Friday, May 17, 2013

ഫ്ലാഷ് ബാക്ക്

ഒരാള്‍ തന്റെ
സ്മൃതികളിലേക്ക്
തിരികെ പോകുന്നത്
കരുതികൂട്ടിയായിരിക്കില്ല
കഥയുടെ പോക്കുവരവുകളെ
കുറിച്ച്
ഓര്‍മ്മപ്പെടുത്താനുമായിരിക്കില്ല .

സിനിമകളിലെ
പോലെ കൃത്യമായ
കഥാസന്ദര്‍ഭങ്ങളില്‍
നിന്നായിരിക്കില്ല
ഓര്‍മകളുടെ ഫ്ലാഷ്ബാക്കുകള്‍
സംഭവിക്കുന്നത് .
വളരെ
അവിചാരിതമായിട്ടായിരിക്കും
അത് ,നിങ്ങളുടെ
ഓര്‍മകളെ പുകച്ചു പുറത്തു
ചാടിക്കുന്നത് .

മുന്തിരിചാറിന്റെ
രുചിയോ മഴവില്ലിന്റെ
നിറങ്ങളോ പ്രതീക്ഷിക്കുകയെ
വേണ്ട..
പൂക്കളെയും പൂമ്പാറ്റകളെയും
മഷിയിട്ടു നോക്കിയാല്‍
കണ്ടേക്കില്ല
ഋതുഭേദങ്ങളുടെ
കാര്യവും തഥൈവ .

നോക്കൂ ...
ഇടയ്ക്കിടെ
സംഭവിക്കുന്ന
ഫ്ലാഷ് ബാക്കുകളുടെ
വിക്രിയകള്‍ ..
ഒരാണ്‍ കുട്ടി കരയുന്നു ..
കസവുള്ള പച്ചതുണി
പുതച്ച മയ്യിത്ത്‌ കട്ടിലേക്ക്
നോക്കിയാണ് അവന്‍
വിങ്ങി വിങ്ങി കരയുന്നത് ..
അവന്റെ കവിളില്‍
ഉമ്മ വെച്ചിരുന്ന
ആരെയോ
ചുമന്നു കൊണ്ട് പോകുന്നതു
അതിലാണ് ...

ഫ്ലാഷ് ബാക്കുകള്‍ക്ക്
അടുക്കും ചിട്ടയുമുള്ള
തിരക്കഥയില്ല ..
സ്മൃതികളില്‍ നിന്ന്
മാന്തി കൊണ്ടുവരുന്നതു
മിക്കപ്പോഴും
ചോരയും ചലവും
കണ്ണ് നീരുമായിരിക്കും
ചിലപ്പോഴത് നിങ്ങളെ
അനാവശ്യമായി
വ്യസനപ്പെടുത്തികൊണ്ടിരിക്കും ...

അത്തറിന്റെ മണമോ
നെയ്ചോറിന്റെ ചൂരോ
കാല്‍പന്ത് കളിയുടെ
ആരവങ്ങളോ
ഒപ്പനകളോ കൊല്‍ക്കളിയോ
ഓര്‍ത്തെടുക്കാന്‍ സാധിച്ചേക്കില്ല

എത്രയോ തവണ കേട്ട
"നമുക്കേവര്ക്കും
പ്രിയങ്കരനായ"
എന്ന
പച്ച നുണപോലും
തികട്ടി വന്നെക്കില്ല

No comments:

Post a Comment