Tuesday, March 31, 2015

ബൈപ്പാസ്


കുട്ടിയായിരുന്നപ്പോൾ മരിച്ചു പോയ
അപസ്മാര രോഗിയായിരുന്ന ഹംസയിതാ
ബൈപ്പാസിൽ ലോട്ടറി വിൽക്കുന്നു..
കുട്ടിക്കാലത്ത്,
തെങ്ങിൽ നിന്ന് വീണു മരിച്ചു വേലായുധൻ
ജൂബിലി റോട്ടിൽ കരിമ്പ്‌ ജ്യുസ് വില്ക്കുന്നുണ്ട്
രാംദാസ് ഹോസ്പിറ്റലിന്റെ മുന്പിലുള്ള
തട്ടുകടയിൽ പരിപ്പ് വട ചുടുന്നത്
മുപ്പതു കൊല്ലം മുൻപ് മരിച്ചു പോയ
വാര്യർ മാഷാണ് .
അടുത്ത വെള്ളിയാഴ്ച ജയന്റെ മൂർഖൻ
ജഹനറയിൽ റിലീസാവുന്നതിന്റെ
നോടീസ് വിതരണം ചെയ്യുന്നത്
തൂങ്ങി മരിച്ച ഒസ്സാൻ അബുവാണ്
വരുന്ന ബുധനാഴ്ച
കോടതിപ്പടിയിൽ സഖാവ് ഇ എം എസ്
പ്രസംഗിക്കുന്നുണ്ടത്രെ ..
പൂകോയതങ്ങൾ മന്ത്രിച്ചു കെട്ടിയ ഏലസ്സ്
അവിടെത്തന്നെ ഉണ്ടന്ന് ഉറപ്പുവരുത്തി
ഇന്നാലില്ലാഹി...
ആരോ മരിച്ചു പോയ വിവരം
അനൗൻസ് ചെയ്യുന്ന ജീപ്പ് അടുത്തെത്തി.
ജീപ്പിന്റെ ഡ്രൈവർ പള്ളിക്കുളത്തിൽ
മുങ്ങിമരിച്ച കുഞ്ഞുമരക്കാർ
ഹംസയുടെ കയ്യിൽ നിന്ന് വാങ്ങിയ ലോട്ടറി
ടിക്കറ്റുമായി അതിൽ കേറിയിരുന്നു ..
ബൈപ്പാസുകളിലൂടെ...
അതിവേഗത്തിൽ ...
ഇന്നാലില്ലാഹി വ ഇന്നാ ...
എന്റെ മരണ വിവരം തന്നെയാണല്ലോ
ഇപ്പോൾ അനൗൻസ്മെന്റ് ചെയ്യപ്പെടുന്നത്
പിന്നീടെപ്പോഴോ ഞാനൊറ്റക്കായി ജീപ്പിൽ
ഇന്നാലില്ലാഹി വ ഇന്നാ
ഇന്നലെ രാത്രി ബൈപ്പാസിൽ വെച്ചുണ്ടായ
കാറപകടത്തിൽ ഞാൻ മരണപ്പെട്ട വിവരം
എല്ലാ ബന്ധുമിത്രാദികളെയും നാട്ടുകാരെയും
വ്യസന സമേതം അറിയിച്ചു കൊള്ളുന്നു ...
തട്ടുകടയിൽ നിന്ന് വാര്യർ മാഷ്‌ തന്ന ചായയും
പരിപ്പ് വടയും കഴിച്ചു വീണ്ടും .
അനൗൻസ്മെന്റ് തുടര്ന്നു.
ഇന്നാലില്ലാ...
ഞങ്ങളാരും മരിച്ചിട്ടില്ലെന്ന്
കാറ്റിനോട് വെറുതെ തര്ക്കിച്ചു നോക്കുന്നുണ്ട്
ആരൊക്കയൊ ..!

No comments:

Post a Comment