കരയുന്നു ..
കസവുള്ള പച്ചതുണി
പുതച്ച മയ്യിത്ത്‌ കട്ടിലേക്ക്
നോക്കിയാണ് അവന്‍
വിങ്ങി വിങ്ങി കരയുന്നത് ..
അവന്റെ കവിളില്‍
ഉമ്മ വെച്ചിരുന്ന
ആരെയോ
ചുമന്നു കൊണ്ട് പോകുന്നതു
അതിലാണ് ...

ഫ്ലാഷ് ബാക്കുകള്‍ക്ക്
അടുക്കും ചിട്ടയുമുള്ള
തിരക്കഥയില്ല ..
സ്മൃതികളില്‍ നിന്ന്
മാന്തി കൊണ്ടുവരുന്നതു
മിക്കപ്പോഴും
ചോരയും ചലവും
കണ്ണ് നീരുമായിരിക്കും
ചിലപ്പോഴത് നിങ്ങളെ
അനാവശ്യമായി
വ്യസനപ്പെടുത്തികൊണ്ടിരിക്കും ...

അത്തറിന്റെ മണമോ
നെയ്ചോറിന്റെ ചൂരോ
കാല്‍പന്ത് കളിയുടെ
ആരവങ്ങളോ
ഒപ്പനകളോ കൊല്‍ക്കളിയോ
ഓര്‍ത്തെടുക്കാന്‍ സാധിച്ചേക്കില്ല

എത്രയോ തവണ കേട്ട
"നമുക്കേവര്ക്കും
പ്രിയങ്കരനായ"
എന്ന
പച്ച നുണപോലും
തികട്ടി വന്നെക്കില്ല

Wednesday, May 15, 2013

ഇബലീസിന്റെ ബക്കറ്റ് .


ബക്കറ്റില്‍
തിരയിളക്കം കാണാതെ
അപഹാസ്യരായി
ജീവന്‍ നഷ്ടമായ
നരകവാസികളുടെ
ആത്മാകള്‍
സൊറ പറഞ്ഞിരിക്കുന്ന
ആലിന്റെ ചുവട്ടില്‍
വെച്ച്
ചൌഷസ്ക്യു
ഗദ്ദാഫിയെ കണ്ടപ്പോള്‍
ചോദിച്ചതിങ്ങനെയാണ്
"എന്താടാ
നായിന്റെ മോനെ
വിശേഷം ....."
 അങ്ങിനെയേ സംബോധന
ചെയ്യാവൂ എന്നാണു
ഇബലീസിന്റെ
ഉത്തരവ് .

ബക്കറ്റില്‍ തിരയിളക്കം
കാട്ടിമോഹിപ്പിക്കുന്ന
കള്ളഹിമാര്‍
ഓനാണല്ലോ

ഗദ്ദാഫി സൈക്കിളില്‍
നിന്ന് വീണപോലെ
വളിച്ച ചിരി പാസാക്കി
ഫറോവയും
ചെങ്കിസ്ഖാനും
ആര്‍ത്തുചിരിച്ചു ..
കൂടെ മറ്റുള്ളവരും ...

അനന്തരം
ബക്കറ്റിന്റെ കെണിയില്‍
പെട്ടവരെയും
പെടാനിരിക്കുന്നവരെയും
കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു

പര്‍വെസ്‌ മുഷറഫിന്റെ
പച്ച ബക്കറ്റിന്റെ കാര്യം
പറഞ്ഞതോടെ
ഹിറ്റ്ലര്‍ക്ക് ചിരിയടക്കാനയില്ല
മുസ്സോളനിയും ചിരിയില്‍
പങ്കു കൊണ്ടപ്പോള്‍
അതൊരു കൂട്ടച്ചിരിയായി ...

കുറച്ചകലെ
മാറിനിന്ന് ,
വോഡ്ക മണക്കുന്ന ,
കറുത്ത കോട്ടിട്ട കട്ടിമീശക്കാരന്‍
ബ്ലെടി ഫക്ക് ,
ബോള്‍ഷെവിക് ഫക്ക്
എന്നട്ടഹസിക്കുന്നുണ്ട്

ഫറോവയാണല്ലോ
സംഘതലവന്‍
മൂപര്‍ ചോദിച്ചു
എന്താടോ കോട്ട് മുക്രീ
നീ കിടന്നു കീറുന്നത് ...

ചുവന്ന ബക്കറ്റില്‍
തിരമാല കോരിനിറച്ചു
പുളകംകൊള്ളുന്ന
കടല്‍ കിഴവനെ
ചൂണ്ടി  ക്യുബന്‍ ചുരുട്ട്
ആഞ്ഞുവലിച്ചു ..

ശേഷം ഇങ്ങിനെ
പറഞ്ഞു ..
കണ്ടില്ലേ ..
കള്ളഹിമാര്‍
കാട്ടുന്ന പണി ...

അപ്പോഴും
ആര്‍ക്കൊക്കയോ
ബക്കറ്റില്‍
തിരമാല കോരിയെടുക്കുന്ന
വിദ്യപഠിപ്പിക്കുകയായിരുന്നു
ഇബ്‌ലീസ്..!

Thursday, May 9, 2013

ആവര്‍ത്തന വിരസമായ ഒരു വെള്ളിയാഴ്ച



നിദ്രാവിഹീനമായ പതിവു വ്യാഴ്ച.
ഉന്മാദിനിയായ,
ഒരു യക്ഷിക്കഥയുടെ താളില്‍
ഒരല്‍പ്പം ഭയത്തോടെ
വെള്ളിയാഴ്ച കുളിക്കും മുന്‍പുള്ള
സ്വയം ഭോഗത്തെക്കുറിച്ച്
കൃത്യമായ ഓരോര്‍മ്മ അടയാളം വച്ച്
മയങ്ങാന്‍ തുടങ്ങുമ്പോള്‍
ഭൂമിയുടെ അറ്റത്ത്
കൃത്യമായ ചുവടൊപ്പിച്ച്
പകല്‍ ഇരുട്ടിനെ
ഭോഗിക്കുന്നതിനു മുന്‍പുള്ള
ആദ്യ ചുംബനം നല്‍കി കഴിഞ്ഞിരിക്കും.

വൈകി ഉണരുന്ന
വെള്ളിയാഴ്ചയില്‍
തലയിണയോട് ചേര്‍ന്ന്
നിറയേ പൂക്കളുള്ള
ഈ അടിവസത്രം
ആരുടേതാണെന്ന് ആശ്ചര്യപ്പെടും.

തലേന്ന് കൃത്യമായ
ഓര്‍മ്മയില്‍ മടക്കിവച്ച പ്രേതകഥയിലെ
ഉന്മാദിനിയായ
യക്ഷിയേക്കുറിച്ചോര്‍ത്ത്
അപ്പോള്‍ ഭയമില്ലാതെ ചിരിക്കും.

പ്രാണപ്രേയസിയുടെ
നഗ്നമായ ഓര്‍മ്മകളിലൂടെ
സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍
അവള്‍ ഇടുങ്ങിയ നൈറ്റി ധരിച്ച്
അയല്‍ക്കാരായ ചെറുപ്പക്കാര്‍
കാണുന്നതിനുവേണ്ടി
ചടുലമായി, കുനിഞ്ഞുനിന്ന്
മുറ്റമടിക്കുന്ന ചിന്തയെ
പെട്ടെന്ന് അവഗണിക്കും.
പൂക്കളുള്ള, യക്ഷിയുടെ
അടിവസ്ത്രവുമായി
ബാത്ത്റൂമിലേക്ക്
തിരക്കിട്ട് നടക്കും.

പ്യൂണ്‍ ഇല്ലാത്ത വെള്ളിയാഴ്ചയുടെ
മധ്യഹ്നത്തില്‍ പേരറിയാത്ത
എന്തോ കഴിച്ചതിന്‍റെ നിറവില്‍
വെറുതെ ഒരു കവിത കുറിക്കും.
എങ്കിലും
വിഹ്വലമായ ആവരികള്‍ക്ക്
കാമുകിയുടെ ഓണ്‍ലൈന്‍
ജാരന്മാര്‍
ലൈക്കടിച്ച് അപമാനിക്കും-

പതിവുപോലെ.
വെള്ളിയാഴ്ചയുടെ
സായാഹ്നങ്ങളില്‍
കാമുകിയുടെ മൊബൈലിലെ
ബിസിടോണ്‍
വെറിപിടിച്ച കടല്‍കാറ്റിലെറിഞ്ഞ്
ഉദ്ധരിക്കാന്‍ മറന്നുപോയ
ലിംഗത്തെ തടവി
ഏതോ ചെറുപ്പക്കാരന്‍റെ
കവിതയിലെ
ഭാവുകത്വമന്വേഷിച്ചു രാത്രിയാക്കും.

കരിംതേളുകള്‍
കൂടെ കിടക്കാന്‍ വരുന്ന
വെള്ളിയാഴ്ചത്തെ രാത്രിയില്‍,
ശനിയാഴ്ച ധരിക്കേണ്ട
മുഷിഞ്ഞ കോട്ടിന്‍റെ പോക്കറ്റിലേക്ക്
തേളുകള്‍ ഒന്നൊന്നൊന്നായി
കയറിപോകുന്നത്
അര്‍ദ്ധമയക്കത്തില്‍ കാണും.

അപ്പോള്‍ ഭൂമിയുടെ അറ്റത്ത്
പകല്‍ രാത്രിയേ,
ഭോഗിക്കുന്നതിനു മുന്‍പ്
ആദ്യത്തെ ചുംബനത്തിനായി
കൃത്യമായ
ചുവടുവയ്ക്കുകയായിരിക്കും.

Tuesday, May 7, 2013

മുഷിയുന്നു ..



കഫന്‍തുണി
ചുറ്റിയ മയ്യത്തുകള്‍
കുഴിവെട്ടുകാരെ
കാത്തു മലര്‍ന്നു
കിടക്കാന്‍ തുടങ്ങിയിട്ട്
നേരം കുറെയായി ..

മണല്‍ കടത്തുവാന്‍
ഉപയോഗിച്ചതിന്
പോലീസ്‌ സ്റ്റേഷന്റെ
ഇറയത്തു വിശ്രമിക്കുന്നുണ്ട് 
സാമ്പ്രാണി പുകച്ച
മയ്യത്തു കട്ടിലുകള്‍ ..

നിലവിളിയുടെ പാക്കറ്റ്‌
മേടിക്കാന്‍
പോയ മൂത്തമകന്‍
ആരോടോ ചാറ്റ്
ചെയ്തു നേരം
പോയതറിഞ്ഞില്ലത്രെ..

ഖബറുകളുടെ
ആവശ്യമെന്തന്നു
തമ്മില്‍ പറഞ്ഞു
വട്ടമിട്ടു പറക്കുന്നു
കഴുകന്മാര്‍ ...

വെറുതെ
കാത്തു കിടന്നു
മുഷിഞ്ഞ
ഖബര്‍ സ്ഥാന്‍
കുറുക്കന്‍മാര്‍ക്കൊപ്പം
ഓരിയിടാന്‍ തുടങ്ങി...
Unlike ·  · Prom

Saturday, May 4, 2013

ഭ്രാന്ത്‌ പിടിച്ചനഗരം

വേശ്യകള്‍ക്കും 
കൂട്ടി കൊടുപ്പുകാര്‍ക്കും 
തന്നെ 
വാടകക്ക് നല്‍കിയശേഷം 
കൈയും വീശി 
നടക്കാനരംഭിച്ചപ്പോള്‍ 
ഭ്രാന്തനേയും കൂടെ കൂട്ടി നഗരം .


ഉപയോഗിച്ച് വലിച്ചെറിഞ്ഞ 
ഗര്ഭ നിരോധന ഉറകള്‍ 
ഊതി വീര്‍പ്പിച്ച് 
നഗര കാവടത്തില്
കടല വിറ്റ് നടക്കുന്നതെരുവു 
ബാലനില്‍നിന്നും
ഒരു പൊതി ചൂടുള്ള കടല
വാങ്ങിച്ചു , 
പരസ്പരം 
വാങ്ങി തോളില്‍ കയ്യിട്ടു 
കൊറിച്ചുനടന്നു 
മൈതാനത്തേക്ക്.

അര്‍ദ്ധ രാത്രി ഒറ്റയ്ക്ക് 
പന്ത് തട്ടി കളിക്കുന്ന 
നഗ്നനായ യുവാവിന്റെ 
കളികണ്ടു കൊണ്ടിരിക്കുമ്പോള്‍ 
ചൂളം വിളിച്ചും കയ്യടിച്ചും 
പ്രോല്‍സാഹിപ്പിച്ചു 
അവരിരുവരും ..

നഗ്നനായ യുവാവ് 
ആദ്യം ഒരു ടീമായും
പിന്നെ 
രണ്ടു ടീമായും 
വളരുന്നത് കണ്ടവര്‍ അമ്പരപ്പ് 
മാറുന്നതിനു മുന്‍പേ 
മൈതാനത്തിനു ചുറ്റും 
ആള്കൂട്ടങ്ങള്‍ മുളച്ചു കൊണ്ടിരുന്നു .

വാശിയേറിയ മല്‍സരം 
ആവേശത്തിന്റെ 
തീക്കാറ്റായി മാറുമ്പോള്‍ നഗരം 
വേശ്യകളുടെ സീല്‍ക്കാരങ്ങളാല്‍ 
ശബ്ദ മുഖരിതമായി ..
അപ്പോള്‍ 
നഗരകവാടത്തില്‍ 
സൊറ പറഞ്ഞു ചിരിക്കുന്നുണ്ട് 
പുരോഹിതന്മാരും 
കൂട്ടി കൊടുപ്പുകാരും .


Thursday, May 2, 2013

വര്‍ണ്ണകുമിളകള്‍



ഉറക്കമാരംഭിച്ചു
കൃത്യം മുപ്പത്തിനാലാം
മിനുട്ടില്‍
വര്‍ണ്ണശബളിമയാര്‍ന്ന
ഒരു കുമിള
നമുക്കരികിലേക്ക് വരും ..

അത്
പതിയെ
വലിയൊരു പേടകമായി
വളര്‍ന്നു കഴിയുമ്പോള്‍
ഉറക്കമാരംഭിച്ചു
കൃത്യം നാല്പതു
മിനുട്ടായിരിക്കും

നമ്മള്‍
കയറികഴിഞ്ഞാല്‍
നീല മേഘങ്ങള്‍ക്കിടയിലൂടെ
ആകാശത്തിന്റെ പടിഞ്ഞാറേ
അതിരില്‍ നിന്നും
രണ്ടു നാഴിക കിഴക്കോട്ട്
പോയാല്‍  അനേകായിരം
വര്‍ണ്ണങ്ങളില്‍ ഒരു
ഭീമന്‍കുമിള  കാണാം
അതിനുള്ളിലാണ് നമുക്ക്
ഇറങ്ങേണ്ടത് .

ഇപ്പോള്‍ നമ്മള്‍ കുമിളക്കുള്ളിലാണ്
ഉറക്കമാരംഭിച്ചു
കൃത്യം അമ്പതു മിനുട്ടായിരിക്കുന്നു ..

ഉല്പത്തിയുടെ നാള് തൊട്ടു
കിനാവിന്റെ അമ്പതാം മിനുറ്റ്
വരെയുള്ള ഉമ്മകള്‍ മുഴുവന്‍
ശേഖരിച്ചു വെച്ചിതവിടെയാണ് .
ഉമ്മകളുടെ സ്വൊന്തം
റിപ്പബ്ലിക്കായി നിലകൊള്ളുന്നു
ഹലാക്കിന്റെ കുമിള ..

ഇഷ്ഖിന്റെ ബാധയേറ്റ
നാള് മുതല്‍ ഇവിടെ
വരാത്ത രാത്രങ്ങളില്ല
അത് കൊണ്ടാണല്ലോ
കിനാവിന്റെ  പെന്‍ഡുലങ്ങളുടെ
മിടിപ്പറിയാനവുന്നത് .

ചുംബനങ്ങള്‍ ഒഴുകി
നടക്കുന്ന പേരറിയാത്ത
ഈ കുമിളയെ നമുക്ക്
പാരഡേയ്സ് ഓഫ് കിസ്സ്
എന്ന് നാമകരണം ചെയ്യാം

സ്വോര്‍ഗീയ ചുംബനങ്ങളുടെ
മായകാഴ്ചകള്‍ കണ്ടു
നമ്മള്‍ മടങ്ങുന്നതെയില്ല
പക്ഷെ ..
സുഷുപ്തിയുടെ
വളവില്‍ ഏതോ കാട്ടു
ചോലയുടെ കളകളാരവം
കേട്ട് നമുക്ക് ഉണരതിരിക്കനാവില്ല
ഉറക്കമാരംഭിച്ചു
ഒരു മണിക്കൂര്‍
മുപ്പത്തിനാല് മിനുറ്റ്
തികഞ്ഞിരിക്കുന്നു.

അതിശയം തന്നെ ......
നോക്കൂ ..
ഇവിടെമാകെ കുമിളകള്‍ ...
ഞാനും നീയുമിപ്പോള്‍
കുമിളകളായിരിക്കുന്നു ..
സപ്ത നിറങ്ങളില്‍
മിന്നി തിളങ്ങുന്ന നീര്‍കുമിളകള്‍ ..!