Saturday, May 31, 2014

ലഘുവിവരണം


നമ്മള്‍ യാത്രയാവും മമ്പു,
നമ്മുടെ യാത്രയെ കുറിച്ച്
നിനക്കു നല്‍കാനായി
കരുതി വെച്ച ലഘു വിവരണമാണ്
താഴെ ..!.

മഞ്ഞളിച്ച കണ്ണുകളുമായി മുപ്പതോളം സഹായത്രികര്രാണ്
നമ്മെ അനുഗമിക്കുന്നതിനായി തയ്യാര്‍ അറിയിച്ചിട്ടുള്ളത് .
ഡ്രൈവര്‍,നിന്നെ പരിചയമുള്ള ഒരാളാണന്നു തോന്നുന്നു ..
ഒരു പക്ഷെ അയാള്‍ ,
നിന്റെ വകയിലൊരു കാമുകനോ ജാരാനോ ആയിരുന്നിരിക്കാം.
അയാളുടെ മുഖത്തൊരു ഊറിയ ചിരിയുണ്ടാവുമെന്നു
പ്രത്യേകം പറയേണ്ടതില്ലല്ലോ .

ആരുടെയൊക്കയോ ഗര്ഭങ്ങളുടെ
ഉത്തരവാദിത്വം ഏറ്റടുത്തു നാണം കെട്ടുപോയ
ഒരു മധ്യവയസ്കനായിരിക്കും യാത്രക്കാര്‍ക്കുള്ള
ടിക്കറ്റ്‌ മുറിക്കുന്നത് ..
അയാളെയും  നിനക്ക് പരിചയമില്ലാതിരിക്കില്ല.
അയാള്‍ എന്നെ ദയനീയമായി 
നോക്കുന്നത് കണ്ടു നീ പകച്ചു പോകരുത് .

നമുക്കുള്ള ടിക്കറ്റുകള്‍ മുറിച്ചു തരുമ്പോള്‍
അയാളുടെ ഭാര്യ എഴുതിയ
പ്രേമ ലേഖനങ്ങള്‍ ഞാനയാള്‍ക്ക് ഉപഹാരമായി നല്‍കും..
നിന്റെ കയ്യക്ഷരങ്ങള്‍ പോലെ തോന്നിയേക്കാം അത് .

പറഞ്ഞ പോലെ ,കൃത്യസമയത്ത് പട്ടാമ്പി റോഡിലൂടെ
നമുക്ക് പോകാനുള്ള വാഹനം
വേഗത്തില്‍ പാഞ്ഞുവന്നു കോടതിപ്പടിയില്‍ നില്‍ക്കും .
അപ്പോള്‍ സഹയാത്രികര്‍ മുത്തപ്പന്‍ ബാറില്‍ നിന്നും
കുടിച്ചു പൂസായി സബ്രീന ഹോട്ടലിന്‍റെ കാര്പോച്ചില്‍
കൂട്ടം കൂടി നില്‍ക്കുന്ന്ടാവും .

മഞ്ചേരിയില്‍ നിന്നും മങ്കട വഴി വരുന്ന ഏതങ്കിലും
ബസ്സിലായിരിക്കുമല്ലോ നീ വന്നിറങ്ങുക ..
അതീവ കുലീനയായി കാണപ്പെട്ടെക്കും നിന്നെയപ്പോള്‍ .
അപ്പോഴും നിന്റെ വാനിറ്റി ബാഗില്‍,
ഞാന്‍ നിനക്ക് സമ്മാനിച്ച വയലറ്റ്‌ നിറമുള്ള
അടിവസ്ത്രം കുണുങ്ങി ചിരിക്കുന്നുടാവും 

രതിമൂര്ച്ചയുടെ വേളയില്‍
നീ പുറപ്പെടുവിക്കാരുണ്ടായിരുന്ന
സീല്കാരങ്ങള്‍ മാത്രമായിരിക്കും
ഒടുവിലെ യാത്രയില്‍ നിന്റെ ഭാഷ .
ഒരു പാട്ടുകാരന്ന്‍റെ നെഞ്ചത്തടിച്ചു,
അട്ടഹസിച്ചു കരയുന്ന ശബ്ദമായിരിക്കും
ആ ദിവസം എന്റെ
മൊബൈല്‍ ഫോണിലെ റിംഗ് ട്യൂണ്‍.

തകര്‍ന്നടിഞ്ഞു പോയ പൈതൃകത്തിന്റെ
അവസാന അടയാളമായ ,
പുരാതനമായൊരു ഘടിഘാരത്തില്‍ നിന്നും
അവസാനത്തെ ടിക്ക്‌ ശബ്ദം കേള്‍ക്കുന്നതോടെ
പെരിന്തല്‍മണ്ണ നഗരം ഭയാനകമായ
വിജനതയിലേക്ക് കൂപ്പ്‌കുത്തും .

ഞാനും നീയും സഹയാത്രികരും മാത്രം ബാക്കിയാവുന്ന
ആ സമയത്ത് ബസ്‌ ഡ്രൈവര്‍ ഉറക്കെ ഹോണ്‍
അടിച്ചു ശല്യപ്പെടുത്താനിടയുണ്ട് ..
അയാളുടെ കണ്ണുകള്‍ നിന്റെ കണ്ണുകളുമായി ഉടക്കുന്നത്
കണ്ടില്ലന്ന മട്ടില്‍ ഞാനിരിക്കും .

ശരവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന
നമ്മുടെ വാഹനത്തില്‍ നിന്ന് ,
യാത്രയുടെ ക്ലൈമാക്സിലേക്ക് കരുതിവെച്ച
ചതിക്കപ്പെട്ടവരുടെ ഗദ്ഗദങ്ങള്‍ ഉച്ചസ്ഥായിയിലാവും
ആരോക്കയോ ചേര്‍ന്ന് ചതിച്ചു കൊലപ്പെടുത്തിയ
കവിതകളുടെ വിലാപമാണതന്നു
നമുക്കൊരുമിച്ചു വെളിപാട് ഉണ്ടാവും

കുറെ പുഴകളും കുന്നുകളും പിന്നിടുമ്പോള്‍
നമ്മുടെ വാഹനമൊരു കോടതിമുറിയായി
മാറി കൊണ്ടിരിക്കും
അപ്പോഴേക്കും
സഹയാത്രികരുടെ കണ്ണുകളിലെ മഞ്ഞളിപ്പ്
പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടുണ്ടാവും .

പാതിവഴിയില്‍
കീറി എറിയപ്പെട്ട കവിതകളെ കുറിച്ച് ,
സത്യവാങ്ങ് മൂലം സമര്‍പ്പിച്ചതിനു ശേഷമാണു
കോടതി നടപടികള്‍ ആരംഭിക്കുക .

അപ്പോള്‍ ,
നീയും ഞാനും എന്റെ കവിതകളും
മാഞ്ഞുപോകാത്ത ഗതകാല സ്മൃതികളുടെ
തടവറകളില്‍ ശ്വോസം കിട്ടാതെ മരിച്ചുവെന്നു
വിളംബരം ചെയ്യപ്പെടുകയായിരിക്കും നാട്ടിലാകെ ..

ഒരു ലഘു വിവരണത്തില്‍
ഇതില്‍ കൂടുതല്‍ സൗജന്യം പ്രതീക്ഷിക്കരുതു .
എന്ന്
സ്വന്തം ഞാന്‍ ...ഒപ്പ്

ഉന്മാദം

ഉന്മാദം 

കവിത ചുട്ടു പഴുക്കുന്ന 
കറുത്ത വാവുകളിലാണ്,
ഉള്ളിലെവിടെയോ 
ശാന്തമായിക്കിടക്കുന്ന 
ചുവന്ന കടലുകള്‍ 
തിളച്ചു മറിയുയാനരംഭിക്കുന്നത് .
അപ്പോള്‍ കിനാവുകള്‍ക്ക് 
മെറൂണ്‍ നിറമായിരിക്കും 

ഉടലുകളുടെ മര്‍മ്മരങ്ങളും,
സീല്‍ക്കാരങ്ങളും
നെഞ്ചിനുള്ളില്‍ നിന്നും
ഇരമ്പി തുടങ്ങുമ്പോള്‍
ആയിരം ചിറകുകള്‍ മുളച്ചു
കുതറിക്കിതച്ച ഉന്മാദങ്ങള്‍
അതിവേഗം പറന്നു തുടങ്ങും
.
അപഥ സഞ്ചാരികളായ
കിനാവുകളുടെ
കാല്‍പെരുമാറ്റം മണത്തറിയുന്ന
കാവല്‍ നായ്ക്കളുടെ
ഭീതീതമായ കുരകളെ
വകവെക്കാതെ ,
രതിയുടെ ശീതോഷ്ണ മേഖലയിലാണതു
പറന്നിറങ്ങുന്നത്..
അന്നേരം കിനാവിന്
വയലറ്റ്‌ നിറമായിരിക്കും .

റോസാ പൂക്കളുടെ നിറമുള്ള
പാതിരാ പക്ഷികള്‍
കളകളാരവം പൊഴിക്കുന്ന
കാട്ടരുവിയില്‍ ,
ഋതുക്കളെ ചവച്ചു തുപ്പുന്ന
നഗ്നയായ യക്ഷിയെ
കണ്ടു മുട്ടും .

ആസക്തിയുടെ കുറുനരികള്‍
ഓരിയിടുന്ന യാമങ്ങളില്‍ ,
സുന്ദരിയായ യക്ഷിയെ
ഗാഡമായി പുണരുമ്പോള്‍
ചുംബനങ്ങള്‍ക്ക്
കാട്ടുതേനിന്റെ രുചിയായിരിക്കും .
അപ്പോഴേക്കും
കിനാവിലേക്
ഏഴു നിറങ്ങള്‍ പടര്‍ന്നു
തുടങ്ങിയിരിക്കും .

പേരറിയാത്ത
ഏതോ ധ്രുവത്തിന്റെ
ഹിമശൈലങ്ങളില്‍
ഒരായിരം അഗ്നിസ്ഫുലിംഗങ്ങള്‍
ഒരുമിച്ചു സംഭവിക്കുന്നതോടെ,
ചിതറിയ ഹിമപാളികള്‍ക്ക്
കെട്ടടങ്ങിയ ആസക്തിയുടെ
മണമായിരിക്കും .
കിനാവിന്റെ ആലസ്യങ്ങളില്‍
ചാര നിറം പടരുന്നതോടെ
കവിത പതിയെ
ആറി തണുത്തിരിക്കും ..!

Wednesday, May 28, 2014

അബുട്ടിയുടെ സംശയങ്ങള്‍ ..



കോഴിയെ അറുത്ത 
മൊല്ലാക്കാന്റെ മൂത്തമോള്‍ 
സുന്ദരിയായിരിക്കുമോ 
ഉള്ളിയും തക്കാളിയും 
കൊണ്ട് വന്ന സഞ്ചിയുടെ
നിറം മഞ്ഞയായിരുന്നോ
വിറകുവെട്ടിയ ബീരാന്റെ
വീട് ചോര്ന്നോലിക്കുമോ
എന്നൊക്കെയെന്തിനാണ്
വെറുതെ ആലോചിച്ചു
കൂട്ടുന്നത്‌ ..?
പക്ഷെ അബുട്ടി അങ്ങിനെയാണ്
അപ്രസക്തമായ ഇത്തരം
സന്ദേഹങ്ങളാണു അബുട്ടിയെ
വേറിട്ട്‌ നിര്‍ത്തുന്നത് ..

ഓസിനു കിട്ടുന്നത്
വയറു നിറയെ തിന്നു
മൂടും തട്ടി പോയാല്‍ മതി ..
നാട്ടുനടപ്പും അങ്ങിനെയാണ്
പക്ഷെ അബുട്ടിക്കു
അതൊരിക്കലും സാധിക്കില്ല .
എല്ലാം വിസ്തരിച്ചു ചോദിച്ചറിയണം
എന്നാലേ മൂപ്പര്‍ക്ക്
സമാധാനം കിട്ടൂ ..

അബുട്ടിയുടെ
ചിന്തക്ക് കാട് കയറിയാല്‍
മാത്രം പോരാ ..
കാട്ടിലെ
ചാഞ്ഞും ചെരിഞ്ഞും
നില്‍കുന്ന മരങ്ങളുടെ
എണ്ണവും വണ്ണവും കൂടി
തിട്ടപ്പെടുതിയാലെ
തിരികെ പോരൂ ..

പെണ്ണ് കാണാന്‍ വന്നപ്പോള്‍
നീയെന്താണ് അടിയിലിട്ടിരുന്നത്
എന്ന ചോദ്യത്തില്‍
നിന്നാണല്ലോ കേട്ട്യോള്‍
ആയിശാബിയുമായി
അവസാനത്തെ
അടിയുടെ ആരംഭം ഉണ്ടായത് .

പിണങ്ങിപോവുമ്പോള്‍
അവളുടെ അടിപ്പാവാടയുടെ
നിറത്തെ കുറിച്ചുള്ള സന്ദേഹം
മനസ്സില്‍ നിന്ന് പോകുന്നെയില്ല
അബുട്ടിക്കു .
ഓള്‍ടെ പിണക്കം മാറ്റുന്നതിനെ
കുറിച്ച് ഒരടവും മനസ്സില്‍
വരുന്നെയില്ലത്രേ ..

അടിപ്പാവടയുടെ നിറമെന്തായലെന്താണ് ?
ങ്ങക്ക് ഓളെ കൂട്ടികൊണ്ട്
വരുന്നതിനെ കുറിച്ച്
ഒന്നും ആലോചിക്കാനവുന്നില്ലേ ..

എനിക്ക് ഒരു സംശയം കൂടിയുണ്ട്
ആദ്യ രാത്രിയില്‍
ഓള്‍ക്ക്
രതിമൂര്‍ച്ച ഉണ്ടായിട്ടുണ്ടാവില്ലേ
അതോ ...
വെറുമൊരു ഇക്കിളിയില്‍
കലാശിച്ചിരിക്കുമോ ..
സംശയം കേട്ട്
അന്തംവിട്ട ചങ്ങാതിമാര്‍
മുഖത്തോട് മുഖം നോക്കി
പിന്നെ
രണ്ടു കുട്ടികള്‍ ഉണ്ടായിട്ടു
ഇപ്പോഴാണോ ആദ്യരാത്രിയിലെ
സുഖങ്ങളുടെ റേഷന്‍ കാര്‍ഡ്‌
പരിശോധിക്കുന്നത് ?
ങ്ങക്ക്തു എന്തിന്റെ കേടാണ് ?
എന്ന് മൂപരോട് ചോദിച്ചു

അപ്രസക്തവും ബാലിശവുമായ
സംശയങ്ങളുടെ വൈക്കോല്‍
കൂനയാണ് അബുട്ടിക്ക .
ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ
മയ്യിത്ത്‌ കാട്ടിലാണ് മൂപ്പരെന്നു
വെറുതയല്ല ആളുകള്‍ പറയുന്നത്
മോന്തക്ക് നല്ല അടി കിട്ടഞ്ഞിട്ടാണ്
എന്നും കുശുകുശുക്കും
ചിലര്‍ ..

ഒടുവില്‍
പെണ്ണെ ,
മൂപ്പര് സാധുവാണ് ..
നല്ല കേയരിംഗ് ഉള്ളത് കൊണ്ടാണ്
ഇങ്ങിനെയൊക്കെ ചോദിക്കുന്നത്..
നീയതു കാര്യമാക്കണ്ട ..
രണ്ടു കുട്ടികളായില്ലേ ..
എന്നൊക്കെ
മധ്യസ്ഥര്‍ പറഞ്ഞു നോക്കി ...
പക്ഷെ കേട്ട്യോള്‍ ആയിശാബി
വരാന്‍ കൂട്ടാക്കിയില്ലന്നു
മാത്രമല്ല
കെയരിംഗ് ത്ഫൂ ..
ഒരൊറ്റ ആട്ടാണ് ..
മൂപ്പരെ ബാപ്പാന്റെ തലയാണ്..
എന്നും പറഞ്ഞു മോന്ത കനപ്പിച്ചു
അകത്തേക്ക്
ഒറ്റപ്പോക്കാണു .

പുറത്തു പറയാന്‍ കൊള്ളാത്ത
അനേകായിരം സംശയങ്ങള്‍
ചോദിച്ചു ഇടങ്ങേര്‍ ആക്കിയത്
കൊണ്ടാണ് ആയിശാബി
നിലപാട് കടുപ്പിച്ചതന്നു
വിളിക്കാന്‍ വേണ്ടി കൂടെ പോയവര്‍ക്ക്
അറിയാം

തിരികെ പോരുമ്പോള്‍
എന്നാലും
അവള്‍ക്കു ആദ്യ രാത്രിയില്‍
ഇക്കിളിയെന്കിലും തോന്നാതിരിക്കുമോ
എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു
അബുട്ടിക്ക ..
അതാണ്‌ അബുട്ടിക്ക ....

ചിലപ്പോള്‍



ചിലപ്പോഴൊക്കെ 
ഷവറില്‍ നിന്ന്
ഓര്‍മ്മകള്‍ പെയ്തു 
ഇരുട്ട് നനയ്ക്കും 
തലയില്‍ ..
കുളിമുറിയാകെ 
കൂരിരുള്‍ നിറഞ്ഞാല്‍ 
ചോരയുടെ രൂക്ഷ ഗന്ധം 
തളംകെട്ടി നില്‍ക്കുമവിടെ

ചുവരില്‍
നിന്ന് ആരോക്കയോ
ഇറങ്ങി വന്നു
ഇരുമ്പ് പൈപ്പ് കൊണ്ട്
മൂര്‍ദ്ദാവില്‍ ആഞ്ഞു
പ്രഹരിക്കുമ്പോള്‍
ശബ്ദമില്ലാതെ
നിലവിളിക്കും

പുറകില്‍
നിന്ന് ആരോ
ആറിഞ്ച്
നീളമുള്ള കത്തി
വാരിയെല്ലിനിടയിലൂടെ
കുത്തിയിറക്കുമ്പോഴേക്കും
തറയില്‍
പൂഴിമണ്ണ് നിറഞ്ഞിരിക്കും .

ടും ടും ..
ഇക്കാ ഓഫീസില്‍
പോണ്ടേ ..
ഖാലിദ്‌ വിളിക്കുന്നു ..
ങേ ..ഹാ ...
എന്നുത്തരം നല്‍കും

അപ്പോഴേക്കും
ഇരുട്ടും ചോരയും
ഷവറിലേക്ക്
തിരികെ പോയി
ഒളിചിട്ടുണ്ടാവും
ഞൊടിയിട കൊണ്ട്
പൂഴി മണ്ണ്
അപ്രത്യക്ഷമാകുകയും
ചുവരില്‍ നിന്നിറങ്ങി
വന്ന അരൂപികള്‍
തിരികെ പ്രവേശിക്കുകയും
ചെയ്തിരിക്കും ..

കയ്യില്‍
സോപ്പും പിടിച്ചു
ഷവറിനു താഴെ ..
നിശ്ചലമായി കുറച്ചു
നേരം കൂടി നില്‍ക്കും

ധൃതിയില്‍
ഓഫീസിലേക്ക് പോകുമ്പോള്‍
വീട്ടാന്‍ കഴിയാതെ
പോയ കടങ്ങളുടെ
പെരുക്കപട്ടികയില്‍
മാല്ബോരോ
സിഗരട്ട് കത്തിച്ചു
അടയാളം വെക്കും .

ഇടംകോലുകള്‍



സംസാരിച്ചു 
നില്‍ക്കുന്നതിനിടയിലാരിക്കും ,
ചിലപ്പോള്‍
വണ്ടി ഓടിക്കുന്നതിനിടയിലായിരിക്കും 
അല്ലങ്കില്‍
വായിക്കുന്നതിന്ടയിലാവം
അതുമല്ലങ്കില്‍
കമ്പനിയുടെ വാരാന്ത മീറ്റിങ്ങിനിടയില്‍
വെച്ചായിരിക്കും ചിന്തകള്‍
കുതറിയോടി
വായില്‍ മൗനം
നിറഞ്ഞു നാണക്കേടിലാവുന്നത്..

പറഞ്ഞു വരുന്ന
കാര്യങ്ങളില്‍ നിന്ന് ,ചെയ്തു പോരുന്ന
കര്‍മ്മങ്ങളില്‍ നിന്ന്
ഏതോ
വറ്റിവരണ്ട ആഴക്കിണറിനടിയിലേക്ക്
ആരാണ് എന്നെ വലിച്ചു
കൊണ്ട് പോവുന്നത് ?

മറ്റു ചിലപ്പോള്‍
ഇക്കാ ...
എന്ന് രതീഷ്
ഉപ്പാ എന്ന് മകന്‍
മൂതാപ്പാ എന്ന് മുഫി മോള്‍
അല്ലങ്കില്‍ ഒരു മിസ്സ്‌ കാള്‍
കേട്ടതായി തോന്നും
അവരുമായി
സൊറപറഞ്ഞു വരുമ്പോഴേക്കും
മീറ്റിംഗ് ഹാളില്‍ കൂട്ടച്ചിരി ..

ഞാനെവിടെയാണ്
നിര്‍ത്തിയത് ?
എന്താണ് പറഞ്ഞു വന്നത് ?
എന്താണ് ചെയ്തു കൊണ്ടിരിന്നതെന്ന്
ഓര്‍ത്തെടുക്കാനാവാതെ
കുറച്ചു നിമിഷങ്ങള്‍ ..

ഇങ്ങോട്ടാരും
വിളിക്കുന്ന പതിവില്ലങ്കിലും ,
ഇവരൊക്കെയെന്നെ
എപ്പോഴുമെപ്പോഴും
വിളിക്കുനതായി
തോന്നുന്നതെന്നു
ആലോചിക്കുന്നതിനിടയിലേക്കതാ
ഒരാണ്‍ കുട്ടിയുടെ
നിലവിളി കയറി വീണ്ടും
ഇടംകോലിടുന്നു .

മ്യുച്ചാല്‍ ഫണ്ട്



നാട്ടിലെത്തിയാല്‍
പറ്റെന്നു കാലത്ത് തന്നെ 
ഇന്‍ഷുറന്‍സ്‌ ,മ്യുച്ചാല്‍ ഫണ്ട് 
പോസ്റ്റ്‌ ഓഫീസിലെ ഏതോ ഫണ്ട് 
ഈ മാതിരി സംഗതികളുടെ 
പ്രലോഭനങ്ങളുമായി വരുന്ന 
മനുഷ്യത്വമില്ലാത്ത ജീവികളെ 
പിണക്കാതെ കൈകാര്യം ചെയ്തു 
വിടാന്‍ അസാധാരണമായ ക്ഷമയും
വാക്ചാതുരിയും ആവശ്യമുണ്ട് .

തോട്ടാനി അവറാന്റെ സുന്ദരിയായ
മരുമകള്‍ ഹസീനയുടെ
മ്യുച്ചല്‍ ഫണ്ടില്‍
കാശ് കളയാത്ത ആണോരുത്തനും
ഗള്‍ഫ്‌ വായ്‌നോക്കികളായി
നാട്ടിലില്ല

ഓള്‍ടെ നോട്ടവും ,കൊഞ്ചി കുഴഞ്ഞുള്ള
വാര്‍ത്താനോം കണ്ടാല്‍
കിട്ടും കിട്ടുമെന്ന് ആര്‍ക്കായാലും
തോന്നിപോകും ..
പക്ഷെ കിട്ടില്ല ...അതാണ്‌ ഹസീന ..
ഓളെ കിട്ടില്ലാന്ന്
മനസ്സിലാകുമ്പോഴേക്കും
ഓള്‍ടെ മ്യുച്ചലില്‍ ലക്ഷങ്ങളുടെ
ഒപ്പ് വെച്ചിരിക്കും നിങ്ങള്‍ .

ഇങ്ങിനെ ഇളിഭ്യരായ
ചിലര്‍ അപവാദങ്ങള്‍
പറഞ്ഞു,പറഞ്ഞു
ഹസീനന്റെ മ്യുച്ചല്‍ വിശേഷങ്ങള്‍
തദ്ദേശ വാസികളായ
പ്രവാസികള്‍ക്കിടയില്‍
കുപ്രസിദ്ധമാണ് .
ഒരു തട്ടിപ്പ് കാരി ഇമേജ്
ഹസീനയ്ക്ക് വന്നു ചേര്‍ന്നിട്ടുണ്ട്
അവര്‍ക്കിടയില്‍ ..

ഇത് മനസ്സിലാക്കി തന്നെയാണ്
ഓള്‍ടെ പഞ്ചാര
മ്യുച്ചല്‍ ഫണ്ടിനെ
നേരിടാന്‍ ഞാനും തീരുമാനിച്ചത് .

ഓള് വരുന്നു ..ചിരിക്കുന്നു
അവളുടെ കയ്യിലെ ഡയറിയും
പോഷാറുകളും സിറ്റൌട്ടിലെ
തിണ്ടില്‍ വെക്കുന്നു ..
കസേരയില്‍ പത്രവുമായി
ഇരിക്കുന്ന എനിക്കഭിമുഖമായി
അകത്തേക്ക് കയറാതെ
മുറ്റത്ത്‌ നിലയുറപ്പിച്ചു മ്യുച്ചല്‍ ഫണ്ടിന്റെ
വിശാലമായ സാമ്പത്തീക സാധ്യതകള്‍
എണ്ണിയെണ്ണി പറയാന്‍ ആരംഭിക്കുന്നു ..

അനുജന്‍ ഡ്യുട്ടിക്ക് പോകുന്നു
മക്കള്‍ സ്കൂളിലേക്കും ..
അത് വരെയും ഹസീനാന്റെ
എക്ണോമിക്സ് ക്ലാസ്
ക്ഷമയോടെ കേട്ടിരുന്നു

ചുറ്റിലും ആരുമില്ലന്നു
ഉറപ്പായപ്പോള്‍ ..
പെണ്ണെ ...എനിക്കിതൊന്നും
കേള്‍ക്കേണ്ട ...ഞാനിതില്‍
ചേര്‍ന്നാല്‍ നിനക്കെന്തു കിട്ടും ..?
അവള്‍ നിശബ്ദയാവുന്നു ..
അതിന്റെ രണ്ടിരട്ടി ഞാന്‍ തരാം ..
പകരം ....

ഇക്കാ ...
ങ്ങളെ കുറിച്ച് ഇങ്ങിനെല്ലട്ടോ
കരുതീത് ..
അരവയറാണ് ..
പക്ഷെ ഹസീന പെഴല്ലട്ടോ ...
പിന്നെ മൗനം..

മൗനനിമിഷങ്ങളില്‍
ഒന്നും പറയാതെ തന്നെ
കുറെയേറെ ബോധ്യങ്ങളില്‍
ഞാന്‍ കടുകിനോളം
ചെറുതാവുന്നു ..

നെറുകില്‍ ആരോ
ചുറ്റിക കൊണ്ട് അടിച്ചത് പോലെ .
നാണക്കേടിന്റെ പുളയല്‍..
നിന്ന നില്പില്‍ ഭൂമിക്കടിയിലേക്ക്
താഴ്ന്നു പോയിരുന്നെങ്കില്‍ ..

വാക്കുകള്‍ക്ക് കൊഞ്ഞ
വീണിരിക്കുന്നു ..
ഹസീന ...
സോറി ..റിയലി സോറി ..
ഞാന്‍ ...
ആ പേപ്പര്‍ തരൂ ..
എവിടെയാണ് ഒപ്പിടേണ്ടത് .

ഗൈറ്റ് വരെ അവളെ അനുഗമിച്ചു
ഒരിക്കല്‍ കൂടി പറഞ്ഞു ..
ഞാന്‍ ..
അരുത് ഇക്കാ ..നിക്ക് ഇത് പതിവാ ..
പക്ഷെങ്കി ..ഒലാരും
ന്റെ അവസ്ഥ കേട്ടപ്പോള്‍
സോറി പറഞ്ഞിട്ടില്ല
ങ്ങളെ പോലെ കണ്ണ് നനയിച്ചിട്ടുല്ല .
ഞാന്‍ പോവാ ..
മോനുനോട് മേടിച്ചോളം
അടവോക്കെ ...

നടന്നകലുന്ന ഹസീന
ഒരിക്കല്‍ കൂടി തിരിഞ്ഞു നിന്ന്
സാരല്ലാന്നെ ..
ഇത്രെയേ ഉള്ളൂ അല്ലെ ..!!

പട്ടിയെ ആടാക്കുമ്പോള്‍



ഓര്‍ക്കാപ്പുറത്ത് 
തറവാടിന്റെ യശസ്സിനേറ്റ
ഒരടിയായിരുന്നു 
കോമുഹാജിയുടെ മരണം.

കല്ലുങ്ങല്‍ സരളയുടെ 
വീട്ടു മുറ്റത്ത്‌ 
വാഴവെട്ടിയിട്ട പോലെ
മലര്‍ന്നടിച്ചു വീണാണ്
പഹയന്‍ മയ്യത്തായത്

മക്കളുടെ നിലക്കും
വിലക്കും
അനുസരിച്ചൊരു
"അന്തരിക്കല്‍ "സമ്മാനിച്ചു
തറവാടിന്റെ അന്തസ്സ്
കാത്തു വിടവാങ്ങാന്‍
കോമുഹാജിക്ക്
യോഗമുണ്ടായില്ല.

ആരെയും അറിയിക്കാതെ
കുഴിച്ചിടാന്‍
ആരെങ്കിലും തല്ലിക്കൊന്ന
പാമ്പോ
ദീനംവന്നു ചത്ത നായയോ
അല്ലല്ലോ ..
ഒത്ത മന്സനല്ലേ .

ആ ഒരുമ്പട്ടോളുടെ
വീട്ടില്‍
ഇയാളെന്തിനു പോയീന്നാണ്
ബന്ധുക്കളോടും നാട്ടുകാരോടും
പറയുക .
വല്ലാത്തൊരു അവസ്ഥയിലായി
കുടുംബംങ്ങള്‍
എങ്ങിനെ മൂടിവെക്കുമീ
നാണക്കേട് ?

മക്കള്‍ അന്തംവിട്ടിരിക്കുന്നു
കോമുഹാജി വെള്ളപുതച്ചു
താനീ നാട്ടുകാരനെ അല്ലന്ന മട്ടില്‍
മരിച്ചു കിടക്കുന്നു .
നേരം പുലര്‍ന്നാല്‍ ..ശോ ..
ഓര്‍ക്കാന്‍ വയ്യ
വല്ലാത്തൊരു ഗതികേട് ..

നടുതൊടി രാമന്‍ നായരാണ്
ബുദ്ധി പറഞ്ഞത് ..
കൊമൂന്റെ കൂടെ ഞാനും
ബാവയ്ക്കയും മോയെതീന്‍ഹാജിയും
പിന്നെ ഏതാനും പ്രമാണിമാരും
ഉണ്ടായിരുന്നു എന്നങ്ങട്
പറയുക ...
പക്ഷെ ഒലോടൊക്കെ
ആദ്യം ഒരുധാരണയില്‍ എത്തണം
ന്നാ വേഗാവട്ടെ ..
സരള മറിച്ചു പറീല .
അത് ഞാന്‍ ഏറ്റു..

പക്ഷെ എല്ലാരും കൂടി
എന്തിനു പോയീന്നാണ്
പറയുക ?
ഓള്‍ടെ അഴിഞ്ഞാട്ടം നിര്‍ത്തിക്കാന്‍
അല്ലാതെ എന്തിനു ..

രാമന്‍ നായരെ മറക്കൂല ..
ങ്ങള് ഞങ്ങടെ തറവാടിന്റെ മാനം കാത്തു ..

അങ്ങിനെ കോമുഹാജി
സദാചാര മൂല്യങ്ങള്‍ക്ക് വേണ്ടി
ജീവന്‍ ബലിയര്‍പ്പിച്ച
മഹാനായി വാഴ്ത്തപ്പെട്ടു .

സുലൈഖ

സുലൈഖ

വെറ്റിലക്കാരന്‍ 
മൊയ്തുക്കയുടെ 
മൂത്ത മോള് സുലൈഖാന്റെ 
കവിളിലൊരു ഉമ്മ ൊകൊടുക്കാന്‍ 
ഓള് വസൂലാക്കിയത്,
വല്യക്കാക്ക
ദുബായിന്നു കൊണ്ട് വന്ന
പൊന്നിന്റെ നിറമുള്ള
ഹീറോ പേനയയാണ്
.
ചുട്ടപുളിങ്കുരു തിന്നതിന്റെ
ചവര്‍പ്പ് കാര്യമാക്കാതെ
തേന്‍ ഒലിക്കുന്ന ചുവന്ന
ചുണ്ടുകളില്‍ ,
ഇടവഴികളിലെ മൂലകളില്‍ വെച്ച്
നല്‍കുന്ന അപൂര്‍ണ്ണ ചുംബനങ്ങള്‍ക്ക്
പകരമായി
സുലൈഖ എന്തങ്കിലും
ആവ്ശ്യപ്പെട്ടുകൊണ്ടിരിക്കും

സുലൈഖാന്റെ കവിളിലെ
ഉമ്മകള്‍ക്ക് പ്രതിഫലമായി ,
കടല മിഠായി
മുതല്‍ തേങ്ങാ പിണ്ണാക്കും
നെല്ലിക്കയും,കണ്ണി മാങ്ങയും
വരെ കണക്ക് പറഞ്ഞു
മേടിച്ചിട്ടുണ്ട് ഓള് .

ഫ്രീ ആയി ഒരുമ്മ പോലും
നല്‍കാന്‍ അനുവദിക്കാത്ത
സുലൈഖയുടെ കരിങ്കല്ല്
പോലുള്ള മനസിനെ
ഉള്ളു കൊണ്ട് പ്രകിയിരുന്നു .
ഒമ്പതാം ക്ലാസ്‌കാരനായ
തെറിച്ച ചെക്കന്‍

ഖത്തര്‍ കാരന്‍ അബ്ദുവുമായി
സുലൈഖാടെ
കാനോത്ത് ഉറപ്പിച്ചപ്പോള്‍
ഉള്ളിലൊരു പടക്കശാല
കത്തി ചാമ്പലായത്
മറക്കാനെ ആവില്ല .

കല്യാണത്തിന്റെ
മൂന്നു നാള് മുന്‍പ്
ഇടവഴിയില്‍ വെച്ച്
കണ്ടപ്പോള്‍ സൈതുക്കയുടെ
മതിലിനു പുറകിലേക്ക്
വിളിച്ചു കൊണ്ട് പോയി
ആദ്യമായി പ്രതിഫലം കൂടാതെ
കവിളില്‍ ഉമ്മ തന്നു
തിരികെ പോകുമ്പോള്‍
ഓള്‍ടെ ചുണ്ട് ഉളുക്കിയതും
എങ്ങിയെങ്ങി കരഞ്ഞതും
എന്തിനാണന്നു
മനസ്സിലയാതെയില്ല ..

സല്കാരത്തിന്റെ
അന്ന് ചൂരുള്ള സോപ്പ്
സമ്മാനമായി തന്നു
തിരികെ പോകുമ്പോള്‍
ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയതും
വിങ്ങി വിങ്ങി കരഞ്ഞതും
എന്തിനാണന്നു മനസ്സിലയാതെയില്ല....

സോമാനാംബുലിസം

കറുത്ത കാവല്‍ നായ്ക്കളുടെ
ആര്‍ഭാടങ്ങളില്‍ കഴിയുന്ന
നിന്റെ
ശീതോഷ്ണ മേഘലകളില്‍
ഉമ്മകള്‍ വിരിയിക്കാന്‍ 
പാട്ടത്തിനെടുത്തു
നിവൃത്തികേടിലായതിനെ
കുറിച്ച് ,
ഉന്മാദങ്ങള്‍ ചുട്ടു പഴുക്കുന്ന
വേനല്‍ രാത്രികളില്‍ ,
അപഥ സഞ്ചാരികളായ
കിനാവുകളുടെ
കാല്‍പെരുമാറ്റം കാത്തിരിക്കുന്ന
തുടല് പൊട്ടിച്ച കുരകളെ
കുറിച്ചും
ഉടലുകള്‍ പൂക്കുന്ന
വാവുകളിലും
ഉരുണ്ടു മുഴച്ച മാറിനു
കാവലെന്തിനെന്നു
അതിശയിക്കുംബോഴായിരിക്കും
നാഭിയില്‍ നിന്നൊരു
മുരള്ച്ച
പമ്മിപമ്മി വരുന്നത്
ഭീതിജനകമായ കുരകളില്‍
കാട്ടരുവികളിലെ
അരയന്നങ്ങളുടെ കളകളാരവം
നിലക്കുകകയും ,
ആളിപ്പടരാന്‍ മറന്നു പോയ കാട്ടു തീ
അണയുകയും
ചെയ്യുന്നതോടെ
ന്യൂട്രലില്‍
ഉണര്‍വിന്റെ വേലിമുള്ളിലേക്ക്
പെടുന്നനെയൊരു വീഴ്ചയാണ് .
പേ കിനാവുകളുടെ
അഗ്രങ്ങളില്‍
നനവ്‌ പൂക്കുന്നതിനു മുന്പ്,
വാ പിളര്‍ത്തി നില്‍ക്കുന്ന
കുരകളാല്‍ ചുറ്റപെട്ട്
എന്റെയും നിന്റെയും
നിശ്വോസങ്ങള്‍
അപരിചിതരെ പോലെ ...

ദൈവം

ആരാ ..?
ഞാനാ ..
ഞാനാന്നു വെച്ചാല്‍ ..?
ദൈവം ..
ദൈവമോ ? ഏതു ദൈവം ?
അതെ..പ്രാര്‍ഥനകള്‍ മറന്നു പോയവരുടെ ദൈവം 
ഓഹോ ..ആള്‍ ദൈവം ചിന്താമഗ്നനായി ..
വിസിറ്റിംഗ് കാര്‍ഡ്‌ ,ബയോഡാറ്റ അങ്ങിനെ വല്ലതും ഉണ്ടോ ?
ഉണ്ടങ്കില്‍ ?
എന്റെ പോസ്റ്റര്‍ ഒട്ടിക്കാനും ഫ്ലെക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഒരാളെ കൂടി വേണമായിരുന്നു ..അങ്ങ് യമലോകത്ത്.
ദൈവം കുപിതനാവുന്നു ...അത്രയ്ക്ക് തരം താണിട്ടില്ല..
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലന്നു അറിയില്ലേ
അതൊക്കെ വെറും പറച്ചിലാണ് ..
വേണമെങ്കില്‍ കോഴിക്കൂട്ടിലും കെട്ടാം ..
മുഖ്യ പരികര്‍മ്മിയായിട്ടെന്കിലും നിയമിചൂടെ ..?
അതൊന്നും നടക്കുന്ന കാര്യമല്ല ..
ദൈവം നിരാശയോടെ തിരിഞ്ഞു നടക്കുന്നു

ദൈവം നഗ്നനായി തെരുവിലൂടെ അലയുന്നു
നന്ദി കെട്ട നായിന്റെ മക്കളെ എന്ന്
ഇടയ്ക്കിടെ അലറുന്നു ..!

കസ്റ്റമര്‍ കെയര്‍



ഹലോ ..
ആരാണ് ..ശശിയോ 
ഏതു ശശി ..?
പറയൂ ശശി ...

ഹെന്ത് ..?
ഡ്രൈവറെ അന്വേഷിച്ചു
ഊര് ചുറ്റുന്ന
കാറുകളെ കുറിച്ചോ ?

അല്ലെ ..?
പിന്നെ ..?
മാറി മാറി ഓടിക്കാന്‍
കാറുകളന്വേഷിക്കുന്ന
ഡ്രൈവര്‍മാരെ കുറിച്ചാണോ

അതുമല്ലെ ..
എങ്കില്‍ ശശി തന്നെ പറയൂ

മൈലേജ് തീരെ
കുറഞ്ഞു കുറഞ്ഞു വരുന്ന
പഴയ മോഡലുകളെ
കുറിച്ചോ ..?
അതോ
ഹോണ്‍ അടിക്കുമ്പോള്‍
കരയുന്ന പോലെയൊരു
ശബ്ദം വരുന്നതിനെ കുറിച്ചോ ?

തെളിച്ചു പറ..ശശി

റീസെയില്‍
സാധ്യതയില്ലാത്തതു കൊണ്ട്
അനന്തമായി സഹിക്കേണ്ടി വരുന്നതിനെ
കുറിച്ചല്ലേ ...സാരമില്ല

അതുമല്ലെ ..?

എങ്കില്‍ വേഗം പറഞ്ഞു തുലക്കൂ ശശി ..

ബ്രോക്കരുടെ
നുണകളില്‍ കുരുങ്ങി
ചതിക്കപ്പെട്ടതിനെ
കുറിചെങ്ങാനും ആയിരിക്കും

ശരി ,,ശരി ...സമ്മതിച്ചു
ന്നാല്‍ ശശി തന്നെ പറയൂ ..

കവിതയോ
ഏതു കവിത ?
എത്ര വായിച്ചിട്ടും
മനസ്സിലാകാകുന്നില്ലന്നോ

അതിനു... ?

വാസ്തവത്തില്‍
ശശി എന്താണ് പറയാന്‍
ശ്രമിക്കുന്നത് ?
കാറുകളെ കുറിച്ചോ
അതോ
പൂരങ്ങളെ കുറിച്ചോ...?

ഒന്നുമില്ലന്നോ ..

എങ്കില്‍ പിന്നെന്തിനാണ്
വിളിച്ചു ബുദ്ധിമുട്ടിക്കുന്നത് ..?

ഹെന്ത് ...
ആരോടെങ്കിലും
പറഞ്ഞുതുലച്ചാല്‍
ആശ്വോസം കിട്ടുമെന്നോ ..

ഓക്കേ എങ്കില്‍ പറഞ്ഞോളൂ ..

ശശീ ............
.......................!
ശശിക്ക് അമ്മേം പെങ്ങളുമില്ലേ
ഇങ്ങിനെയൊക്കെ പറയാവോ ?