Wednesday, May 28, 2014

മ്യുച്ചാല്‍ ഫണ്ട്



നാട്ടിലെത്തിയാല്‍
പറ്റെന്നു കാലത്ത് തന്നെ 
ഇന്‍ഷുറന്‍സ്‌ ,മ്യുച്ചാല്‍ ഫണ്ട് 
പോസ്റ്റ്‌ ഓഫീസിലെ ഏതോ ഫണ്ട് 
ഈ മാതിരി സംഗതികളുടെ 
പ്രലോഭനങ്ങളുമായി വരുന്ന 
മനുഷ്യത്വമില്ലാത്ത ജീവികളെ 
പിണക്കാതെ കൈകാര്യം ചെയ്തു 
വിടാന്‍ അസാധാരണമായ ക്ഷമയും
വാക്ചാതുരിയും ആവശ്യമുണ്ട് .

തോട്ടാനി അവറാന്റെ സുന്ദരിയായ
മരുമകള്‍ ഹസീനയുടെ
മ്യുച്ചല്‍ ഫണ്ടില്‍
കാശ് കളയാത്ത ആണോരുത്തനും
ഗള്‍ഫ്‌ വായ്‌നോക്കികളായി
നാട്ടിലില്ല

ഓള്‍ടെ നോട്ടവും ,കൊഞ്ചി കുഴഞ്ഞുള്ള
വാര്‍ത്താനോം കണ്ടാല്‍
കിട്ടും കിട്ടുമെന്ന് ആര്‍ക്കായാലും
തോന്നിപോകും ..
പക്ഷെ കിട്ടില്ല ...അതാണ്‌ ഹസീന ..
ഓളെ കിട്ടില്ലാന്ന്
മനസ്സിലാകുമ്പോഴേക്കും
ഓള്‍ടെ മ്യുച്ചലില്‍ ലക്ഷങ്ങളുടെ
ഒപ്പ് വെച്ചിരിക്കും നിങ്ങള്‍ .

ഇങ്ങിനെ ഇളിഭ്യരായ
ചിലര്‍ അപവാദങ്ങള്‍
പറഞ്ഞു,പറഞ്ഞു
ഹസീനന്റെ മ്യുച്ചല്‍ വിശേഷങ്ങള്‍
തദ്ദേശ വാസികളായ
പ്രവാസികള്‍ക്കിടയില്‍
കുപ്രസിദ്ധമാണ് .
ഒരു തട്ടിപ്പ് കാരി ഇമേജ്
ഹസീനയ്ക്ക് വന്നു ചേര്‍ന്നിട്ടുണ്ട്
അവര്‍ക്കിടയില്‍ ..

ഇത് മനസ്സിലാക്കി തന്നെയാണ്
ഓള്‍ടെ പഞ്ചാര
മ്യുച്ചല്‍ ഫണ്ടിനെ
നേരിടാന്‍ ഞാനും തീരുമാനിച്ചത് .

ഓള് വരുന്നു ..ചിരിക്കുന്നു
അവളുടെ കയ്യിലെ ഡയറിയും
പോഷാറുകളും സിറ്റൌട്ടിലെ
തിണ്ടില്‍ വെക്കുന്നു ..
കസേരയില്‍ പത്രവുമായി
ഇരിക്കുന്ന എനിക്കഭിമുഖമായി
അകത്തേക്ക് കയറാതെ
മുറ്റത്ത്‌ നിലയുറപ്പിച്ചു മ്യുച്ചല്‍ ഫണ്ടിന്റെ
വിശാലമായ സാമ്പത്തീക സാധ്യതകള്‍
എണ്ണിയെണ്ണി പറയാന്‍ ആരംഭിക്കുന്നു ..

അനുജന്‍ ഡ്യുട്ടിക്ക് പോകുന്നു
മക്കള്‍ സ്കൂളിലേക്കും ..
അത് വരെയും ഹസീനാന്റെ
എക്ണോമിക്സ് ക്ലാസ്
ക്ഷമയോടെ കേട്ടിരുന്നു

ചുറ്റിലും ആരുമില്ലന്നു
ഉറപ്പായപ്പോള്‍ ..
പെണ്ണെ ...എനിക്കിതൊന്നും
കേള്‍ക്കേണ്ട ...ഞാനിതില്‍
ചേര്‍ന്നാല്‍ നിനക്കെന്തു കിട്ടും ..?
അവള്‍ നിശബ്ദയാവുന്നു ..
അതിന്റെ രണ്ടിരട്ടി ഞാന്‍ തരാം ..
പകരം ....

ഇക്കാ ...
ങ്ങളെ കുറിച്ച് ഇങ്ങിനെല്ലട്ടോ
കരുതീത് ..
അരവയറാണ് ..
പക്ഷെ ഹസീന പെഴല്ലട്ടോ ...
പിന്നെ മൗനം..

മൗനനിമിഷങ്ങളില്‍
ഒന്നും പറയാതെ തന്നെ
കുറെയേറെ ബോധ്യങ്ങളില്‍
ഞാന്‍ കടുകിനോളം
ചെറുതാവുന്നു ..

നെറുകില്‍ ആരോ
ചുറ്റിക കൊണ്ട് അടിച്ചത് പോലെ .
നാണക്കേടിന്റെ പുളയല്‍..
നിന്ന നില്പില്‍ ഭൂമിക്കടിയിലേക്ക്
താഴ്ന്നു പോയിരുന്നെങ്കില്‍ ..

വാക്കുകള്‍ക്ക് കൊഞ്ഞ
വീണിരിക്കുന്നു ..
ഹസീന ...
സോറി ..റിയലി സോറി ..
ഞാന്‍ ...
ആ പേപ്പര്‍ തരൂ ..
എവിടെയാണ് ഒപ്പിടേണ്ടത് .

ഗൈറ്റ് വരെ അവളെ അനുഗമിച്ചു
ഒരിക്കല്‍ കൂടി പറഞ്ഞു ..
ഞാന്‍ ..
അരുത് ഇക്കാ ..നിക്ക് ഇത് പതിവാ ..
പക്ഷെങ്കി ..ഒലാരും
ന്റെ അവസ്ഥ കേട്ടപ്പോള്‍
സോറി പറഞ്ഞിട്ടില്ല
ങ്ങളെ പോലെ കണ്ണ് നനയിച്ചിട്ടുല്ല .
ഞാന്‍ പോവാ ..
മോനുനോട് മേടിച്ചോളം
അടവോക്കെ ...

നടന്നകലുന്ന ഹസീന
ഒരിക്കല്‍ കൂടി തിരിഞ്ഞു നിന്ന്
സാരല്ലാന്നെ ..
ഇത്രെയേ ഉള്ളൂ അല്ലെ ..!!

No comments:

Post a Comment